kangana-ranaut

ന്യൂഡൽഹി: മുംബയിയെ പാക് അധീന കാശ്മീർ പോലെ തോന്നുന്നുവെന്ന വിവാദ പരാമർശത്തിന്റെ പേരിൽ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ഭീഷണിയുമായി ശിവസേന രംഗത്തെത്തിയിരുന്നു.മുംബയിൽ പ്രവേശിച്ചാൽ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എം.എൽ.എ പ്രതാപ് സർനായിക് ഭീഷണിപ്പെടുത്തിയിരുന്നു.

പ്രതിഷേധമുയരുന്നതിനിടെ കങ്കണയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിക്കൊണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. വൈ പ്ലസ് കാറ്റഗറി കിട്ടുന്ന ആദ്യ ബോളിവുഡ് താരമാണ് കങ്കണ. ഇപ്പോഴിതാ എന്തുകൊണ്ട് നടിയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി.

'മകളെ ചിലർ ഉപദ്രവിക്കുകയാണെന്നും, സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കങ്കണയുടെ പിതാവ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ വിവരമറിയിക്കുകയായിരുന്നു. തുടന്നാണ് നടിയ്ക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയത്- റെഡ്ഡി പറഞ്ഞു.