break

അലബാമ: ഒരിക്കൽ വിരോധം തോന്നിയയാളെ സഹായിക്കാൻ രണ്ടാമതൊന്ന് ആലോചിക്കുന്നവരാണ് ഒരുവിധപ്പെട്ട മനുഷ്യരെല്ലാം. ആത്മാഭിമാനമോ ദുരഭിമാനമോ സഹായം ചെയ്യുന്നതിൽ നിന്ന് പലരേയും പിൻതിരിപ്പിക്കും. എന്നാൽ അലബാമ സ്വദേശിനി ജോസ്‌ലിൻ ജെയിംസിന് അങ്ങനെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്നെ പലതവണ അറസ്‌‌റ്റ് ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥന് ഒരാവശ്യം വേണ്ടി വന്നപ്പോൾ അവർ വിരോധത്തിന് മനസ്സിൽ ഇടം കൊടുത്തില്ല.മനുഷ്യത്വം മാത്രമാണ് പ്രധാനം എന്ന് ജോസ്‌ലിൻ കരുതി.

വർഷങ്ങളോളം ലഹരിക്ക് അടിമയായിരുന്നു ജോസ്‌ലിൻ ജെയിംസ്. ഇക്കാലത്തെ പ്രവർത്തനങ്ങൾ മൂലം നാട്ടിലെ 'മോസ്‌റ്റ് വാണ്ടഡ്' പട്ടികയിൽ അവർ ഇടം നേടി. 2007 മുതൽ 2012 വരെ ഇവർ ആ ജീവിതം തുടർന്നു. ആ സമയത്ത് തുടർച്ചയായി അവർ അറസ്‌റ്റ് ചെയ്യപ്പെട്ടു. അന്ന് 16 തവണ അറസ്‌റ്റ് ചെയ്ത പോട്ടർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ജോസ്‌ലിൻ മനുഷ്യത്വത്തോടെ തന്റെ വൃക്ക ദാനം ചെയ്യാൻ തീരുമാനിച്ചത്. ഫേസ്‌ബുക്കിലൂടെ വന്ന സഹായാഭ്യർത്ഥന സ്വീകരിച്ച 40 വയസുകാരിയായ ജോസ്‌ലിൻ ജെയിംസ് വൃക്ക ദാനം ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചു.

joselin

ലഹരിക്കടിമയായിരുന്ന കാലത്ത് ഒരിക്കൽ തന്റെ പേര് ടിവി ചാനലുകളിൽ കുഴപ്പക്കാരുടെ ഒപ്പം കണ്ടതാണ് ജോസ്‌ലിന് ലഹരിയോട് വിരക്തി തോന്നാൻ കാരണമായത്. പിന്നീട് സാധാരണ ജീവിതം നയിച്ച ഇവർ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പഴയ പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞു. ജൂലായ് മാസത്തിൽ വൃക്ക മാ‌റ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്ക് പോട്ടറെ വിധേയനാക്കി. ഇപ്പോൾ പോട്ടർക്കും ജോസ്‌ലിനും കുഴപ്പമൊന്നുമില്ലെന്ന് നാഷ്‌വില്ലിയിലെ വാൻഡർബിൽ‌റ്റ് സർവകലാശാല ആശുപത്രി അധികൃതർ പറയുന്നു. താൻ നിരവധി തവണ പിടികൂടിയിട്ടും തക്ക സമയത്ത് സഹായിച്ച ജോസ്‌ലിനോടും ദൈവത്തോടും സന്തോഷത്തോടെ നന്ദി പറയുകയാണിപ്പോൾ മുൻ പൊലീസ് ഉദ്യോഗസ്ഥനായ പോട്ടർ.