പ്രേക്ഷകരെ ചിരിപ്പിച്ച ജഗതിശ്രീകുമാറിന്റെ 10 പ്രശസ്ത ഡയലോഗുകൾ ഫ്ളാഷ് മൂവീസ് വായനക്കാർക്കുവേണ്ടി നടൻ നന്ദു
തിരഞ്ഞെടുക്കുന്നു
കിലുക്കം
പതിവുള്ള തല്ല് കിട്ടലും ആശുപത്രി വാസവും കഴിഞ്ഞ് ജഗതി അവതരിപ്പിക്കുന്ന നിശ്ചൽ പുറത്തേക്കിറങ്ങുമ്പോഴാണ് ക്രൂരനായ ഷേർഖാൻ ചോദിക്കുന്നു: 'വോ ജോജി കാ ബച്ചാ കിദർ ഹെ?"
അപ്പോൾ നിശ്ചലിന്റെ മറുപടി: 'അവനുമായിട്ട് ഞാൻ ഉടക്കി." മനസിലാകാതെ ഷേർഖാൻ: 'ക്യാ?"
വീണ്ടും നിശ്ചൽ: പോട്ടി... പോട്ടി ക്യാ... ഛഗട... ഛഗട..."
ഷേർഖാൻ: 'തും ഹംസേ ഛഗടാ കരേഗാ?"
നിശ്ചൽ: 'യെസ്".
ഷേർഖാൻ: തും പാഗൽ ഹെ ?
നിശ്ചൽ : ഹം നിശ്ചൽ ഹെ. അതായത്... ഞാനും ജോജിയുമായിട്ട് അടിച്ച് പിരിഞ്ച്. ദുശ്മൻ... ദുശ്മൻ.. ദുശ്മൻ..."
ഷേർഖാൻ : 'തൂ മേരാ ദുശ്മെൻ ഹെ?"
നിശ്ചൽ: യെസ്..
(ഷേർഖാൻ കഴുത്തിൽ പിടിച്ച് ഭീഷണിപ്പെടുത്തുമ്പോൾ)
നിശ്ചൽ: മുഛേ മാലൂം... അയ്യോ! അറിഞ്ഞൂടാന്നുള്ളതിന്റെ ഹിന്ദി എന്തുവാണോ എന്തോ! മുഛേ മാലൂം.. (ഇല്ലെന്ന അർത്ഥത്തിൽ കൈ കാണിക്കുന്നു. ആ കൈ പിടിച്ച് തിരിക്കുന്ന ഷേർഖാൻ.നിലവിളിയോടെ) നിശ്ചൽ- ഹോ എന്റെ ദൈവമേ! എനിക്കൊന്നും അറിഞ്ഞൂടാന്ന് ഇൗ മറുതായോട് പറഞ്ഞ് കൊടുക്കെടാ..
ആ സീൻ ഷൂട്ട് ചെയ്യുന്നതിന് ഞാൻ സാക്ഷിയാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ച ഒരുനിമിഷമായിരുന്നു അത്. ചിരിച്ച് ചിരിച്ച് ശ്വാസംമുട്ടി ഞാൻ താഴെ വീണു.
ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ മരിച്ചുപോയെന്ന് വിചാരിച്ച് പ്രിയൻ ചേട്ടനൊക്കെ ഒാടിവന്നു.
'എന്തുപറ്റി എന്തുപറ്റി"യെന്ന് പ്രിയൻചേട്ടൻ ചോദിച്ചപ്പോൾ
'ചിരിച്ച് ചിരിച്ച് വീണുപോയതാ"യെന്ന് പറഞ്ഞ് ഞാൻ പതിയെ എഴുന്നേറ്റു.
താളവട്ടം
ഭ്രാന്താശുപത്രിയിലെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടശേഷം തിരികെ ജോലിക്ക് കയറാൻ വേണ്ടി മുതലാളിയായ എം.ജി. സോമൻ അവതരിപ്പിച്ച രവീന്ദ്രനെ കാണാൻ ജഗതിയുടെ നാരായണൻ ചെല്ലുന്ന ഒരു രംഗമുണ്ട് താളവട്ടം സിനിമയിൽ. താനൊരു തീരുമാനമെടുത്താൽ അതിൽ മാറ്റമില്ലെന്ന് എം.ജി. സോമന്റെ കഥാപാത്രം തീർത്തുപറയുമ്പോൾ
'അല്ല... എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ.(അഴിച്ചിട്ടിരുന്ന ലുങ്കി കയറ്റി മടക്കിക്കുത്തി ) താനാരുവാ.."
