ഗുവാഹത്തി: ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ബന്ദികളാക്കിയ അഞ്ച് അരുണാചൽ സ്വദേശികളെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് വിവരം. കേന്ദ്ര കായിക സഹമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചെറുപ്പക്കാരെ ഇന്ത്യക്ക് കൈമാറുന്ന കാര്യം ഇന്ത്യൻ സേനയോടു ചൈനീസ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും, നാളെ(12 സെപ്തംബർ 2020) ഏത് സമയത്ത് വേണമെങ്കിലും ഒരു നിശ്ചിത സ്ഥലത്ത് വച്ച് കൈമാറ്റം നടക്കാമെന്നുംഅദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സേനയ്ക്ക് വേണ്ടി പോർട്ടർമാരായി പ്രവർത്തിച്ചിരുന്ന ടാഗിൻ ഗോത്രത്തിൽപ്പെട്ട അഞ്ച് യുവാക്കളെ ഈ മാസം രണ്ടാം തീയതിയാണ് കാണാതായത്. ടിബറ്റൻ സ്വയംഭരണ പ്രദേശത്തെയും അരുണാചൽ പ്രാദേശിനെയും തമ്മിൽ വേർതിരിക്കുന്ന മക്മോഹൻ ലൈനിന്റെ ഇന്ത്യൻ ഭാഗത്തുള്ള 'സെറ 7'നിൽ നിന്നുമാണ് ചെറുപ്പക്കാരെ കാണാതായിരുന്നത്.
പ്രദേശത്ത് മൃഗങ്ങളെ വേട്ടയാടാനെത്തിയ ചെറുപ്പക്കാർ മനഃപൂർവമല്ലാത്ത അതിർത്തി മുറിച്ച് കടക്കുകയായിരുന്നു. ഇവരെ കാണാതായതിനു ശേഷം ചെറുപ്പക്കാരിൽ ഒരാളുടെ സഹോദരൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഇക്കാര്യം പുറത്തറിയിച്ചിരുന്നു.ചൈനീസ് സേനയാണ് തന്റെ സഹോദരനെ തട്ടിക്കൊണ്ടു പോയതെന്നും ഇയാൾ പറഞ്ഞിരുന്നു.
അരുണാചൽ ഈസ്റ്റിലെ ബി.ജെ.പി എം.പി ടാപിർ ഗാവോവും പ്രദേശത്തെ കോൺഗ്രസ് എം.എൽ.എയും ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ശേഷം 'ഹോട്ട്ലൈൻ മെസേജ്' വഴി ചെറുപ്പക്കാർ തങ്ങളുടെ പക്കൽ ഉണ്ടെന്നും അവർ സുഖമായിരിക്കുന്നുവെന്നും ചൈന ഇന്ത്യൻ സേനയെ അറിയിച്ചിരുന്നു. എന്നിരുന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കാൻ ഇക്കാര്യം കാരണമാകുകയായിരുന്നു.