ന്യൂഡൽഹി: ഇന്ത്യൻ സേന ഏത് സാഹചര്യങ്ങളെയും നേരിടാൻ തയ്യാറെന്ന് സംയുക്തസേനാ മേധാവി ബിപിൻ റാവത്ത്. പാർലമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. ചെെനീസ് സെെനികരുടെ കടന്ന് കയറ്റത്തെ തുടർന്ന് അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്റ്റാൻഡിംഗ് കമ്മിറ്റി വിളിച്ചുച്ചേർത്തത്.
അതിർത്തി നിയന്ത്രണ രേഖയിൽ ചെെന നടത്തുന്ന ഏത് നീക്കവും നേരിടാൻ ഇന്ത്യൻ സേന തയ്യാറാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. സേന പൂർണ ജാഗ്രതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചെെനീസ് വിദേശകാര്യ മന്ത്രി വാങ് യിയും മോസ്കോയിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് സംയുക്തസേനാ മേധാവിയുടെ പ്രതികരണം.
അതേസമയം പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ആദ്യമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തു. ഇന്ത്യ-ചെെന അതിർത്തി വിഷയം കെെകാര്യം ചെയ്തതിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്ന് നേരത്തെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.