ഒാണം, സിനിമ, നൃത്തം. ഹൃദയം പൂർവം മാളവിക മേനോൻ
കുട്ടിക്കാലത്തെ ഓണമാണ് എന്നും എന്റെ മനസിൽ നിറഞ്ഞു നിൽക്കുന്നത് .അത്തം മുതലേ ഞങ്ങളുടെ വീട്ടിൽ ആഘോഷം തുടങ്ങും . ഞാനും അനിയനും ആ സമയത്ത് അതിരാവിലെ എണീറ്റ് കുളിച്ചു തുമ്പയും മുക്കുറ്റിയും ചെമ്പരത്തിയുമെല്ലാം പറിക്കാൻ ഓടും .ഒപ്പം കൂട്ടുകാരുമുണ്ടാകും . തറവാട്ടിൽ നിന്ന് അച്ഛമ്മ വന്ന് നിലത്ത് പൂക്കളത്തറയിൽ ചാണകം മെഴുകും. ഞങ്ങൾ എല്ലാ ദിവസം മത്സരമായിരിക്കും .തുമ്പയും മുക്കൂറ്റിയും വിടർന്നു നിൽക്കുന്നത് കാണുമ്പോഴേ ഒരു ഐശ്വര്യമാണ്. കുസൃതി നിറഞ്ഞ ചിരിയോടെ യാണ് മാളവിക മേനോൻ ഓണ ഓർമ്മകളെ കുറിച്ച് വാചാലയാകുന്നത് . പതിന്നാലാം വയസിൽ മലയാള സിനിമയിൽ എത്തിയ മാളവിക മലയാളികളുടെ വീട്ടിലെ കുട്ടിയെന്ന ഇമേജിൽ തുടരുകയാണ്.സിദ്ധാർത്ഥ്് ഭരതന്റെ നിദ്രയിലൂടെ എത്തി. നടനിലും ,ജോസഫിലും ,ദേവയാനത്തിലും ,പൊറിഞ്ചു മറിയം ജോസിലും അങ്ങനെ തുടങ്ങി നിരവധി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു . മാളവികയുടെ മണമുള്ള ഓണക്കാലത്തിലൂടെ ഒരു യാത്ര.
ഓണം എന്നും പ്രിയ നൊസ്റ്റാൾജിയ
കൊടുങ്ങല്ലൂർ വീട്ടിലായിരുന്നു എന്റെ ചെറുപ്പം മുതലുള്ള എല്ലാ ഓണവും. പരീക്ഷയെല്ലാം കഴിഞ്ഞ് ഞാനും അനിയനും കാത്തിരിക്കും ഓണത്തിനായി. അത്തം മുതലേ ഞങ്ങൾക്ക് ഓണമാണ്. അന്നുണ്ടായ ഓണങ്ങളുടെ അത്ര ചന്തം ഇന്നുള്ള ഓണത്തിനില്ല. തറവാട് വീടിനോട് ചേർന്ന് കിടക്കുന്നത് കൊണ്ട് ഓണത്തിന് വിരുന്നു പോകന്നതെല്ലാം കുറവായിരുന്നു . നല്ല മണമുള്ള പുത്തൻ കോടിയെടുത്ത് കുറെ ഫോട്ടോകൾ പകർത്തുമായിരുന്നു. ഉച്ച സമയം ഒരു മേളമാണ് . അമ്മയുടെ ഓണ സദ്യയിൽ മാമ്പഴ കൂട്ടാനും,കൂട്ടുകറിയും , ഇഞ്ചി പുളിയും പാലട പ്രഥമനുമാണ് എനിക്ക് ഏറ്റവും ഇഷ്ടം . സദ്യ കഴിഞ്ഞാൽ ടിവിയുടെ മുൻപിൽ ഇരിക്കും . സിനിമ കാണൽ അന്നത്തെ പ്രധാന ഹോബിയാണ് .പഴയ ഓണക്കാലമെല്ലാം ഇപ്പോൾ ഒരുപാട് മിസ് ചെയുന്നുണ്ട്.