രവീന്ദ്രൻ അപ്പോൾ 'നാരായണ"യെന്ന് വിളിക്കുന്നുണ്ട്.
'പൂരായണ... പോവുവ്വേ! തനിക്കൊരു വിചാരമുണ്ട് താനേതോ കോപ്പിലെ വലിയ രാജാവാണെന്ന് . താൻ ഒരു പുല്ലുമല്ല. ഒന്നോ രണ്ടോ ദിവസം ലണ്ടനിൽ പോയി ഏതോ ഒരു ഒാന്തൻ റിച്ചാർഡ് സായ്പ്പിന് അരിവച്ച് കൊടുത്ത കാശ് കൊണ്ട് ഒരു പഴയ കൊട്ടാരം വാങ്ങി അവിടൊരു ആശുപത്രീം തുടങ്ങി അവിടെ പ്രാന്തന്മാരെ പട്ടാളച്ചിട്ട പഠിപ്പിക്കുന്ന വിവരംകെട്ട ഒരു പന്ന റാസ്ക്കലല്ലുവേ താൻ. തന്നെ ഞാൻ പത്തു പറയണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. താനൊക്കെ മറ്റേ ചിട്ടയുടെ ആളല്ലേ... മിലിട്ടറി. പക്ഷേ ഞങ്ങൾ ജോലിക്കാരെ ചിട്ട പഠിപ്പിക്കുന്നതിന് മുൻപ് താൻ തന്റെ മോളെ നിലയ്ക്ക് നിറുത്തണം. (പുച്ഛിച്ച് ചിരിക്കുന്നു) യൂക്കാലിപ്റ്റസ് മരത്തിനിടയിൽ പരസ്പരം കെട്ടിപ്പുണർന്ന് മരം ചുറ്റി ഒാടുന്ന രണ്ട് യുവ മിഥുനങ്ങളെ ഞാൻ കണ്ടു. തന്റെ സ്വന്തം മോളും തന്റെ ആശുപത്രീലെ ആ വട്ടനും"
രവീന്ദ്രൻ- യു ബ്ളഡീ... അനാവശ്യം പറയരുത്.
അപ്പോൾ ജഗതിയുടെ നാരായണൻ വീണ്ടും:
അവരുടെ ആവശ്യം തനിക്ക് അനാവശ്യമായിരിക്കും. ഞാൻ കണ്ടതേ പറഞ്ഞുള്ളൂ. തന്നോട് മാത്രമല്ല ഇൗ നാട്ടിലുള്ള എല്ലാവരോടും ഞാൻ പറയുകയേം ചെയ്യും. ഇനി ഒരു മൈക്കും സൈക്കിളുമെടുത്തോണ്ട് ഞാൻ ഇറങ്ങാൻ പോകുവാ. രവീന്ദ്രാ.. തന്നെയും തന്റെ മോളേം ഇൗ നാട്ടില് ഇൗ നാരായണൻ നാറ്റിച്ചില്ലെങ്കിൽ തന്റെ പേര് തന്റെ പട്ടിക്ക് താനിട്ടോ.. (ചെകിടടച്ച് ഒന്ന് പൊട്ടിക്കുന്ന രവീന്ദ്രൻ. മറിഞ്ഞ് താഴെവീണ നാരായണൻ ചാടിയെണീറ്റ് സമനില വീണ്ടെടുത്ത്:) പോട്ടേ സാർ...
