kripesh-sarathlal

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിൽ സി.ബി.ഐയ്ക്ക് കേസ് ഡയറിയോ മറ്റ് രേഖകളോ നൽകാതെ പൊലീസ്. ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും നാല് തവണ സി.ബി.ഐ കേസ് രേഖകൾ തേടി കത്ത് നൽകിയിട്ടും സംസ്ഥാന പൊലീസ് അനങ്ങിയില്ല. കേസന്വേഷണം സി.ബി.ഐയ്ക്ക് വിട്ട ശേഷം നാല് തവണയാണ് കേസ് ഡയറിയും രേഖകളും തേടി സി.ബി.ഐ പൊലീസിന് കത്ത് നൽകിയത്. ഇതിൽ ഒന്നിൽ പോലും വ്യക്തമായ മറുപടി നൽകാൻ പൊലീസ് തയ്യാറായില്ല.

അതേസമയം കേസിൽ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാനസർക്കാർ. സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ അപ്പീൽ നൽകിയേക്കും എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.

ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷവിമർശനവുമായാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. പൊലീസ് അന്വേഷണത്തിൽ രാഷ്ട്രീയചായ്‍വുണ്ടോ എന്ന് സംശയിക്കുന്നുവെന്നടക്കം സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം അപൂർണവും, വസ്തുതാപരമല്ലാത്തതുമാണെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

സി.ബി.ഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്നാണ് സി.ബി.ഐയ്ക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്. സിബിഐയ്ക്ക് ഈ കുറ്റപത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തുകയോ പുതിയ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ച് അഭിഭാഷകരെ എത്തിച്ചത് നിയമസഭയിലടക്കം വൻ വിവാദം സൃഷ്‌ടിച്ചിരുന്നു.