ഇത്തവണ ഒാണം സേഫായി വീട്ടിൽ
2020 ആയതുമാത്രമേ ഓർമ്മയുള്ളു. ഇപ്പോഴിതാ ഓണമായെന്നു പറയുമ്പോൾ അത്ഭുതമാവുന്നു. വിഷുവും ബക്രീദുമെല്ലാം വീട്ടിലാഘോഷിച്ചപോലെ നമുക്ക് ഓണവും വീട്ടിൽ ഇരുന്ന് ആഘോഷിക്കാം. കോവിഡ് 19 എന്ന മഹാമാരി ഈ വർഷം അവസാനമെങ്കിലും പോകുമെന്ന വിശ്വാസത്തിൽ മുന്നോട്ട് പോകാം. എന്റെ ഈ വർഷത്തെ ഓണം കൊച്ചിയിലെ വീട്ടിലായിരിക്കും. കേരള സാരിയെടുത്ത് ഫോട്ടോകൾ എടുത്തു ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യണം. അച്ഛനും അനിയനും അവിടെ നിന്ന് വന്നാൽ ഞങ്ങൾ നാലുപേരു കൂടി ഇരുന്ന് സദ്യ കഴിക്കും. പിന്നെ സിനിമകൾ കാണും. എല്ലാവരെയും വിളിച്ചു ഓണം വിഷ് ചെയ്യണം ഒപ്പം സേഫായി ഇരിക്കാൻ പറയണം .ഇതായിരിക്കും ഈ ഓണം .
സിനിമയിൽ എത്തിപ്പെട്ട വഴികൾ
സിദ്ധാർത്ഥ് ചേട്ടൻ എന്റെ സുഹൃത്താണ് . ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോഴാണ് 'ചെറിയൊരു വേഷമാണ് , മൂന്ന് ദിവസത്തെ ഷൂട്ട് കാണും ,മോൾ വേണമെങ്കിൽ വന്നു നോക്കു "ഇതാണ് സിദ്ധാർഥ് ചേട്ടൻ പറഞ്ഞത് . ഞാൻ വിചാരിച്ചു ചുമ്മാ പോയി നോക്കാമെന്ന് . അവിടെ പോയി നോക്കുമ്പോൾ റിമച്ചേച്ചി ,വിഷ്ണു ചേട്ടൻ , ലളിത മാം. ഇവരെയെല്ലാം കണ്ടപ്പോഴേ ഞാൻ ഹാപ്പിയായി .സിനിമ ആ സമയത്തൊന്നും ഒട്ടും ഗൗരവമായി എടുത്തില്ലായിരുന്നു. എം. മോഹനൻ സാറിന്റെ 916 എന്നചിത്രത്തിലാണ് ആദ്യ മായി പ്രധാന വേഷം ചെയ്യുന്നത്. അന്ന് ഞാൻ പത്താം ക്ലാസിൽ പഠിക്കുകയാണ് . 916 കഴിഞ്ഞയുടനെ ജയറാമേട്ടന്റെ നടനിൽ അഭിനയിച്ചു . നടൻ ചെയ്യുമ്പോഴാണ് സിനിമയെ കുറച്ചുകൂടെ സീരിയസായി കാണണമെന്ന് തീരുമാനിച്ചത് . ഇതിനിടയിൽ തമിഴിലും അഭിനയിച്ചു . പിന്നിട് ഒരുപാട് സിനിമകൾ അഭിനയിച്ചു . ജോസഫിലെയും ,മാമാങ്കത്തിലെയും ,പൊറിഞ്ചു മറിയം ജോസിലെയുമെല്ലാം കഥാപാത്രങ്ങൾ എപ്പോഴും പ്രിയപ്പെട്ടതാണ് .
