alaska

അലാസ്കയിൽ ജീവിക്കുന്നത് അത്ര ചില്ലറ കാര്യമൊന്നുമല്ല. ജനവാസമില്ലാത്ത ഒരുപാട് പ്രദേശങ്ങൾ ഇപ്പോഴും അലാസ്കയിൽ ഉണ്ട്. തെക്കുകിഴക്കൻ തീരത്ത് എല്ലാ ജനങ്ങളും ജീവിക്കുമ്പോൾ, അതിന്റെ അതിരുകൾക്കപ്പുറത്ത് എന്താണുള്ളതെന്ന് പലരും ആശ്ചര്യപ്പെടാറുണ്ട്. തണുത്തുറഞ്ഞ പ്രദേശത്ത് മഞ്ഞ് മൂടുമ്പോൾ ചിലപ്പോൾ പുറംലോകവുമായുള്ള ബന്ധം വരെ നഷ്ടമാകും. അലാസ്കയിലെ വിറ്റിയർ എന്ന പട്ടണത്തിന് അതിനാൽ തന്നെ നിരവധി സവിശേഷതകളുണ്ട്. നാല് കിലോമീറ്റർ നീളമുള്ള ഒരു ടണൽ താണ്ടിയാണ് പട്ടണത്തിൽ പ്രവേശിക്കേണ്ടത്. ട്രെയിൻ സഞ്ചരിക്കുന്നതും ടണൽ വഴിയാണ്. അത് കഴിഞ്ഞാൽ നിങ്ങൾക്ക് പ്രിൻസ് വില്യം തീരത്തെ വിറ്റിയർ പട്ടണത്തിൽ എത്താം. ആദ്യം തന്നെ നിങ്ങളുടെ കണ്ണിൽപ്പെടുന്നത് അവിടത്തെ പ്രകൃതി ആകില്ല. പകരം അവിടെ ഉള്ള ഒരു വലിയ കെട്ടിടം മാത്രമാണ്. പേര് ബേഗിക് ടവേഴ്സ്. ആ പട്ടണത്തിൽ ഉള്ള എല്ലാവരും താമസിക്കുന്നത് ആ കെട്ടിടത്തിലാണ്. ഇതേ കെട്ടിടത്തിൽ തന്നെയാണ് പോസ്റ്റ് ഓഫീസും പലചരക്ക് കടയും ആശുപത്രിയും പള്ളിയും സ്ഥിതി ചെയ്യുന്നത്. കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം പോലും ഈ കെട്ടിടത്തിനകത്താണ്. 200 ആളുകൾ താമസിക്കുന്ന ഈ കെട്ടിടം പണ്ട് യു.എസ് സൈന്യം ഉപയോഗിച്ചിരുന്നതാണ്. ഏതു സമയത്തും പ്രകൃതി ക്ഷോഭം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഇവിടുത്തുകാരെല്ലാം കൂടെ ഒരു കെട്ടിടത്തിൽ തന്നെ താമസിക്കാം എന്ന് തീരുമാനിച്ചത്.