അമ്പിളിച്ചേട്ടന് താളവട്ടത്തിലെ ആ സീൻ ഷൂട്ട് ചെയ്തിട്ട് വൈകുന്നേരം ഉൗട്ടിയിൽ നിന്ന് കോയമ്പത്തൂരിലെത്തി വൈകുന്നേരം മറ്റേതോ ലൊക്കേഷനിലേക്ക് പോണം. ആറുമണിക്കെങ്കിലും തീർത്താലേ രാത്രി എട്ടര മണിക്ക് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലെത്തൂ. വൈകിട്ട് നാലരമണിക്കാണ് ആ സീൻ ഷൂട്ട് ചെയ്തതെന്ന് കേട്ടിട്ടുണ്ട്. ഒറ്റടേക്കിൽ ഒാ.കെ ആക്കിയാലേ അമ്പിളിച്ചേട്ടന് ട്രെയിൻ കിട്ടു. ഭയങ്കര ടെൻഷനായിരുന്നു. പക്ഷേ അമ്പിളിച്ചേട്ടൻ ഒറ്റ ടേക്കിലുള്ള ഷോട്ടിൽ ആ സീൻ ഒാ.കെയാക്കി.
ബോയിംഗ് ബോയിംഗ്
ബോയിംഗ് ബോയിംഗിൽ ശങ്കരാടിച്ചേട്ടൻ അവതരിപ്പിച്ച ദാമോദരൻ എന്ന കഥാപാത്രത്തിനു മുന്നിൽ കടലാസ് ചുരുകൾ നിവർത്തിയിട്ട് കൊണ്ട് ജഗതിയുടെ ഒ.പി. ഒളശ പറയുന്നുണ്ട്: ഇതാ ഒരു നീണ്ട കഥ. നീണ്ട... നീണ്ട കഥ.. ഇതാ പിടിച്ചോ. പിടിച്ചോ... ഇതാ പിടിച്ചോ...
ദാമോദരൻ - എന്താ ഇത്?
ഒ.പി. ഒളശ- ഒരു നീണ്ട കഥ. മണ്ണിൽ വിരിഞ്ഞ പൂക്കൾ വാടിയപ്പോൾ By ഒ.പി. ഒളശ. ഒളശ. പി.ഒ. തിരിച്ചിട്ടാലും മറിച്ചിട്ടാലും ഒളശ. . ഇത് വായിച്ചാൽ പെണ്ണുങ്ങൾ കരയും ആണുങ്ങൾക്ക് കലി വരും. കുട്ടികൾ ചിരിക്കും. സിനിമാക്കാർ വായിക്കും കാശ് തന്നവർ വാങ്ങിക്കും.
ദാമോദരൻ- എന്താ ഇതിന്റെ കഥ?
ഒ.പി. ഒളശ (പതിയെ)ഒരച്ഛൻ.. ഒരമ്മ. രണ്ട് കൊച്ചുകുഞ്ഞുങ്ങൾ. ഒരു കൊച്ചുകുടുംബം. സംതൃപ്തമായ കുടുംബം. (ഭാവം മാറുന്നു.) രാത്രി പന്ത്രണ്ട് മണി. നിശ്ചലമായ നിശ. എങ്ങും കനത്ത നിശബ്ദത. (അലർച്ചയോടെ).. അതാ ഇരുട്ടിൽ നിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു. ഒരു ബോംബ്.. രണ്ട് ബോംബ്.. മൂന്ന് ബോംബ്.. ഠേ.. ഠേ... ചറപറാ ബോംബ്...
യോദ്ധ
നേപ്പാളിലെ അമ്മാവന്റെ വീട്ടിൽ മോഹൻലാൽ അവതരിപ്പിക്കുന്ന തൈപ്പറമ്പിൽ അശോകനാണെന്ന് പറഞ്ഞ് കഴിയുകയാണ് ജഗതിയുടെ അരശുംമൂട്ടിൽ അപ്പുക്കുട്ടൻ. നേപ്പാളിലെ വീട്ടിലെത്തിയ അശോകനെ അപ്പുക്കുട്ടൻ പുറത്താക്കി. തന്റെ സഹോദരിയുടെ ഛായയുണ്ട് അയാൾക്കെന്നും സത്യമറിയാൻ സഹോദരിക്ക് കത്തെഴുതണമെന്നും എം.എസ്. തൃപ്പൂണിത്തുറ അവതരിപ്പിച്ച അമ്മാവൻ കുട്ടിമാമ പറയുമ്പോൾ അപ്പുക്കുട്ടൻ ഞെട്ടുന്നു.
