കൊവിഡിനെ നിസാരമായി കാണെരുതെന്ന മുന്നറിയിപ്പുമായി ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ. ഇതിനാൽ ഏവരും മാസ്ക് ധരിക്കണമെന്ന് താരം അഭ്യർഥിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് അഭിഷേക് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വന്തം അനുഭവത്തിൽ നിന്നും പറയുന്നതാണെന്നും വൈറസിനെ നിസാരമായി കാണരുതെന്നും വീഡിയോയിൽ അഭിഷേക് പറയുന്നു. "പുറത്ത് പോകുമ്പോഴോ, മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴോ മാസ്ക് ധരിക്കുകയെന്നത് വളരെ പ്രധാനമാണ്. നിസാരമായി കാണരുത്, സുരക്ഷിതരായിരിക്കൂ". അഭിഷേക് പറയുന്നു.
ഇക്കഴിഞ്ഞ ജൂലായിലാണ് അഭിഷേക് ഉൾപ്പടെ ബച്ചൻ കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചനാണ് ആദ്യം കൊവിഡ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് അഭിഷേക്കിനും രോഗം ബാധിച്ചു. പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കും രോഗബാധയുണ്ടാകുന്നത്. മുംബയിലെ നാനാവതി ആശുപത്രിയിലാണ് നാല് പേരും ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഐശ്വര്യയും മകളും അമിതാഭ് ബച്ചനും രോഗമുക്തി നേടി ആശുപത്രി വിട്ടതിന് ശേഷമാണ് അഭിഷേകിന്റെ കൊവിഡ് ഫലം നെഗറ്റീവാകുന്നത്.