congress

കൊച്ചി: തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കോൺഗ്രസിൽ ഗ്രൂപ്പ് വഴക്കും തമ്മിൽതല്ലും സജീവമായി. പതിവിൽ നിന്ന് വ്യത്യസ്‌തമായി ഇത്തവണ താഴേത്തട്ടിൽ നിന്നാണ് അടി തുടങ്ങിയിരിക്കുന്നത്. പറവൂർ കടുങ്ങല്ലൂർ കോൺഗ്രസ് യോഗത്തിലാണ് പ്രവർത്തകർ വീറും വാശിയുമോടെ ഏറ്റുമുട്ടിയത്. എ, ഐ ഗ്രൂപ്പുകൾ തമ്മിലാണ് കയ്യാങ്കളി നടന്നത്. കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യോഗം നടക്കുന്നതിനിടെയാണ് 'അഹിംസവാദികൾ' തമ്മിലടിച്ചത്.

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നിടത്തേയ്‌ക്ക് ഐ ഗ്രൂപ്പ് പ്രതിഷേധവുമായി എത്തുകയായിരുന്നു. വർഷങ്ങളായി കടുങ്ങല്ലൂർ മണ്ഡലത്തിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം പതിവാണ്. ഇത് തുടർന്നതോടെ കഴിഞ്ഞ ദിവസം കമ്മിറ്റി രണ്ടായി വിഭജിച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ടാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്.

കമ്മിറ്റിയിൽ അർഹമായ സ്ഥാനങ്ങൾ ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങിനിടെ ഐ ഗ്രൂപ്പിന്റെ പ്രതിഷേധം. ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടവർ കമ്മിറ്റിയിൽ ഇടം നേടിയെന്നും ഇവർ ആരോപണം ഉന്നയിക്കുന്നു. തുടർന്നാണ് സംഘർഷം കയ്യാങ്കളിയിലേക്ക് മാറിയത്.