kt-jaleel

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മ‌െന്റ് ചോദ്യം ചെയ്തതിനെ തുടർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ മന്ത്രിസഭയിലെ നിലനിൽപ് തന്നെ അനിശ്ചിതത്വത്തിലായി. ഇന്നലെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായ ജലീലിന് എൻഫോഴ്സ്‌മെന്റ് ക്ളീൻചിറ്റ് നൽകിയിട്ടില്ലെന്നാണ് സൂചന. ചോദ്യങ്ങൾക്ക് ജലീൽ നൽകിയ മറുപടികളിൽ ഒന്നിലും ഇ.ഡി തൃപ്തി രേഖപ്പെടുത്തിയിട്ടില്ല. യു.എ.ഇ നയതന്ത്രബാഗേജിലെ സാധനങ്ങൾ എന്തായിരുന്നുവെന്ന് അറിയില്ലെന്നും തനിക്ക് ലഭിച്ച പായ്ക്കറ്റുകളിൽ മതഗ്രന്ഥങ്ങളായിരുന്നെന്നുമുള്ള മുൻനിലപാട് ജലീൽ ഇന്നലെയും ആവർത്തിച്ചു.

പിടിച്ചുനിൽക്കുക പ്രയാസം

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ,​ ഇത്രയും ഗുരുതരമായ ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്. സർക്കാരിനും എൽ.ഡി.എഫിനും രാഷ്ട്രീയമായി ഒരുപോലെ തിരിച്ചടിയാകുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ് ഈ സംഭവം. ഇ.ഡി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന ശക്തമായ സൂചനകൾക്കിടെ,​ സ്വർണക്കടത്ത് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ)​ കസ്‌റ്റംസും മന്ത്രിയെ ചോദ്യം ചെയ്യുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എൻ.ഐ.എ ജലീലിനെ ചോദ്യം ചെയ്താൽ പിന്നെ സർക്കാരിന് അദ്ദേഹത്തെ സംരക്ഷിക്കുക ബുദ്ധിമുട്ടായിരിക്കും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്തതു പോലെയല്ല,​ ഒരു മന്ത്രിയെ എൻ.ഐ.എ പോലുള്ള കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്. നയതന്ത്ര പാഴ്സൽ വഴി മതഗ്രന്ഥങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് തുടക്കം മുതലേ ജലീലിനെതിരെ തിരിഞ്ഞ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധം ശക്തമാക്കി കഴിഞ്ഞു. മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന് സി.പി.എം വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാക്കിയാൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേക്കും.

നയതന്ത്ര കാർഗോ ദുരൂഹം ആ 14 കിലോ

വിമാനത്താവളത്തിലെ എയർവേ ബില്ലിലെ തൂക്കമനുസരിച്ച് മതഗ്രന്ഥങ്ങൾ 250 പായ്ക്കറ്റുകളിലായി 4479കിലോഗ്രാം ഉണ്ടായിരുന്നു. കാർഗോയിൽ ഒരുപാക്കറ്റിന് 17.19കിലോ തൂക്കം. ഇതിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത ഒരു മതഗ്രന്ഥത്തിന് 576 ഗ്രാം തൂക്കമുണ്ടായിരുന്നു. ഇതുപ്രകാരം ഒരുപായ്ക്കറ്റിന് 17.85 കിലോ തൂക്കവും അതിൽ 31മതഗ്രന്ഥങ്ങളും ഉണ്ടാവേണ്ടതാണ്. എയർ വേ ബില്ലിലെ തൂക്കവും സാമ്പിൾ പരിശോധനയിലെ തൂക്കവും തമ്മിൽ 14 കിലോഗ്രാമിന്റെ വ്യത്യാസമുണ്ട്. കാർഗോയിലെത്തിയതെല്ലാം മതഗ്രന്ഥമാണെന്ന ജലീലിന്റെ വാദം വിശ്വസിച്ചാലും അധികമെത്തിയ 14 കിലോ എന്താണെന്ന സംശയം ദുരീകരിക്കുകയാണ് ഇ.ഡി ലക്ഷ്യം.

250 പാക്കറ്റുകളിൽ, 32 പാക്കറ്റാണ് മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്​റ്റിന്റെ അടച്ചുമൂടിയ ലോറിയിൽ മലപ്പുറത്ത് എത്തിച്ചത്. ഇതിൽ 992 മതഗ്രന്ഥങ്ങളുണ്ട്. എയർ വേ ബില്ലിലെ തൂക്കമനുസരിച്ച് 7750 മതഗ്രന്ഥങ്ങൾ എത്തിയിരിക്കണം. ശേഷിക്കുന്ന 6758 മതഗ്രന്ഥങ്ങൾ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. ലോക്ക് ഡൗണിലെ പൊലീസ് പരിശോധന ഒഴിവാക്കാൻ കേരളാ സ്റ്റേറ്റ് ബോർഡ് വച്ച അടച്ചുമൂടിയ ലോറിയിൽ സ്വർണം കടത്തിയെന്നാണ് ഇ.ഡി പറയുന്നത്.

പി.ബി യോഗം ചർച്ച ചെയ്യും

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ന് ചേരുന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ചർച്ച ചെയ്യുന്നുണ്ട്. ജലീലിനെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും സർക്കാർ അറിയാതെ ജലീൽ നടത്തിയ ഇടപെടലുകളിൽ സി.പി.എം ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ജലീലിനെ ചോദ്യം ചെയ്ത സാഹചര്യം കേന്ദ്രനേതൃത്വത്തെ സംസ്ഥാന നേതൃത്വം ധരിപ്പിച്ചിതായി സൂചനയുണ്ട്. വിഷയം ചർച്ച ചെയ്യില്ലെന്നാണ് പി.ബി അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞത്. എന്നാൽ യോഗത്തിൽ ജലീലിൽ വിഷയവും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയുടെയും വിഷയങ്ങൾ ചർച്ചയാവുമെന്ന് ഉറപ്പാണ്.