തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് സംഘം ചോദ്യം ചെയ്തതിനെ തുടർന്ന് മന്ത്രി കെ.ടി ജലീലിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ കെ.ടി ജലീലിന്‍റെ കോലം കത്തിച്ചു. ബാരിക്കേട് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതോടെയാണ് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശിയത്. ലാത്തിചാർജിനെ തുടർന്ന് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടും യുവമോർച്ച പ്രതിഷേധിക്കുകയാണ്. കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിൽ യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ജില്ലാ നിയോജക മണ്ഡലങ്ങളിലും ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജലീൽ മന്ത്രി സ്ഥാനം രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.