ജീവിതപ്രാരാബ്ദങ്ങളുമായി കടൽ കടന്നു പോകുന്ന മലയാളികൾ
ഒരു ചെറുചിരിയോടെ എന്നും മാമുക്കോയയുടെ
ഗഫൂർക്കയെ ഓർക്കും. ദാസന്റെയും വിജയന്റെയും മാത്രമല്ല
ലോകമലയാളികളുടെ മുഴുവൻ ദോസ്താണ് ഗഫൂർക്ക
മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ കല്ലായിപ്പുഴയുടെ ഓരത്ത് തന്റെ കൊച്ചു സ്വപ്നങ്ങളുമായി ജീവിച്ച ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു.പകൽ കല്ലായിയിലെ മരങ്ങളുടെ അളവെടുപ്പും രാത്രിയിൽ നാടകപ്രവർത്തനവുമായിരുന്നു ജോലി.കോഴിക്കോട്ടെ ഓലക്കൊട്ടകയിൽ കപ്പലണ്ടി കൊറിച്ച് നിലത്തിരുന്ന് ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട് ആ ചെറുപ്പക്കാരൻ. എന്നാൽ താനും അതിന്റെ ഭാഗമാകുമെന്ന് അയാൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.അത് മറ്റാരുമല്ല. നമ്മുടെ സ്വന്തം മാമുക്കോയ.മലയാള സിനിമയിലെ അതുല്യനടൻമാരുടെ പട്ടികയിലാണ് മാമുക്കോയയുടെ സ്ഥാനം .ചിരിപ്പിക്കാൻ മാത്രമല്ല പ്രേക്ഷകരെ കരയിപ്പിക്കാനും മാമുക്കോയയുടെ അഭിനയത്തിന് കഴിയും.
മലയാള സിനിമയിൽ ആർക്കും അനുകരിക്കാൻ കഴിയാത്ത സ്വാഭാവിക
അഭിനയ ശൈലിയാണ് താങ്കളുടേത്?
എനിക്ക് അഭിനയിക്കാൻ അറിയില്ലെന്നതാണ് സത്യം. അഭിനയത്തിനപ്പുറം ഒരുതരം പെരുമാറലായിട്ടാണ് ഞാൻ അഭിനയത്തെ നോക്കി കാണുന്നത്. ഞാൻ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളിലും എന്റേതായ ശൈലിയുണ്ടാവും. ഒരു ചായക്കടക്കാരനായാലോ ഒരു പൊലീസ് ഉദ്യോഗസ്ഥനായാലോ ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെയായിരിക്കും സിനിമയിലും. സിനിമയ്ക്ക് വേണ്ടി പ്രത്യേകമായി അഭിനയിക്കാറില്ല. കാമറ വയ്ക്കുന്നതുകൊണ്ടു മാത്രം അത് സിനിമ ആകുന്നു എന്നേയുള്ളൂ.
നാടകത്തിലൂടെയാണല്ലോ സിനിമയിലേക്ക് വന്നത്?
ഇന്നത്തെപ്പോലെ പത്ര-ദൃശ്യ മാദ്ധ്യമങ്ങളുടെ അതിപ്രസരം ഇല്ലാത്ത കാലമായിരുന്നു അത്. റേഡിയോ ആയിരുന്നു അന്നത്തെ ജനകീയ മാദ്ധ്യമം.റേഡിയോ നാടകത്തിലൊക്കെ അഭിനയിക്കാൻ അവസരം കിട്ടുന്നത് മഹാഭാഗ്യമായി കരുതുന്ന കാലം. അന്ന് നമ്മൾ നാടക പ്രവർത്തകരോടൊപ്പം ഒരു സിനിമാ നടൻ ഉണ്ടായിരുന്നു. ഞങ്ങളെല്ലാം സ്നേഹത്തോടെ ബാലേട്ടൻ എന്ന് വിളിക്കുന്ന നിലമ്പൂർ ബാലൻ. ബാലേട്ടൻ സിനിമയിലും നാടകത്തിലുമൊക്കെ അരങ്ങു തകർക്കുന്ന കാലമായിരുന്നു അത് . ബാലേട്ടൻ ആദ്യമായി കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു(അന്യരുടെ ഭൂമി ) എന്റെസിനിമാ പ്രവേശനം. പക്ഷേ അതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് അവാർഡ് പടമായിരുന്നു. വെറും ഉച്ചക്കളി മാത്രമായി ഒതുങ്ങിപ്പോയ ചിത്രം. വേണ്ടത്ര രീതിയിൽ ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ആ വർഷത്തെ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡ് അതിന് ലഭിച്ചു. അതൊരു വലിയ നേട്ടമായി. ആദ്യ ചിത്രത്തിലഭിനയിച്ചതിനു ശേഷം എനിക്ക് സിനിമയിൽ നിന്ന് അധികം അവസരങ്ങളൊന്നും വന്നില്ല. വീണ്ടും കല്ലായിയിലെ തടിയളവ് ജോലിയും നാടകപ്രവർത്തനവുമൊക്കെയായി കുറെ വർഷങ്ങൾ കടന്നുപോയി. ആയിടയ്ക്കാണ് കലാസംവിധായകനായ കൊന്നനാട്ട് രാമൻകുട്ടി ചേട്ടൻ ഒരു പടം സംവിധാനം (സുറുമയിട്ട കണ്ണുകൾ) ചെയ്യുന്നത്. വിജയരാഘവൻ ആയിരുന്നു നായകൻ. കെ.