അരുന്ധതിയുടെ കുഞ്ഞു കളിയും ചിരിയും നിറയുമ്പോൾ ആഘോഷത്തിൽ മുരളീകൃഷ്ണനും ശിവദയും
പുലർച്ചെ നാലുമണിക്ക് കുഞ്ഞുഅരുന്ധതി ഉണരും. മുരളി അച്ഛനെയും ശിവദ അമ്മയെയും പിന്നെ ഉറങ്ങാൻ അനുവദിക്കില്ല. അരുന്ധതിയുടെ കളികൾ തുടങ്ങുകയാണ്.കണ്ണുപാതി അടച്ചു ഉറക്കം നടിച്ചു കിടന്നാൽ അച്ഛന്റെയും അമ്മയുടെയും മൂക്കിലും വായിലും വിരൽ വയ്ക്കും.അപ്പോൾ പിന്നെ ഉറക്കം നടിച്ചു കിടക്കാൻ കഴിയില്ല . അരുന്ധതിയുടെ കളികളിൽ അവരും പങ്കുചേരും.അത് സുന്ദരമായ ആഹ്ളാദ നിമിഷങ്ങളായി മാറുന്നു. താരദമ്പതിമാരായ മുരളീകൃഷ്ണന്റെയും ശിവദയുടെയും മകളാണ് ഒരു വയസുകാരി അരുന്ധതി. ചതയം നക്ഷത്രം. വിനയൻ സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ" എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചാണ് മുരളീകൃഷ്ണന്റെ അഭിനയജീവിതം തുടങ്ങുന്നത് . സംവിധായകൻ ഫാസിലിന്റെ കണ്ടെത്തലാണ് ശിവദ. ജൂലായ് 20ന് അരുന്ധതിയുടെ ഒന്നാം പിറന്നാളായിരുന്നു. ആലപ്പുഴ നീർക്കുന്നം 'കൃഷ്ണഗീതം" എന്ന വീടാണ് ഇപ്പോൾ ലൊക്കേഷൻ.ചെന്നൈയിൽനിന്ന് ലോക് ഡൗണിലാണ് അരുന്ധതിയുടെ അച്ഛൻ വീട്ടിൽ വന്നത്. അന്നു മുതൽ ശിവദയുടെ ടൈംടേബിൾ അരുന്ധതിയാണ് നിശ്ചയിക്കുന്നത്. മൂഡ് അനുസരിച്ചാണ് അരുന്ധതി ഉണരുന്നതും ഉറങ്ങുന്നതും. ചില ദിവസം പുലർച്ചെ 4.30ന് ഉണർന്നാൽ പിന്നെ എട്ടുമണിക്കാണ് അടുത്ത ഉറക്കം. ചില രാത്രി ഒരുമണിവരെ ഉറങ്ങാറില്ല. ദിവസവുംരണ്ടരമണിക്കൂർ യോഗയുടെയും നൃത്തത്തിന്റെയും പഠനക്ളാസിലാണ് ശിവദ. ആസമയത്ത് അരുന്ധതി അച്ഛച്ഛന്റെയും അച്ഛമ്മയുടെയും കൈയിലായിരിക്കും. അച്ഛാ, അമ്മ, ടാറ്റ . ഇതാണ് അരുന്ധതിയുടെ കുഞ്ഞുവർത്തമാനങ്ങൾ.നിറഞ്ഞു ചിരിച്ചു മുരളീകൃഷ്ണനും ശിവദയും മിണ്ടി തുടങ്ങി.
എന്തൊക്കെയാണ് മുരളീകൃഷ്ണൻ എന്ന അച്ഛന്റെയും ശിവദ എന്ന അമ്മയുടെയും വിശേഷങ്ങൾ?
മുരളി : മുൻപ് മാസത്തിൽ പതിനഞ്ച് ദിവസമായിരുന്നു ഞങ്ങൾ തമ്മിൽ കണ്ടിരുന്നത്. കുഞ്ഞ് ജനിച്ച ശേഷം ഇതിനു മാറ്റം വന്നു. കുഞ്ഞിന്റെ കാര്യത്തിനാണ് ആദ്യ പരിഗണന.അതു സന്തോഷമുള്ള കാര്യമാണ്. പുറത്തു പോയാൽ എത്രയും വേഗം വീട്ടിൽ എത്തണമെന്നാണ് ആഗ്രഹം.
