ന്യൂഡൽഹി: നടി കങ്കണ റണാവതിന്റെ കെട്ടിടം പൊളിച്ചതുപോലെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഷിംലയിലെ വീട് പൊളിക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാവ്. പ്രിയങ്ക ഗാന്ധിയുടെ ഷിംലയിലുള്ള ബംഗ്ലാവ് പൊളിക്കണമെന്ന് മഹിളാ മോര്‍ച്ചാ പ്രസിഡന്റ് രശ്മി ധര്‍ സൂദ് ബി ജെ പിയോട് ആവശ്യപ്പെട്ടു.
ഒമ്പത് ഏക്കറിലാണ് ഷിംലയിലെ പ്രിയങ്കാ ഗാന്ധിയുടെ ഭവനമുള്ളത്. രണ്ട് നിലകളുള്ള ആഡംബര വീടാണ് ഇത്. കങ്കണയുടെ വീട് പൊളിച്ചതിന് പകരമായി ഈ വീട് പൊളിക്കുമെന്ന് കഴിഞ്ഞ ദിവസം മഹിളാ മോര്‍ച്ചാ നേതാവ് ഭീഷണി മുഴക്കിയിരുന്നു. പ്രിയങ്കയുടെ ഷിംലയിലെ വീട് തകർക്കാനും മടിയില്ലെന്ന് രശ്മി പറഞ്ഞു. ബംഗ്ലാവ് നിര്‍മിച്ച സ്ഥലം പരിസ്ഥിതിലോല പ്രദേശമാണെന്നും ചില നേതാക്കള്‍ ആരോപിച്ചു. 2007ലാണ് ഈ സ്ഥലം പ്രിയങ്ക വാങ്ങിയത്.
അതേസമയം, പ്രിയങ്കയുടെ വീട് നിർമിച്ചത് നിയമങ്ങളെല്ലാം അനുസരിച്ചാണെന്ന് കോൺഗ്രസ് നേതാവ് കുൽദീപ് റാത്തോർ വ്യക്തമാക്കി. പ്രിയങ്കാ ഗാന്ധിയുടെ വീട് പൊളിക്കണമെന്ന ആവശ്യത്തോട് യോജിക്കുന്നില്ലെന്നും സുരക്ഷ ഒരുക്കുമെന്നും ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറഞ്ഞു.