എറണാകുളം: ശമ്പളമില്ലാത്തതിനെ തുടർന്ന് കേന്ദ്ര ടെക്സ്ടൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള സ്പിന്നിംഗ് മില്ലുകളിലെ തൊഴിലാളികൾ പ്രതിസന്ധിയിൽ. കൊവിഡ് രോഗസാഹചര്യം മൂലമുള്ള ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ അഞ്ച് സ്പിന്നിംഗ് മില്ലുകളും തുറന്നിട്ടില്ല.
നേമം, തൃശൂർ, മാഹി, കണ്ണൂർ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന അഞ്ച് സ്പിന്നിംഗ് മില്ലുകൾ കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കാനായി ഒരുങ്ങുന്നുവെന്ന് ആരോപിച്ചുകൊണ്ട് മില്ലുകളിലെ തൊഴിലാളികൾ സമരം തുടരുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് മാർച്ചിലാണ് ഇവ അടച്ചത്.
എന്നാൽ ലോക്ക്ടൗണിൽ ഇളവുകൾ വന്നതിനെ തുടർന്ന് സംസ്ഥാനത്തെ മറ്റ് മില്ലുകൾ തുറന്നുവെങ്കിലും ഇവ മാത്രം ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ഇതോടെ നിരവധി കുടുംബങ്ങളുടെ വരുമാന മാർഗമാണ് തടസപ്പെട്ടിരിക്കുന്നത്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന മില്ലുകൾ തുറക്കാതിരിക്കുന്നതിന് വ്യക്തമായ കാരണങ്ങളൊന്നും കേന്ദ്ര സർക്കാർ പറയുന്നുമില്ല.
മില്ലുകൾ സ്വകാര്യ വത്കരിക്കാനും അവ അംബാനി ഗ്രൂപ്പിന് കൈമാറാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് ഐ.എൻ.ടി.യു.സി അടക്കമുള്ള തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്. ഈ അഞ്ച് മില്ലുകളിലായി ആയിരത്തി ഇരുന്നൂറ്റി എൺപത് സ്ഥിരം ജീവനക്കാരും ആയിരത്തി അഞ്ഞൂറോളം താത്ക്കാലിക ജീവനക്കാരും ജോലി ചെയുന്നുണ്ട്.
സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് ശമ്പളത്തിന്റെ 35 ശതമാനം മാത്രമാണ് ഇതുവരെ നൽകിയിരുന്നത്. അതേസമയം കരാർ ജീവനക്കാർക്കാകട്ടെ ഒരു രൂപ പോലും ശമ്പളമായി നൽകിയിട്ടുമില്ല. ഇതേ തുടർന്നാണ് തൊഴിലാളികൾ മില്ലുകൾക്ക് മുൻപിൽ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങിയത്.