തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കാൻ ഇന്നലെ ചേർന്ന സർവ കക്ഷിയോഗം തീരുമാനിച്ചെങ്കിലും അന്തിമ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാകും എടുക്കുക. തീരുമാനം വരുന്നതുവരെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുനീങ്ങും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ചവറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും മുൻമന്ത്രിയുമായ ഷിബു ബേബി ജോൺ പറഞ്ഞു. ചവറയിൽ മാത്രമല്ല കുട്ടനാട്ടിലും മികച്ച ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിക്കും. ജനങ്ങൾ കൊവിഡിന്റെ ഭയത്തിൽ കഴിയുകയാണ്. മാത്രമല്ല ഉപതിരഞ്ഞെടുപ്പ് നടത്തുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. കേവലം അഞ്ച് മാസം മാത്രമേ കിട്ടുകയുള്ളൂ. ഷിബു ബേബി ജോൺ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
രാഷ്ട്രീയം പ്രതിഫലിക്കും
സംസ്ഥാന രാഷ്ട്രീയമായിരിക്കും ഉപതിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കാൻ പോകുന്നത്. സ്വർണക്കടത്ത് ഉൾപ്പടെയുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകും. ഓണക്കിറ്റ് കൊടുത്തതിൽ പോലും അഴിമതിയായിരുന്നു. ഗുണനിലവാരമില്ലാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ സാധനങ്ങളാണ് ഓണത്തിന് പാവപ്പെട്ടവന് വിതരണം ചെയ്‌തത്. ഈ സർക്കാരിന്റെ ഏറ്റവും വലിയ നിസംഗതയുടെ ഉദാഹരണമാണ് ഓണക്കിറ്റിലെ അലംഭാവം.
അപ്രതീക്ഷിതം ആ വിജയം
കഴിഞ്ഞ തവണ ചവറയിൽ സംഭവിച്ചത് അപ്രതീക്ഷിതമായ സംഭവമായിരുന്നു. വലതായാലും ഇടതായാലും ആർ.എസ്.പി ജയിച്ചുകൊണ്ടിരുന്ന മണ്ഡലത്തിലാണ് വിജയൻപിള്ള ജയിച്ചത്. വിജയൻപിള്ളയും ആർ.എസ്.പിക്കാരനായിരുന്നു. അവസാനകാലങ്ങളിലാണ് അദ്ദേഹം കോൺഗ്രസിലും അവിടെ നിന്ന് സി.എം.പിയിലേക്കും പോയത്. അങ്ങനെയുണ്ടായ വോട്ടു ചോർച്ചയിലാണ് ഇടതുമുന്നണിയ്ക്ക് വിജയം ഉണ്ടായത്. ആ പാളിച്ചകൾ ഇത്തവണ നികത്തും. ഈ തിരഞ്ഞെടുപ്പിനെ സത്യത്തിൽ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാനാകില്ല. ഒരു മോക്ക് ഫൈനലെന്ന് പറയാം. വേണമെങ്കിൽ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള സാമ്പിൾ സർവേയെന്നും വിശേഷിപ്പിക്കാം.
ജോസിന്റെ പിടിവാശി
കേരള കോൺഗ്രസിലെ ഭിന്നത ഐക്യജനാധിപത്യ മുന്നണിയെ ഒരു തരത്തിലും ബാധിക്കില്ല. എല്ലാവരും ഒരുമിച്ച് പോകണമെന്ന് തന്നെയായിരുന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. പക്ഷേ, ജോസ് കെ. മാണി പിടിവാശിയാണ് കാണിച്ചത്. യു.ഡി.എഫിന്റെ രാഷ്ട്രീയത്തിന് ആവശ്യമുള്ള മെയ്‌വഴക്കം അദ്ദേഹം കാണിച്ചില്ല. ജോസ് കെ. മാണി പോയത് നിർഭാഗ്യകരമാണ്. അദ്ദേഹവുമായി ചർച്ച നടത്താൻ ആർ.എസ്.പി മുൻകൈ എടുക്കില്ല.