കുട്ടിമാമ - അത് പറഞ്ഞപ്പോ നീയെന്തിനാ ഞെട്ടിയത്?
അപ്പുക്കുട്ടൻ: കുട്ടിമാമയ്ക്ക് എന്നെ വിശ്വാസമില്ലെന്ന് പറഞ്ഞപ്പോ ഞാൻ ഞെട്ടിമാമാ.
നന്ദനം
ഒാട്ടോയിൽ വീടിന് മുന്നിലേക്ക് വന്നിറങ്ങി ജഗതിയുടെ കഥാപാത്രം: 'ഗ്ളാനിർ ഭവതി ഭാരതാ..." (ഒാട്ടോ ഡ്രൈവറോടായി): എന്ത് തരണം?
ഡ്രൈവർ- അറുപത് രൂപ
ജഗതിയുടെ കഥാപാത്രം- ഇൗ പാട്ടയുടെ വിലയല്ല ചോദിച്ചത്.
ഡ്രൈവർ (മുറുക്കിത്തുപ്പിക്കൊണ്ട്): അറുപത് രൂപ കാട്ട്യേ.
ജഗതി: അറുപത് രൂപ കാട്ടാം. പക്ഷേ തരില്ല. ഞാൻ ഇരുപത്തിയഞ്ചു രൂപ തരും.
(ഒരു ചെറിയ വാഗ്വാദത്തിന് ശേഷം) ഉൗറിച്ചിരിച്ചുകൊണ്ട്..
ദുർവ്വാശി... ദുശാഠ്യം. ദുരാഗ്രഹം. കർമ്മാധിപ സ്ഥാനത്തൊരു മൂടലുണ്ട്. കർമ്മാധിപന്റെ ബലഹീനത, വിളർച്ച.. ഇങ്ങനെ പിടിച്ച് പറിച്ചുണ്ടാക്കുന്നത് മരുന്ന് കടയിൽ കൊണ്ടെക്കൊടുത്താൽ (കുടിക്കുന്ന ആംഗ്യത്തോടെ) കരള് കത്തിപ്പോകും അനിയാ..
(ഡ്രൈവർക്ക് കാശ് കൊടുക്കുന്നു. അയാൾ പോകാൻ തുടങ്ങുമ്പോൾ):
അനിയാ നിൽ! (തറയിലൊരു ചക്രം വരച്ച് മണ്ണെടുത്ത് പിടിച്ച് നെഞ്ചോട് ചേർത്ത് ഒരു സംസ്കൃത ശ്ളോകം ഉരുവിട്ട്) പോണവഴിക്ക് തീ പിടിച്ച് കത്തിപ്പോട്ടെ... (വാങ്ങിയ കാശ് തിരിച്ചുനൽകുന്ന ഒാട്ടോഡ്രൈവർ).
ധിം തരികിട തോം
ധിം തരികിട തോമിൽ മണിയൻ പിള്ള രാജു അവതരിപ്പിച്ച ബ്രാഹ്മണനായ സുബ്രഹ്മണ്യന്റെ വീട്ടിലേക്ക് ജഗതിയുടെ ശങ്കരൻ ചെരുപ്പിട്ട് കയറിച്ചെല്ലുന്നുണ്ട്. ആചാരാനുഷ്ടാനങ്ങളിൽ കടുത്ത നിഷ്ഠയുള്ള പാട്ടി അപ്പോൾ ശങ്കരനെ കണക്കറ്റ് ശകാരിക്കുന്നു. ശങ്കരനെക്കൊണ്ട് ചെരുപ്പൂരിച്ച് പുറത്തേക്കിടൂവിച്ച ശേഷം പാട്ടി വീടിനുള്ളിലേക്ക് പോകുമ്പോൾ ശങ്കരൻ (സുബ്രഹ്മണ്യത്തിന്റെ പ്രേമത്തിന് സഹായവും ഉപായങ്ങളുമായി വന്നതാണ് ശങ്കരൻ.
