അല്‍ഫോൻസ് പുത്രനെതിരെ സംവിധായകൻ വി കെ പ്രകാശ്. ട്രിവാന്‍ഡ്രം ലോഡ്ജ് സിനിമയുമായി ബന്ധപ്പെട്ട് അൽഫോൻസ് നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു വി കെ പ്രകാശിന്റെ പ്രതികരണം. അല്‍ഫോൻസ് പുത്രനെയോര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും സ്വന്തം മേഖലയോടുള്ള അനാദരവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
2013ല്‍ ഒരു ചാനലിന് നല്‍കിയ അൽഫോൻസിന്റെ അഭിമുഖം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അശ്ലീല ഡയലോഗുകൾ നിറഞ്ഞ സിനിമകൾ മലയാളത്തിലുണ്ടെന്ന് പറഞ്ഞ് ട്രിവാന്‍ഡ്രം ലോഡ്ജ് അടക്കമുള്ള സിനിമകളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അൽഫോൺസിനെതിരെ വി കെ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
'സാധാരണ ഇത്തരം മണ്ടന്‍ സംഭാഷണങ്ങളില്‍ ഞാന്‍ പ്രതികരിക്കാറില്ല. പക്ഷെ ഇതില്‍ പ്രതികരിക്കണമെന്ന് തോന്നി. സമൂഹമാദ്ധ്യമങ്ങളില്‍ അധികം പ്രശസ്തരല്ലാത്ത മറ്റ് സംവിധായകര്‍ക്ക് വേണ്ടിയാണിത്. ട്രിവാന്‍ഡ്രം ലോഡ്ജിന് ലഭിച്ചത് യുഎ സര്‍ട്ടിഫിക്കറ്റാണ്, യു സര്‍ട്ടിഫിക്കറ്റല്ല.
എന്തുകൊണ്ടാണ് ഈ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആ സമയത്ത് തന്നെ സെന്‍സര്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സംവിധായകരുടെ സിനിമകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തോടും ഞാന്‍ വിയോജിക്കുന്നു'. ഈ അഭിമുഖം എപ്പോള്‍ പുറത്തുവന്നതാണെന്ന് അറിയില്ലെന്നും. എപ്പോഴായാലും അത് മോശമായിപ്പോയി- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.