പി. ഉമ്മർ, ബഹദൂർ, നെല്ലിക്കോട് ഭാസ്കരൻ, കുഞ്ഞാണ്ടി തുടങ്ങിയ വലിയ കലാകാരന്മാരോടൊപ്പം എനിക്കും ചെറിയൊരു വേഷം കിട്ടി. ആ വേഷം എനിക്ക് കിട്ടാൻ കാരണം സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ ആയിരുന്നു. സിനിമയുടെ അണിയറപ്രവർത്തകർ ബഷീർ ഇക്കയുടെ അനുഗ്രഹം വാങ്ങാനായി ബേപ്പൂരിലെ വീട്ടിലെത്തുമ്പോൾ ഞാൻ അവിടെയുണ്ട്. അനുഗ്രഹം ഒക്കെ വാങ്ങി അവർ പോകാനിറങ്ങുബോൾ ബഷീർ ഇക്ക എന്നെ ചൂണ്ടി പറഞ്ഞു ഇവൻ ഇവിടെ നാടകവും കലാപ്രവർത്തനവുമൊക്കെയായി നടക്കുന്നവനാ നിങ്ങളുടെ സിനിമയിൽ എന്തെങ്കിലും വേഷമുണ്ടെങ്കിൽ പരിഗണിക്കണം.കെ.പി. ഉമ്മർ അവതരിപ്പിച്ച അറബിയുടെ കഥാപാത്രം സഞ്ചരിക്കുന്നത് കുതിരവണ്ടിയിലാണ്. കുതിരയ്ക്ക് പുല്ലിട്ടുകൊടുക്കുന്ന ജോലിക്കാരന്റെ വേഷമാണ് എനിക്ക് തന്നത്. പിന്നീട് മൂന്നു കൊല്ലം കഴിഞ്ഞ് 1986 ൽ ഇറങ്ങിയ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന മോഹൻലാൽ ചിത്രത്തിലാണ് ഞാൻ അഭിനയിക്കുന്നത്. ആ ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസന്റേതായിരുന്നു . തലശേരിയിൽ നാടകപ്രവർത്തനം നടത്തുന്ന സമയത്തെ എനിക്ക് ശ്രീനിവാസനെ അറിയാം.
എന്നാൽ സിനിമയ്ക്ക് പുറത്തുള്ള മാമുക്കോയ ഗൗരവക്കാരനാണോ?
കോമഡിക്ക് വേണ്ടി ഞാൻ ഇതുവരെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. ഞാൻ വളരെ സീരിയസായി ചെയ്യുന്നത് ആളുകൾക്ക് കോമഡിയായിട്ടാണ് തോന്നുന്നത്. അതിന് ഞാൻ എന്ത് ചെയ്യാനാണ്. പിന്നെ ജീവിതത്തിൽ അല്പം ഗൗരവമൊക്കെ വേണ്ടേ. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്തു തന്നെ പറയണം.
സിനിമയിൽ വരുന്നതിനു മുൻപ് കല്ലായിയിൽ മരത്തിന്റെ
അളവെഴുത്തായിരുന്നല്ലോ ജോലി ?
കല്ലായിപ്പുഴയുടെ സമീപത്തായിരുന്നു എന്റെ വീട്. അവിടത്തെ തടിപ്പണിയൊക്കെ കണ്ടാണ് വളർന്നത്. അന്ന് ലോകത്തിലെ ഏറ്റവും വലിയ തടിവ്യാപാര കേന്ദ്രമായിരുന്നു കല്ലായി. സ്കൂളിൽ പോകുന്ന സമയം തൊട്ടേ എനിക്ക് കല്ലായിയിൽ ജോലിയുണ്ടായിരുന്നു. തടിമില്ലുകളിൽ അറുക്കാൻ ഇട്ടിരിക്കുന്ന തടിയിൽ നിന്നു തൊലി പൊളിച്ചു വിറകു കടയിൽകൊടുത്താൽ അര അണ വീതം കൂലി ലഭിക്കും. ഉരു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വലിയ മരങ്ങൾ അറുക്കുമ്പോൾ ലഭിക്കുന്ന അറക്കപ്പൊടി വിറ്റുമൊക്കെയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം കടന്നുപോയത്. പത്താം ക്ലാസ് വരെ പഠിക്കാനേ വീട്ടിലെ സാഹചര്യം അനുവദിച്ചുള്ളൂ. അതിന് ശേഷം കല്ലായിയിലെ മരങ്ങൾ അളക്കുന്നതായിരുന്നു ജോലി.രാത്രിയിൽ നാട്ടിലെ ചെറിയ അമച്വർ നാടകസംഘങ്ങളുടെ കീഴിൽ നാടകം കളിയും.
കോഴിക്കോട്ടെ ആ പഴയ സാംസ്കാരിക കൂട്ടായ്മ ഇപ്പോഴുണ്ടോ?
പണ്ട് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒത്തുകൂടാറുണ്ട്. ബഷീറിക്ക, എസ് .കെ പൊറ്റക്കാട്, തിക്കോടിയൻ തുടങ്ങിയവരുടെ കൂട്ടായ്മയിൽ ഭാഗമാവാൻ എനിക്കും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. അവരുടെ ചർച്ചകളിലൂടെയാണ് ഞാൻ ലോകത്തെ അറിഞ്ഞത്. വായനശാലകളും നാടകവും സിനിമാ ചർച്ചകളുമൊക്കെ ചൂടുപിടിച്ചിരുന്ന ആ പഴയ കോഴിക്കോടൻ കൂട്ടായ്മയൊന്നും ഇനി ഒരിക്കലും തിരിച്ചു വരികയില്ല . എവിടെയെങ്കിലും ഒരു നാടകമുണ്ടെങ്കിലോ സാഹിത്യ ചർച്ചയുണ്ടെങ്കിലോ അന്ന് കാൽ നടയായിട്ടാണ് ഞങ്ങൾ പോയിരുന്നത്. ഇന്ന് ആളുകൾക്ക് ഒന്നിനും സമയമില്ലല്ലോ .