ശിവദ :ലോക് ഡൗണായതിനാൽ മോളുടെ കൂടെതന്നെയാണ്. രാവിലെ 6.30ന് യോഗ ക്ളാസ്. അതു കഴിഞ്ഞു നൃത്തത്തിന്റെ ഒാൺലൈൻ ക്ളാസ്. ഭരതനാട്യത്തിൽ പി. ജി ചെയ്യുന്നു. ധാരാളം അസൈൻമെന്റുണ്ട്.മാധവൻ സാറിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രമായ മാരന്റെ ഡബ്ബിംഗ് ജോലിയും ഇതിനൊപ്പം നടക്കുന്നുണ്ട്.എല്ലാത്തിന്റെയും കൂടെ മോളുടെ കാര്യങ്ങളും നോക്കണം. എന്റെ കാര്യം ഒന്നും മാറ്റിവയ്ക്കുന്നില്ല. മോളുടെയും. എല്ലാ കാര്യങ്ങളും ഒരേപോലെ നടക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങൾ തിരിച്ചറിഞ്ഞു നിർവഹിക്കാൻ കഴിയുന്നു.ഞങ്ങൾ രണ്ടുപേരുടെയും വീട്ടുകാർ ഒപ്പമുള്ളതിനാലാണ് ഇങ്ങനെ ചെയ്യാൻ സാധിക്കുന്നത്.
രണ്ടുപേരുടെയും ജീവിതം അരുന്ധതി മാറ്റിമറിച്ചല്ലേ?
മുരളി :ജീവിതം കുടുതൽ ആഹ്ളാദരിതമായി. ഒാരോ ദിവസവും സുന്ദരം.കുഞ്ഞിനൊപ്പം ചിലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുന്നു.
ശിവദ : പുതിയ ഒരാൾ ജീവിതത്തിൽ വരുമ്പോൾ ഉണ്ടാവുന്ന മാറ്റം സംഭവിച്ചിട്ടുണ്ട്.മുൻപ് നിശ്ചയിക്കുന്നതുപോലെയായിരുന്നു കാര്യങ്ങൾ. മറ്രൊന്നും നോക്കേണ്ട ആവശ്യമില്ല. ഇപ്പോൾ മോളുടെ കാര്യമാണ് ആദ്യം. ഒരു കാര്യം നാളെ ചെയ്യണമെന്ന് വിചാരിക്കുമ്പോൾ ആസമയത്ത് മോൾ ഉണരും.അപ്പോൾ ആ കാര്യം പിന്നത്തേക്ക് മാറ്റിവയ്ക്കേണ്ടി വരും.ക്ളാസ് തുടങ്ങും മുൻപേ മോളുടെ കാര്യങ്ങളെല്ലാം അത്യാവശ്യം ചെയ്തു കഴിയും. എല്ലാ കാര്യങ്ങളും ചെയ്യാൻ സമയം ലഭിക്കുന്നുണ്ട്.
അരുന്ധതി എന്ന പേരിന് പഴമയുണ്ട്. ഒപ്പം പുതുമയും?
മുരളി :പൂർണതയുള്ള പേരായിരിക്കണമെന്നും ചെല്ലപ്പേര് വേണ്ടെന്നും ആദ്യമേ തീരുമാനിച്ചു. വസുന്ധര എന്ന പേരിട്ടാൽ വസു എന്നു വിളിക്കും.ഏതു പേര് ഇട്ടാലും ചെല്ലപ്പേര് ഉണ്ടാവും. അരുന്ധതി എന്നു മാത്രമേ വിളിക്കാൻ കഴിയൂ.
ശിവദ : വലിയ പേര്. ഒപ്പം പുതുമ വേണമെന്നും ആഗ്രഹിച്ചു. അരുന്ധതി എന്നു വിളിച്ചാൽ അപ്പോൾ തന്നെ ആള് നോക്കും. തന്നെയാണ് വിളിക്കുന്നതെന്ന് അറിയാം.അരുന്ധതി എന്നു എല്ലാവരും വിളിക്കണമെന്ന ആഗ്രഹം ഞങ്ങൾ രണ്ടുപേർക്കുമുണ്ട്. ദേവകി, ജാനകി, കല്യാണി എന്നീ പേരുകൾ നേരത്തേ മനസിലുണ്ടായിരുന്നു.എന്നാൽ ഇരുപത്തിയെട്ടിന്റെ തലേ ദിവസം പോലും പേര് നിശ്ചയിച്ചില്ല. പേര് നിശ്ചയിച്ചോ എന്ന് എല്ലാവരും ചോദിച്ചു. ഇല്ല എന്നു പറഞ്ഞപ്പോൾ തമാശ എന്നു അവർ കരുതി. എന്നാൽ രാത്രി പതിനൊന്നുമണി കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരേപോലെ പറഞ്ഞു : അരുന്ധതി.
