ന്യൂഡൽഹി: ഹൈദരാബാദ് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. ഇന്ത്യയിലെ ഒന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കോവാക്‌സിൻ മൃഗങ്ങളിൽ രോഗപ്രതിരോധ ശേഷി പ്രകടമാക്കി. ഇതിനോടകം തന്നെ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിന്‍ രാജ്യത്തുടനീളമുള്ള 12 സ്ഥാപനങ്ങളിലാണ് പരീക്ഷിക്കുന്നത്. ഐസിഎംആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേർന്നാണ് ഭാരത് ബയോടെക് വാക്‌സിൻ വികസിപ്പിക്കുന്നത്.
അതേസമയം ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ കോവിഡ് വാക്‌സിൻ പരീക്ഷണത്തിനായി ആളുകളെ തിരഞ്ഞെടുക്കുന്നത് നിർത്തിവെയ്ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യയുടെ നിർദേശം. നിലവിൽ വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളാകുന്നവരുടെ സുരക്ഷാനിരീക്ഷണം കർശനമാക്കുകയും ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണം. പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് പുനരാരംഭിക്കുന്നതിന് മുമ്പായി യുകെയിലേയും ഇന്ത്യയിലേയും ഡാറ്റ ആന്റ് സേഫ്റ്റി മോണിറ്ററിംഗ് ബോർഡിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും ഡിസിജിഐ ആവശ്യപ്പെട്ടു.
ഓക്സ്‌ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. നിലവിൽ ഓക്സ്‌ഫഡ് കൊവിഡ് വാക്‌സിന്റെ രണ്ടും മൂന്നും ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലാണുള്ളത്. യു.കെയിൽ വാക്സിൻ കുത്തിവെച്ച ഒരാൾക്ക് കഴിഞ്ഞ ദിവസം അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഓക്സ്‌ഫഡ് - അസ്ട്രാസെനെക വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം നിർത്തിവെച്ചിരുന്നു. എന്നാൽ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ഇന്ത്യയിൽ പരീക്ഷണം തുടരാൻ തീരുമാനിക്കുകയായിരുന്നു.