udf-ldf

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സമൂഹ മാദ്ധ്യമങ്ങളിൽ കളം നിറഞ്ഞ് ഇടത്, വലതു മുന്നണികൾ. പ്രചാരണ മുദ്രാവാക്യങ്ങൾ തയ്യാറാക്കി ഇരുമുന്നണികളുടേയും സൈബർ പോരാളികൾ സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിച്ചു. പ്രൊഫൈൽ പിക് സൈസിലുള്ള കാർഡുകൾ ഇരുവിഭാഗത്തിന്റേയും അനുകൂലികൾ ഡിസ്‌പ്ലേ പിക് ആക്കിത്തുടങ്ങി. മുന്നണികളുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളാണോ ഇതെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

'ഭരണം മാറും, നല്ല കാലം വരും' എന്നാണ് യു.ഡി.എഫ് മുദ്രാവാക്യം. 'എൽ.ഡി.എഫ് തുടരും കേരളം വളരും' എന്നാണ് ഇടതുമുന്നണിയുടെ മുദ്രാവാക്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 'വളരണം ഈ നാട് തുടരണം ഈ ഭരണം' എന്നായിരുന്നു യു.ഡി.എഫ് മുദ്രാവാക്യമെങ്കിൽ 'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും' എന്നായിരുന്നു എൽ.ഡി.എഫ് മുദ്രാവാക്യം. 'വഴി മുട്ടിയ കേരളം വഴി കാട്ടാൻ ബി.ജെ.പി' എന്ന മുദ്രാവാക്യം 2016ൽ ഉയർത്തിയ ബി.ജെ.പിയുടെ പുതിയ മുദ്രാവാക്യം പുറത്തുവന്നിട്ടില്ല.

കഴിഞ്ഞദിവസം യു.ഡി.എഫ് ആണ് ആദ്യം ഇത്തരത്തിലുള്ള പ്രചാരണത്തിന് തുടക്കമിട്ടത്. യു.ഡി.എഫ് തിരിച്ചുവരുന്നു എന്ന ഹാഷ്‌ ടാഗോടെയുള്ള കാർഡിൽ മഞ്ഞയും കറുപ്പും നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജുകൾക്കും ഗ്രൂപ്പുകൾക്കും പുറമേ കാർഡ് വാട്‌സാപ്പിലും ടെലഗ്രാമിലും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. പദ്‌മജ വേണുഗോപാൽ അടക്കമുള്ള ചില കെ.പി.സി.സി ഭാരവാഹികളും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ കാർഡുകൾ പോസ്റ്റ് ചെയ്‌തു. കുറച്ച് മണിക്കൂറിനകം എൽ.ഡി.എഫ് ക്യാമ്പിന്റെ മറുപടി മുദ്രാവാക്യം തൊട്ടുപിന്നാലെ എത്തുകയായിരുന്നു. സി.പി.എമ്മിലെ യുവജന നേതാക്കളാണ് എൽ.ഡി.എഫ് കാർഡുകൾ പോസ്റ്റ് ചെയ്‌തത്.