ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷ സാദ്ധ്യതകൾ നിലനിൽക്കെ ഉന്നതതല യോഗം വിളിച്ച് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ. സൈന്യം സ്വീകരിക്കേണ്ട പുതിയ തന്ത്രം രൂപപ്പെടുത്തുന്നതിനാണ് യോഗം. പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. തൊട്ടുപിന്നാലെ കോർ കമാൻഡർമാരുടെ കൂടിക്കാഴ്ച വരും ദിവസങ്ങളിൽ നടക്കുമെന്നാണ് വിവരം.
അരുണാചൽപ്രദേശിൽ നിന്ന് കാണാതായ അഞ്ച് ഇന്ത്യൻ പൗരന്മാരെ ഇന്ന് ചൈന വിട്ടയക്കും. ഇവരെ ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവാണ് അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരുണാചൽ പ്രദേശിലെ നാച്ചോ മേഖലയിലെ ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് അഞ്ച് ഇന്ത്യൻ പൗരന്മാരെ കാണാതായത്. ഇവർ ചൈനീസ് പട്ടാളത്തിന്റെ പിടിയിലുണ്ടെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഇവരെ വിട്ടയക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ നേരത്തെ ഇന്ത്യയും ചൈനയും അഞ്ചിന ധാരണ പ്രഖ്യാപിച്ചിരുന്നു. സേനകൾക്കിടയിൽ ഉചിതമായ അകലം പാലിക്കുമെന്നും പിന്മാറ്റം വേഗത്തിൽ നടപ്പാക്കുമെന്നും ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്താവന വ്യക്തമാക്കിയിട്ടുണ്ട്. മോസ്കോയിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ നിർണായക ചർച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. എന്നാൽ അതിത്തിയിലെ സാഹചര്യങ്ങൾക്ക് മാറ്റം വന്നിട്ടില്ല. ചൈന ഏതെങ്കിലും രീതിയിലുള്ള പിന്മാറ്റ നീക്കം നടത്തിയാൽ മാത്രം സൈന്യത്തെ പിൻവലിച്ചാൽ മതിയെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് സൈന്യത്തിന് നൽകിയിരിക്കുന്ന നിർദേശം.