ആർ.എസ്.പി വികാരം
സി.പി.എം എത്ര വാശിയോടെ ആർ.എസ്.പിയെ തകർക്കാൻ ശ്രമിക്കുന്നോ അത്രയും ആർ.എസ്.പി വികാരം ആ പ്രദേശത്ത് വളരും. അതാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കണ്ടത്. അതുകൊണ്ട് സി.പി.എമ്മിനെ ആർ.എസ്.പിക്ക് ഭയമില്ല. അവരുടെ ആക്രമണങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. ആർ.എസ്.പി വികാരം എന്നത് ചവറയിൽ പാർട്ടി പ്രവർത്തകർക്കിടയിൽ മാത്രമല്ല. മണ്ഡലത്തിലെ എല്ലാ കുടുംബങ്ങളിലും വ്യക്തിബന്ധങ്ങളുള്ള പാർട്ടിയാണിത്. ആ വികാരം ഈ തിരഞ്ഞെടുപ്പിൽ ഉയരും.
കുഞ്ഞുമോൻ വരുമോ?
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികൾ അങ്ങോട്ടോ ഇങ്ങോട്ടോ പോയെന്നിരിക്കും. അത് നിത്യസംഭവമാണ്. കോവൂർ കുഞ്ഞുമോൻ പോയതു കൊണ്ട് സംഘടനയെന്ന നിലയിൽ ഞങ്ങളുടെ പാർട്ടിയ്‌ക്ക് ഒന്നും സംഭവിച്ചിട്ടില്ല. കുഞ്ഞുമോനെ തിരികെ കൊണ്ടുവരാൻ ഞങ്ങളായിട്ട് ഒരു ശ്രമവും നടത്തില്ല. കുഞ്ഞുമോൻ ഇതുവരെ അങ്ങനെയൊരു താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.
ശക്തിയ്ക്കനുസരിച്ച് വിജയിക്കും
നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പിയുടെ സീറ്റുകളെ സംബന്ധിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ ആർ.എസ്.പിയുടെ ശക്തിയ്ക്ക് അനുസൃതമായി വിജയിക്കാൻ സാധിച്ചില്ല. അത് പ്രതികൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായിരുന്നത് കൊണ്ടാണ്. അതിനപ്പുറം പുതുതായി വന്നൊരു പാർട്ടി യു.ഡി.എഫ് സംവിധാനത്തോട് ഇഴുകി ചേരാനുള്ള ബുദ്ധിമുട്ടും കൊണ്ടായിരുന്നു. എന്നാൽ, അതിനുശേഷമുള്ള അഞ്ച് വർഷം കൊണ്ട് പൂർണ യോജിപ്പ് വന്നിട്ടുണ്ട്. അതിനാൽ ആർ.എസ്.പിയുടെ ശക്തിയ്ക്ക് അനുസരിച്ച് വിജയമുണ്ടാകും.
എണ്ണം കുറവെങ്കിലും അടിത്തറ ഭദ്രം
എൽ.ഡി.എഫിൽ ധാരാളം കക്ഷികളുണ്ടെന്നതിൽ ഞങ്ങൾക്ക് ഭയമൊന്നുമില്ല. സി.പി.എമ്മും സി.പി.ഐയും കഴിഞ്ഞാൽ നാലു പേരുള്ള ഒരു പാർട്ടിയും ആ മുന്നണിയിലില്ല. കുറേ പേരെ എടുത്തുവച്ചിരിക്കുന്നുവെന്നല്ലാതെ അവിടെ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എൻ.സി.പിക്കും ജനതാദളിനുമൊക്കെ എന്താ സ്വാധീനമുള്ളതെന്ന് നാട്ടിലെ ജനങ്ങൾക്കറിയാം. അതുപോലെയല്ല ഇപ്പുറത്തെ മുന്നണി. കക്ഷികളുടെ എണ്ണം കുറവാണെങ്കിലും ഐക്യമുന്നണിയുടെ അടിത്തറ ഭദ്രമാണ്.
തിരികെ വരുമെന്ന..
ഷിബു ബേബി ജോണിന്റെ മൊബൈലിലെ റിംഗ്ടോൺ അറബിക്കഥ എന്ന സിനിമയിലെ തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും.. എന്ന ഗാനമാണ്. അതേക്കുറിച്ച് ചവറയിൽ വീണ്ടും തിരികെ വരാനായി മത്സരിക്കുന്ന ഷിബു ബേബി ജോണിന്റെ മറുപടി ഇങ്ങനെ: ' സിനിമാപ്പാട്ടായി കാണേണ്ടവർക്ക് അങ്ങനെ കാണാം. അല്ലാത്തവർ അവരുടെ യുക്തിയ്ക്ക് അനുസരിച്ച് തീരുമാനിക്കട്ടെ. എന്തായാലും ഈ പാട്ട് റിംഗ്ടോൺ ആക്കിയിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ'.