ബീജിംഗ്: ഭീകരവാദത്തിന് പിന്തുണ നൽകുന്നതിന്റെ പേരിൽ ലോക രാജ്യങ്ങളിൽ നിന്നും രൂക്ഷവിമർശനം ഏറ്റുവാങ്ങുന്ന പാകിസ്ഥാന് പിന്തുണയുമായി ചെെന. തങ്ങളുടെ സഖ്യകക്ഷിയായ ചെെന ഭീകരവാദവിരുദ്ധ പോരാട്ടങ്ങൾക്കായി ഏറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും ചെെന അവകാശപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്റതാണ് അടിസ്ഥാന രഹിതമായ ഈ പ്രസ്താവന.
മുംബയ് , പത്താൻക്കോട്ട് ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ആളുകൾക്ക് എതിരെ പാകിസ്ഥാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിപറയുകയായിരുന്നു ചെെനീസ് വക്താവ്.
"ഭീകരവാദം എല്ലാ രാജ്യങ്ങളും നേരിടുന്ന ഒരു വെല്ലുവിളിയാണ്. ഭീകരവാദത്തിനെതിരെ പോരാടുന്നതിൽ പാകിസ്താൻ വളരെയധികം പരിശ്രമങ്ങളും ത്യാഗങ്ങളും നടത്തിയിട്ടുണ്ട്.അന്താരാഷ്ട്ര സമൂഹം അത് പൂർണ്ണമായും അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം." ഷാവോ ലിജിയാൻ പറഞ്ഞു.എല്ലാത്തരം ഭീകരതയേയും ചൈന എതിർക്കുന്നുവെന്നും ഷാവോ ലിജിയാൻ അവകാശപ്പെട്ടു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുവെന്ന് കാണിച്ച് വിവിധ രാജ്യങ്ങൾ പാകിസ്ഥാനെ കുറ്റപ്പെടുത്തുമ്പോഴാണ് ചെെനയുടെ ന്യായീകരണം.