csa

ജൊഹന്നാസ് ബർഗ്: വൻ സാമ്പത്തിക തിരിമറിയും കെടുകാര്യസ്ഥതയും ആരോപിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡായ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയെ സർക്കാർ പിരിച്ചുവിട്ടു. ദക്ഷിണാഫ്രിക്കയിലെ കായിക രംഗം കൈകാര്യം ചെയ്യുന്ന സ്പോർട്സ് കോൺഫെഡറേഷൻ ആൻഡ് ഒളിമ്പിക് കമ്മിറ്റിയാണ് (എസ്.എ.എസ്.സി.ഒ.സി) ക്രിക്കറ്റ് സൗത്താഫ്രിക്കയെ പിരിച്ചുവിട്ടത്. ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ നിയമ പ്രകാരം ഏതെങ്കിലും രാജ്യത്തെ ക്രിക്കറ്റ് ബോർഡിൽ ആ രാജ്യത്തെ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകരുതെന്ന് നിഷ്കർഷിക്കുന്നുണ്ട്. അതിനാൽ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ പങ്കാളിത്തം തന്നെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ ടീമിന് ഐ.സി.സിയുടെ വിലക്ക് വരാനും സാധ്യതയുണ്ട്. ക്രിക്കറ്ര് സൗത്താഫ്രിക്കയുടെ ആക്ടിംഗ് സി.ഇ.ഒ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരോട് പദവി ഒഴിയാൻ എസ്.എ.എസ്.സി.ഒ.സി ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഒരുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ എന്ന് സർക്കാർ അറിയിച്ചു. അതേസമയം ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ നിലപാട്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയിലെ മോശം ഭരണവും സാമ്പത്തിക ദുരുപയോഗത്തിനും എതിരെ മുൻ താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.