തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.എൽ.എ. ഇവിടെ കൃത്യമായൊരു അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
'കള്ളനെ പുറത്താക്കൂ ആദ്യം, എന്നിട്ട് തൊണ്ടിമുതൽ തേടി പോകൂ. തെളിവ് പുറത്തുവന്നു. അപ്പോൾ ആദ്യം മന്ത്രിയെ മാറ്റി നിർത്തി അന്വേഷണം നടക്കട്ടേ. എന്റെ അഭിപ്രായത്തിൽ മന്ത്രി തെറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ മാറ്റി നിർത്തണം. എന്നിട്ട് അന്വേഷിക്കണം. യൂത്ത് കോൺഗ്രസ് ഇന്നലെ തന്നെ പ്രതിഷേധവുമായി രംഗത്തുണ്ട്. പക്ഷേ കൊവിഡിന്റെ കാലത്തായതുകൊണ്ട് പരിമിതികളുണ്ട്.ഞങ്ങളുടെ ഭാഗത്തുനിന്ന് നിരന്തര സമരങ്ങളുണ്ടാകും. ബി.ജെ.പി ഇതിനകത്ത് നടത്തുന്ന സമരങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ട്.'- അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമാകുകയാണ്. എന്നാൽ ചോദ്യംചെയ്തതിന്റെ പേരില്‍ ജലീല്‍ രാജിവയ്ക്കേണ്ടതില്ല എന്നാണ് സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്.