sanjana

ബം​ഗളൂരു: മയക്കുമരുന്ന് കേസിൽ സിനിമാ മേഖലയിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നു. കേസിൽ അറസ്റ്റിലായ നടി രാ​ഗിണി ദ്വിവേദി മൂത്ര സാമ്പിളിൽ വെള്ളം ചേർത്തു നൽകിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. മല്ലേശ്വരത്തെ കെ സി ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം.

രാഗിണിയെ ഡോക്ട‌ർമാ‌ർ കയ്യോടെ പിടികൂടുകയും അന്വേഷണ ഉദ്യോ​ഗസ്ഥരെ അറിയിക്കുകയുമായിരുന്നു. രാ​ഗിണിയുടെ പ്രവർത്തി വളരെ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. രാ​ഗിണിയെപ്പോലെ തന്നെ കേസിൽ അറസ്റ്റിലായ സഞ്ജനയും അന്വേഷണ ഉദ്യോ​ഗസ്ഥരുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. രക്തപരിശോധനയ്ക്ക് സഞ്ജന വിസമ്മതിച്ചു. താൻ നിരപരാധിയാണെന്നും പൊലീസിൽ വിശ്വാസമില്ലെന്നും സഞ്ജന പറഞ്ഞു.

''നിങ്ങൾ എന്തിനാണ് എന്നെ അറസ്റ്റുചെയ്തത്. എന്നെ ബലിയാടാക്കുകയാണ്. തെറ്റൊന്നും ചെയ്തിട്ടില്ല. നിങ്ങളിൽ വിശ്വാസമില്ല. പരിശോധനയ്ക്ക് സമ്മതം നൽകാതിരിക്കാനുള്ള ഭരണഘടന അവകാശം എനിക്കുണ്ട്. ഇക്കാര്യം അഭിഭാഷകനും അറിയിച്ചിട്ടുണ്ട്'' -അവർ പറഞ്ഞു. സഞ്ജന പൊലീസുകാരോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് അവർ പിന്നീട് അനുമതി നൽകിയത്.