ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റി കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചു. ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാർജുൻ ഖാർഗെ, മോട്ടി ലാൽ വോറ എന്നിവരെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. അതേസമയം ഗുലാം നബി ആസാദും അംബികാ സോണിയും പ്രവര്‍ത്തക സമിതിയില്‍ തുടരും.
സമ്പൂർണ സംഘടന തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് 23 നേതാക്കള്‍ കത്തെഴുതിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെയാണ് പുനസംഘടന . പ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെല്ലാം രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിന്റെ ഭാഗമായിട്ടാണ് പുനഃസംഘടനയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
മുകുള്‍ വാസ്നിക്, ഹരീഷ് റാവത്ത്, ഉമ്മന്‍ചാണ്ടി, താരിഖ് അന്‍വര്‍, പ്രിയങ്ക ഗാന്ധി, സുര്‍ജെവാല, ജിതേന്ദ്ര സിങ്, കെ.സി.വേണുഗോപാല്‍ എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. താരിഖ് അന്‍വറിനാണ് കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും ചുമതല. ഉമ്മന്‍ചാണ്ടി ആന്ധ്രപ്രദേശിന്റെ ചുമതലയില്‍ തുടരും. കെ.സി.വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും തുടരും.
ഓഗസ്റ്റ് 24-ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനപ്രകാരം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിന് ആറംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. എ.കെ.ആന്റണിയാണ് ഇതിന്റെ അദ്ധ്യക്ഷൻ. അഹമമ്മദ് പട്ടേല്‍, അംബിക സോണി, കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്നിക്, രണ്‍ദീപ് സിംഗ് സുര്‍ജെവാല എന്നിവരാണ് ഈ കമ്മിറ്റിയിലുള്ളത്.
മധുസൂദനന്‍ മിസ്ത്രി ചെയര്‍മാനായ അഞ്ചംഗ എ.ഐ.സി.സി തിരഞ്ഞെടുപ്പ് അതോററ്റിയും രൂപീകരിച്ചു.