ഇൗ കരുവാട് കിളവി ഇവിടെയുള്ളപ്പോ എന്തിന് ആ പാവപ്പെട്ട പെണ്ണിനെ ഇവിടെക്കൊണ്ടുവന്ന് കഷ്ടപ്പെടുത്തുന്നത്.
സുബ്രഹ്മണ്യൻ-പാട്ടി ഒരു പഴഞ്ചൻ മനസ്ഥിതിക്കാരിയാ.
ശങ്കരൻ- ആദ്യം ഇവര് ചാവട്ട്. എന്നിട്ട് മതി പ്രേമോം പെണ്ണ് കാണലുമൊക്കെ സാമി.
സുബ്രഹ്മണ്യൻ- അയ്യോ മഹാപാപം പറയരുത്.
ശങ്കരൻ- എന്നാ സാമി ഒരുകാര്യം ചെയ്യ്. പട്ടിയുണ്ട് സൂക്ഷിക്കുകയെന്ന് ഗേറ്റിൽ ബോർഡെഴുതി തൂക്കണ പോലെ പാട്ടിയുണ്ട് സൂക്ഷിക്കുക എന്നൊരു ബോർഡെഴുതി തൂക്കീൻ. പന്ന പരട്ടക്കിളവി. ചാവേമില്ല, കട്ടിലൊഴിയേമില്ല. തൂഫൂ...
ഭൂമിയിലെ രാജാക്കന്മാർ
ഭൂമിയിലെ രാജാക്കന്മാരിൽ കളരിപ്പയറ്റ് പഠിക്കാൻ ജഗതിയുടെ ആരോമലുണ്ണി വരുന്നൊരു സീനുണ്ട്. കളരി വേഷങ്ങളൊക്കെയണിഞ്ഞ് 'ഹെന്റമ്മച്ചീ..." യെന്ന് പറഞ്ഞാണ് വരവ് തന്നെ.
പയറ്റിൽത്തന്നെ വീഴ്ത്തിയ അഭ്യാസിയോട്: തുളുനാട്ടിൽ നിന്നും കള്ളപ്പയറ്റ് പഠിച്ചിട്ട് വന്ന കള്ള ബഡുവാ.. ഇന്നിറങ്ങിക്കോണം ഇൗ അങ്കത്തട്ടീന്ന്. ഇൗ കൊട്ടാരവളപ്പീന്ന്. ഇൗ ടെറിട്ടറീന്ന്... പോടാ.. (പോകാതെ നിൽക്കുന്ന അഭ്യാസിയോടായി വീണ്ടും) പോടേയ്...
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിൽ കുട്ടിനിക്കറുമിട്ട് തന്റെ മകൾ ലിസിയുടെയടുത്ത് വന്ന് സംസാരിക്കുന്ന അമേരിക്കൻ റിട്ടേൺ ശ്രീനിവാസന്റെ എം.എ ധവാന്റെയടുത്തേക്ക് 'എടെടേയ്.." എന്ന് വിളിച്ച് ഒാടിവരുന്ന ജഗതിയുടെ കുറുപ്പ്.
'അമേരിക്കയാണെന്ന് പറഞ്ഞ് എന്ത് തോന്ന്യാസോം കാണിക്കാമെന്നോ" (തിരിഞ്ഞ് മകളോടായി) : ഒരുത്തൻ അണ്ടർവെയറുമിട്ടോണ്ട് മുന്നിൽ വന്ന് നിൽക്കുന്നു. നീയൊക്കെ കൂടി വായും പിളർന്ന് നോക്കിക്കോണ്ട് നിൽക്കുന്നു. കേറിപ്പോടീ അകത്ത്.
(അവർ പോയിക്കഴിഞ്ഞ് എം.എ ധവാൻ
അങ്കിൾ... ഇത് അണ്ടർവെയറല്ല. ഹാഫ് പാന്റ്സാണ്. ഇവിടെ കിടക്കുന്ന ഡ്യുക്ക്ലീസായ നിങ്ങൾക്കൊന്നും ഇതുപോലെയുള്ള ഗ്രൂവിയായുള്ള കോസ്റ്റ്യുംസ് കണ്ടാലറിയില്ല."
