മുംബയ് : ഇന്ന് ജാമ്യാപേക്ഷ കോടതി തള്ളിയതോടെ നടി റിയ ചക്രവർത്തിയെ മുംബയ് ബൈക്കുള വനിതാ ജയിലിലെ സിംഗിൾ സെല്ലിലേക്ക് മാറ്റി. മുറിയിൽ സീലിംഗ് ഫാനോ കിടക്കയോ ഇല്ല. ഷീനാ ബോറാ വധക്കേസിൽ വിചാരണ തടവിൽ കഴിയുന്ന ഇന്ദ്രാണി മുഖർജിയാണ് റിയയുടെ സെല്ലിന്റെ തൊട്ടുടുത്തുള്ള സെല്ലിലുള്ളത്. സുരക്ഷാ കാരണങ്ങൾ മുൻ നിറുത്തിയാണ് റിയയെ സിംഗിൾ സെല്ലിലേക്ക് പാർപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയ്ക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സഹതടവുകാരിൽ നിന്നും ആക്രമണമുണ്ടാകാൻ സാദ്ധ്യതയുള്ളതായി ജയിൽ അധികൃതർക്ക് ആശങ്കയുണ്ടായിരുന്നു.
മൂന്ന് ഷിഫ്റ്റുകളിലായി രണ്ട് കോൺസ്‌റ്റബിൾമാർ റിയയ്ക്ക് കാവലുണ്ട്. റിയയ്ക്ക് കിടക്കാൻ പായ നൽകിയിട്ടുണ്ടെന്നും കിടക്കയോ തലയിണയോ നൽകിയിട്ടില്ലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫാൻ ഇല്ലെങ്കിലും കോടതി അനുവദിച്ചാൽ ടേബിൾ ഫാൻ ലഭ്യമാക്കാമെന്ന് ജയിൽ അധികൃതർ പറയുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ജയിലിലെ തടവുകാർക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാനായി പാലും മഞ്ഞളും നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. മുംബയിലെ ഏക വനിതാ ജയിലായ ബൈക്കുളയിൽ നേരത്തെ ഏതാനും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.