ഇൻസ്റ്റഗ്രാമിൽ ശിവദയേക്കാൾ താരം അരുന്ധതി തന്നെയാണ്?
മോളുടെ ഒപ്പം ഉള്ള ചിത്രങ്ങൾക്കും വിഡിയോയകൾക്കുമാണ് കൂടുതൽ ലൈക്ക്. ഇൻസ്റ്റയിൽ എനിക്ക് ഒരു ലക്ഷം ഫോളോവേഴ് സേയുള്ളൂ. ആദ്യം മോളുടെ ചിത്രങ്ങൾ ഷെയർ ചെയതില്ല. ഞാൻ യോഗ ചെയ്യുന്ന ചിത്രത്തിൽ മോളുണ്ടായിരുന്നു. ആ ചിത്രത്തിന് കുറെ ലൈക്ക് കിട്ടി. മദേഴ്സ് ഡേ യുടെ വിഡിയോയ്ക്ക് ഒരുപാട് വ്യുവ്സും ലഭിച്ചു. എന്നോടുള്ള സ് നേഹം ആളുകൾ മോളോട് കാട്ടുന്നതിൽ ഒരുപാട് സന്തോഷമുണ്ട്.
കാലടി ആദിശങ്കര ഇൻസ്റ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥികൾ ജീവിതത്തിൽ ഒന്നിച്ചു?
മുരളി : കോളേജിൽ ഞാൻ ആർട്സ് ക്ളബ് സെക്രട്ടറി. ശിവദ യൂണിയൻ വൈസ് ചെയർപേഴ് സൻ. നല്ല സുഹൃത്തുക്കളായാണ് മുൻപോട്ടു പോയത്. 2009 ൽ കോഴ് സ് കഴിഞ്ഞു. 2015ൽ വിവാഹം. ഇതിനിടയിലെ ആറു വർഷം ഞങ്ങൾ പ്രണയിച്ചു. വിവാഹത്തിനു മുൻപേ ശിവദ സിനിമയിൽ അഭിനയിച്ചു. അപ്പോൾ ഞാൻ ചാൻസ് ചോദിച്ചു നടക്കുന്ന സമയം. സിനിമാ വിശേഷം പങ്കുവയ്ക്കാൻ കൂടിയായി പിന്നത്തെ വിളി.
ശിവദ : ഞങ്ങൾ ക്ളാസ് മേറ്റ്സല്ല, ബാച്ചുമേറ്റ്സായിരുന്നു, പ്രണയം എന്നു പറയാൻ കഴിയില്ല. നല്ല സൗഹൃദം. പിന്നീട് ആ സൗഹൃദം വളർന്നു. ഡിസംബർ 14ന് അഞ്ചാം വിവാഹ വാർഷികം.
'ലിവിംഗ് ടുഗെദർ"സിനിമയിൽ നായികയായി അഭിനയിച്ച ശിവദയെ പ്രേക്ഷകർക്ക് അറിയില്ലെന്ന് തോന്നുന്നു?
ആസമയത്ത് ഞാൻ ശിവദയല്ല, ശ്രീലേഖയാണ്.മാത്രമല്ല, ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ഫാസിൽ സാർ എന്ന പ്രതിഭാധനനായ സംവിധായകന്റെ സിനിമയിൽ നായികയായി തുടക്കം കുറിക്കാൻ കഴിഞ്ഞു എന്നതാണ് എനിക്ക് ലഭിച്ച ഭാഗ്യം. ഫാസിൽ സാർ കണ്ടെത്തിയ നായിക എന്ന പേരാണ് തമിഴിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിന് കാരണം. തമിഴ് സിനിമ കണ്ടാണ് രഞ്ജിത് സാർ സു..സു.. സുധി വാത്മീകത്തിലേക്ക് വിളിക്കുന്നത്. ഒരു സിനിമയിൽനിന്ന് മറ്റൊരു ഭാഷയിലേക്ക്. അവിടെനിന്ന് സുധി.. സുധി.. വാത്മീകം. എല്ലാം പരസ്പരം ഒത്തുചേർന്നു. എന്നാൽ എല്ലാത്തിനും കാരണം ലിവിംഗ് ടുഗെദർ എന്ന ചിത്രമാണ്.
സു..സു... സുധിവാത്മീകത്തിലെ കല്യാണിയെ പോലെ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ പിന്നീട് ലഭിച്ചില്ലല്ലേ?