കുറുപ്പ് : 'ടേയ് ഇതുപോലൊരെണ്ണം ഞാനുമിട്ടിട്ടുണ്ട്. അതിന്റെ മേളിലാ ഇൗ മുണ്ടിടുത്തിരിക്കുന്നത്. മുണ്ടില്ലേ പറ. ഒരെണ്ണം ഞാൻ തരാം. പക്ഷേ ഉടുതുണി ഉടുക്കാതെ ഇവിടെ നടക്കാമെന്ന് വിചാരിച്ചാൽ ഇൗ കുറുപ്പിന്റെ കൊണം മാറും.
ലാൽസലാം
മോഹൻലാലിന്റെ സഖാവ് നെട്ടൂരാൻ വലിയ മുതലാളിയായശേഷം ജഗതിയുടെ ഉണ്ണിത്താനോട് 'പാർട്ടിക്കാരുടെ മുൻപിൽ ഞാനിപ്പോ ഒരു മുതലാളി മാത്രമാണെടോ" യെന്ന് പറയുന്നുണ്ട്.
അപ്പോൾ ഉണ്ണിത്താന്റെ മറുപടി: 'അതുകൊണ്ടിപ്പോ നാല് നേരോം വല്ലതും കഴിച്ചോണ്ട് കിടക്കുന്നു. അന്ന് നല്ല ബുദ്ധി തോന്നി ഇത്രേം ഉണ്ടാക്കിയിട്ടില്ലായിരുന്നെങ്കി സഖാവ് നെട്ടൂരാനിപ്പോ പട്ടിണിക്കോലമായി അന്നമ്മ പറയി പെറ്റ പന്തിരുകുലം പോലെ പന്ത്രണ്ടെണ്ണത്തിനേം പെറ്റ് അതുങ്ങളെല്ലാം കൂടി വല്ല പലഹാരക്കടയുടെ മുൻപിലും ചെന്ന് വായിനോക്കി കൊതിവെള്ളമിറക്കുന്നത് കണ്ട് സഹിക്കാൻ വയ്യാതെ മുതലാളി വല്ല കടൽപ്പുറത്തും ചെന്ന് വിഷമടിച്ച് ചത്തു കഴിയുമ്പോ അന്നമ്മേം പിള്ളേരേം പിടിച്ച് നിറുത്തി ഒരു ഫോട്ടോയുമെടുത്ത് പത്രസമ്മേളനോം നടത്തി നെട്ടൂരാൻ കുടുംബ സഹായ ഫണ്ട് ഉണ്ടാക്കി പുഴുങ്ങി ഉൗട്ടി ഉലത്തിയേനെ പാർട്ടിയിലെ കരിങ്കാലികൾ" . ഇതൊരു കോമഡി ഡയലോഗല്ല പക്ഷേ അമ്പിളിച്ചേട്ടൻ പറയുമ്പോൾ നമ്മൾ ഇൗ സീരിയസ് ഡയലോഗിന് പോലും ചിരിയോടെ കൈയടിക്കും. ഞാൻ ആ സിനിമയിൽ അസിസ്റ്റന്റ് ഡയറ ക്ടറായിരുന്നു.
മീശമാധവൻ
പട്ടാളക്കാരനായ പുരുഷു അവധിക്ക് വന്നതറിയാതെ രാത്രി അയാളുടെ ഭാര്യയുമായി രഹസ്യസമാഗമത്തിന് എത്തുമ്പോൾ അപ്രതീക്ഷിതമായി പുരുഷുവിനെകണ്ട് ഞെട്ടി ജഗതിയുടെ ഭഗീരഥൻ പിള്ള അയാളുടെ കാല്ക്കൽ സാഷ്ടാംഗം വീണ് പറയുന്ന ഒരു ഡയലോഗുണ്ട്: ''പുരുഷു എന്നെ അനുഗ്രഹിക്കണം."ഭാര്യയുടെ ജാരൻ ഭർത്താവിനോട് ഒരിക്കലും പറയാനിടയില്ലാത്ത ഡയലോഗിന് പിന്നിലെ നർമ്മം കാലമെത്ര കഴിഞ്ഞാലും നമ്മളെ ചിരിപ്പിക്കും.