ന്യൂയോർക്ക്: ഭൂമിയിൽ ഖനനം ചെയ്‌ത് നല്ല പരിചയ സമ്പന്നരായ കമ്പനികളെ തേടി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മറ്റൊന്നിനുമല്ല ചന്ദ്രനിൽ ഖനനം നടത്താൻ. കമ്പനികൾ അങ്ങനെ ഖനനം ചെയ്‌തെടുക്കുന്ന പാറകൾ, ചെളി മറ്റ് ചന്ദ്രോപരിതല വസ്‌തുക്കൾ എന്നിവ പണം കൊടുത്ത് നാസ വാങ്ങും. നാസ അഡ്മിനിസ്‌ട്രേറ്റർ ജിം ബ്രിസ്ഡെൻസ്‌റ്റൈനാണ് ഇങ്ങനെ അറിയിച്ചത്.
ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് സഹായകമാകാനാണ് ഖനന കമ്പനികളെ ഉപയോഗിച്ച് ഖനനം നടത്തുന്നതെന്ന് ജിം അറിയിച്ചു. റോബോട്ടുകളെ ഉപയോഗിച്ചാണ് കമ്പനികൾ ചന്ദ്ര ഖനനം നടത്തുക. നാസ നിലവിൽ തയ്യാറാക്കിയ പദ്ധതി പ്രകാരം 2024ൽ ചന്ദ്രനിൽ ബഹിരാകാശ യാത്രികരെ ഇറക്കുന്ന പദ്ധതിക്ക് സഹായകമായാണ് ഖനന പദ്ധതിയും. അതിന് മുൻഗാമി എന്ന നിലയിലാകും ഖനനം നടത്തുക. ചന്ദ്രനിലെ മണ്ണ് മനുഷ്യന് സ്വന്തമാക്കാം എന്ന് ലോകത്തെ അറിയിക്കാനാണ് ഖനനത്തിന് കമ്പനികളെ ക്ഷണിക്കുന്നതെന്ന് നാസ അറിയിച്ചു.
ചന്ദ്രനിൽ നിന്ന് ലഭിക്കുന്ന ഐസ് ഉൾപ്പടെയുളളവ സ്വന്തമാക്കുമെന്ന് നാസ അറിയിക്കുന്നു. ചന്ദ്രനിൽ മനുഷ്യൻ താമസിക്കുന്നതും ജോലി ചെയ്യുന്നതും ചർച്ചയാക്കുന്നുമുണ്ട് നാസ. ചന്ദ്രോപരിതലത്തിലെ ഐസും മറ്റും റോക്കറ്റ് ഇന്ധനമാക്കാമോ എന്ന് കമ്പനികൾക്ക് പരിശോധിക്കാൻ നാസ അനുവദിക്കും.