സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിൽ ഉടലെടുത്ത വിവാദങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. നടന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രബർത്തിക്കെതിരെ ലഹരിക്കേസിൽ നടക്കുന്ന അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.
റിയ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയോട്(എൻസിബി) വെളിപ്പെടുത്തിയ പേരുകളാണ് ഇപ്പോൾ ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നത്. സാറ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സിമോൺ കംബട്ട, സുശാന്തിന്റെ സുഹൃത്തും മുൻ മാനേജറുമായ രോഹിണി അയ്യർ, സംവിധായകൻ മുകേഷ് ഛബ്ര തുടങ്ങി പതിനഞ്ചോളം പേരുകളാണ് റിയ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് നടി മൊഴി നൽകിയിരിക്കുന്നത്. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻസിബി 25 പ്രമുഖ താരങ്ങളെ ചോദ്യം ചെയ്‌തേക്കും. മുൻപ് നടിയുടെ ഫോണിൽ ലഹരിയുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടെത്തിയിരുന്നു.