തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. സിംഗിൽ ബെഞ്ചും പിന്നാലെ ഡിവിഷൻ ബെഞ്ചും കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും പൊലീസ് സി.ബി.ഐയോട് നിസഹകരണം തുടരുന്നതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയിലേക്ക് ഹർജിയുമായി എത്തിയിരിക്കുന്നത്.
കേസിൽ കുറ്റപത്രം ഹൈക്കോടതി റദാക്കിയിട്ടില്ലാത്തതിനാൽ, ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നില്ല. എന്നാൽ ഇതിലേക്ക് സി.ബി.ഐ അന്വേഷണപ്രകാരം കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
കേസിൽ സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഇതിനു പുറമേയാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീം കോടതിയിലെ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽമാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി.
2019 ഫെബ്രുവരി 17നായിരുന്നു കാസർകോട് കല്യോട്ട് വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുവച്ച് വെട്ടിക്കൊലപ്പടുത്തിയത്. സി.പി.എം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പടെ 14 പേരാണ് പ്രതികൾ. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.