ഏറെ പ്രശസ്തിയാണ് കല്യാണി തന്നത്. സു.. സു..സുധി വാത്മീകം കഴിഞ്ഞു ആറു സിനിമകൾ ചെയ്തു. എന്നാൽ സു. സു..സുധി വാത്മീകം തന്ന പ്രശസ്തി പിന്നീട് ലഭിച്ചില്ല. ശിക്കാരി ശംഭുവിലെ അനിത എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു. ഈ രണ്ടു കഥാപാത്രങ്ങളാണ് പ്രേക്ഷകർ ഇപ്പോഴും ഒാർത്തിരിക്കുന്നത്. നടി എന്ന നിലയിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചത് തമിഴിലാണ്. മലയാളത്തിൽനിന്ന് മികച്ച കഥാപാത്രങ്ങൾ ഇനി വരുമെന്നുമാണ് പ്രതീക്ഷ. നല്ല കഥാപാത്രം എവിടെനിന്നാണോ ലഭിക്കുക അവിടെയായിരിക്കുമല്ലോ ശ്രദ്ധ കേന്ദ്രീകരിക്കുക. തമിഴിലാണ് കൂടുതൽ സജീവം. നെടുംചാലെ, സീറോ, അതേ കൺകൾ എന്നീ മൂന്നു സിനിമകളെ തമിഴിൽ റിലീസ് ചെയ്തിുള്ളൂ. എന്നാൽ മൂന്നു ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചു. ആ സ്വീകാര്യത മലയാളത്തിൽനിന്ന് ലഭിച്ചില്ല.
ലൂസിഫറിൽ ഒരു സീനിലാണ് ശിവദയെ കണ്ടത്?
ആ കഥാപാത്രം ചെയ്യാൻ ഇന്ദ്രേട്ടനാണ് വിളിച്ചത്. ചെറിയ വേഷമാണെന്ന് പറഞ്ഞു. എന്നാൽ നല്ല അവസരമെന്ന് തോന്നി. ലാലേട്ടന്റെ സിനിമ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നു. പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന കുറെ താരങ്ങൾ ആ സിനിമയുടെ ഭാഗമായിട്ടുണ്ട്. അവരുടെ ഒപ്പം അഭിനയിക്കാൻ കഴിയുക എന്നത് ഭാഗ്യമായി കരുതി. ലൂസിഫർ റിലീസ് ചെയ്തപ്പോൾ മലയാളത്തിൽനിന്ന് മാത്രമല്ല, തമിഴ് നിന്നു പോലും മെസേജ് വന്നു. ഒരു സർപ്രൈസ് പാക്കേജ് എന്ന മെസേജ്. അത് ഒരുപാട് സന്തോഷം തന്നു. മുഴുനീളെ കഥാപാത്രം ചെയ്യാതെ ചെറിയ വേഷം വലിയ സിനിമയിൽ അവതരിപ്പിച്ചത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു.
ചെന്നൈ ജീവിതം എങ്ങനെ പോവുന്നു ?
മുരളി : വിവാഹശേഷമാണ് ചെന്നൈയിൽ പതിവായി പോവുന്നതും സ്ഥിരതാമസമാക്കുന്നതും. മുൻപ് അഭിനയിക്കാൻ ചാൻസ് ചോദിച്ചു ചെന്നൈയിൽ പോയി. ഏഴു വർഷമായി അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. അഭിനയം എന്നും ഇഷ്ടവും താത്പര്യവുമാണ്. എപ്പോഴാണ് കൃത്യമായി വന്നുചേരുക എന്നു പറയാൻ കഴിയില്ലല്ലോ.
വിജയ് സേതുപതിയുടെ തുഗ്ളക് ദർബാർ എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിക്കുന്നുണ്ട്. ഇലക്ട്രിക്കൽ ഉത്പന്നങ്ങളുടെ ബിസിനസുമുണ്ട്. മിക്കപ്പോഴും യാത്രയിലായിരിക്കും.
ശിവദ :എട്ടാം ക്ളാസ് വരെ ചെന്നൈയിലാണ് പഠിച്ചത്. അച്ഛന് അവിടെയായിരുന്നു ജോലി.അവധിക്കാലത്ത് അങ്കമാലിയിലെ വീട്ടിൽ വരുമായിരുന്നു. എന്റെ പ്രിയ നഗരമാണ് ചെന്നൈ. ലോക് ഡൗൺ കഴിഞ്ഞു മടങ്ങണം.