വീട്ടിലെ കുട്ടിയായി എല്ലാവരും കാണുന്നു
എനിക്ക് ഇഷ്ടമാണ് നമ്മുടെ കുട്ടിയെന്ന ഇമേജ് .കാവ്യ ചേച്ചിയെപോലെ. ഇപ്പോഴത്തെ ഒരു ട്രെൻഡ് കണ്ട മുഖങ്ങളെക്കാൾ കൂടുതൽ ഫ്രഷ് ഫേസിലാണ് താത്പര്യം .അത് ആലോചിക്കുമ്പോൾ വിഷമം തോന്നാറുണ്ട്. 2013 ൽ സിനിമയിൽ എത്തിയ ആളാണ് ഞാൻ . പുറത്തു പോകുമ്പോൾ ആളുകൾ സ്നേഹത്തോടെ അടുത്തുവരും. അതു കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് . 2019ൽ ഒരുപാട് പുതുമുഖങ്ങൾ മലയാള സിനിമയിൽ എത്തിയിട്ടുണ്ട് . അന്ന ബെൻ ചെയ്ത കഥാപാത്രങ്ങളെല്ലാം ഒരുപാട് ഇഷ്ടമാണ്. കുമ്പളങ്ങി നെറ്റ്സിലെ ബേബിമോൾ ,ഹെലനിലെ ഹെലൻ ,കപ്പേളയിലെ ജെസി. ആ കഥാപാത്രങ്ങളെല്ലാം കണ്ടപ്പോൾ കൊതിതോന്നി. അതേപോലെ പഴയ സിനിമകൾ കാണുമ്പോൾ തോന്നും ആ കാലത്ത് ജീവിച്ചാൽ മതിയായിരുന്നുയെന്ന് .
നൃത്തമാണ് എന്റെ ആത്മാവ്
സിനിമയിലേക്ക് എന്റെ ജീവിതം തിരിച്ചു വിട്ടില്ലായിരുന്നെങ്കിൽ ഞാൻ നൃത്ത രംഗത്ത് എത്തുമായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയുംഎന്നെ നൃത്തം പഠിപ്പിച്ചു. മൂകാംബിക ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. മുതിർന്നപ്പോൾ നൃത്തത്തിനോടുള്ള അഭിനിവേശം കുറഞ്ഞു . പിന്നീട് കുറച്ചുനാൾ പാശ്ചാത്യ സംഗീതം പഠിച്ചു. സിനിമയിൽ സജീവമായതിനുശേഷമാണ് നൃത്തം ഗൗരവമായി കണ്ടുതുടങ്ങിയത്. ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്യുന്നുണ്ട് . ഇപ്പോൾ എന്റെ കണ്ണുകൾ പോലെയാണ് സിനിമയും നൃത്തവും.
കുടുംബമാണ് എനിക്ക് എല്ലാം
അമ്മയാണ് എന്റെ ശക്തി. ഇപ്പോൾ കൊച്ചിയിൽ ഞാനും അമ്മയുമാണ് നിൽക്കുന്നത് . കൊടുങ്ങല്ലൂരിലെ വീട്ടിൽ അച്ഛനും അനിയനും . അമ്മയുടെ പേര് ശ്രീകല .അമ്മ വീട്ടമ്മയാണ് . അച്ഛൻ ബാലചന്ദ്ര മേനോൻ .കൺസ്ട്രക്ഷൻ രംഗത്താണ് ജോലിചെയ്യുന്നത് . അനിയൻ അരവിന്ദ്.അവനിപ്പോൾ പത്താം ക്ലാസ് പൂർത്തിയായി . വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ വന്ന ആളാണ് ഞാൻ . അമ്മയുടെ പിന്നിൽ നടക്കുന്ന ഒരു പെൺകുട്ടിയായിരുന്നു ഞാൻ .സ്കൂൾ വിട്ടാൽ വീട് അല്ലാതെ ഒരു ലോകം ഉണ്ടായിരുന്നില്ല .അവിടെ നിന്ന് എന്റെ ഈ മാറ്റത്തിന്റെ മുഴുവൻ അവകാശവും കുടുംബത്തിന് .