kt-jaleel

മലപ്പുറം: നയതന്ത്ര ചാനലിലൂട‌െയുള്ള സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്തേക്കും. മന്ത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം പ്രാഥമിക വിവരങ്ങൾ മാത്രമാണ് തേടിയതെന്നും, വിശദമായി കാര്യങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് വൃത്തങ്ങൾ പറയുന്നത്.

കേന്ദ്രാനുമതിയില്ലാതെ യു.എ.ഇയിൽ നിന്ന് വിദേശസഹായം സ്വീകരിച്ചതിന് ജലീലിനെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തേക്കും. നൂറ് ഭക്ഷ്യക്കിറ്റുകളുടെ വിലയായി അഞ്ചുലക്ഷം രൂപയുടെ ഇടപാട് യു.എ.ഇ കോൺസുൽ ജനറലുമായി ജലീൽ നടത്തിയത് ചട്ടവിരുദ്ധമാണ്. കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ച് കേന്ദ്രധനമന്ത്രാലയം പ്രാഥമികാന്വേഷണം നടത്തിയശേഷം ഇ.ഡിയോട് വിശദാന്വേഷണത്തിന് നിർദേശിച്ചു. ഇതേക്കുറിച്ച് വിശദമായ മൊഴി ഇ.ഡി രേഖപ്പെടുത്തിയിട്ടുണ്ട്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും തീരുമാനം. ഇന്നലെ സെക്രട്ടേറിയറ്റിലേക്കുള്ള മാർച്ചിന് നേരെ പൊലീസ് ലാത്തി വീശിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും. ജലീൽ മന്ത്രി സ്ഥാനം രാജിവയ്ക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.