തിരക്കഥാകൃത്തായ ചെറിയാൻ കൽപകവാടിയും സഹോദരൻ ലാൽ വർഗീസ് കല്പകവാടി (കർഷക കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി ഇപ്പോൾ മത്സരിച്ചു)യും എന്റെ ബാല്യകാല സുഹൃത്തുക്കളാണ്. മൂന്നാം ക്ളാസ് മുതൽ ചെറിയാച്ചൻ എന്റെയൊപ്പമാണ് പഠിച്ചത്. തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ.
പഠിക്കുന്ന കാലത്ത് ഞാനവരുടെ വീട്ടിലൊക്കെ പോയിട്ടുണ്ട്. അതേക്കുറിച്ച് മുകേഷ് കഥകളിൽ മുൻപൊരിക്കൽ ഞാൻ വിശദമായി എഴുതിയിട്ടുണ്ട്.
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ സ്കൂളിൽ ഞങ്ങൾ പഠിക്കുമ്പോൾ പലരും പറഞ്ഞിട്ടുണ്ട്, രണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ, ഒ. മാധവന്റെയും വർഗീസ് വൈദ്യന്റെയും മക്കൾ ഒരുമിച്ച് വന്നുവെന്ന്.
പിൽക്കാലത്ത് ചെറിയാനും ലാലും കൂടി കേരളത്തിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ റെസ്റ്റോറന്റായ കല്പകവാടി ഇൻ തോട്ടപ്പള്ളിയിൽ തുടങ്ങി.
വിദേശ രാജ്യങ്ങളിലെയൊക്കെപ്പോലെ ഫിഷ് ടാങ്കിലും കുളത്തിലും വിഹരിക്കുന്ന മീനുകളെ ചൂണ്ടിക്കാണിച്ച് കൊടുത്താൽ അതിനെ ആവശ്യക്കാർക്ക് കറിവച്ചും പൊരിച്ചും നല്കുന്ന സമ്പ്രദായം കല്പകവാടിയിലുണ്ടായിരുന്നു.
കല്പകവാടി ഇന്നിന് മുന്നിലൂടെ എപ്പോൾ പോയാലും ഭക്ഷണം കഴിക്കുന്ന സമയമാണെങ്കിൽ ഞാൻ അവിടെ കയറുമായിരുന്നു. ഒന്നുകിൽ ചെറിയാച്ചൻ അവിടെ കാണും. അല്ലെങ്കിൽ ലാൽ കാണും.
സിനിമയിൽ വന്ന കാലം മുതൽ അവിടെ ചെല്ലുമ്പോൾ വലിയ പരിഗണന ലഭിച്ചിരുന്നു. ആലപ്പുഴയിൽ ഷൂട്ടിംഗ് നടക്കുന്ന സമയങ്ങളിൽ വൈകുന്നേരത്തെ ഷൂട്ടിംഗ് കഴിഞ്ഞാൽ കല്പകവാടിയിൽ പോയിട്ടേ ഇല്ലാത്തവർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെയെന്ന് കരുതി ഞാൻ പറയും നല്ല മീനും മധുരക്കള്ളും കിട്ടുന്ന സ്ഥലത്ത് കൊണ്ടുപോകാമെന്ന്.
അവരെയും കൊണ്ട് തോട്ടപ്പള്ളിവരെ കാറോടിച്ച് കല്പകവാടിയിൽ വന്ന് ഭക്ഷണം കഴിച്ച് തിരിച്ചുപോകുമ്പോൾ അവരെല്ലാം ഒരേ സ്വരത്തിൽ പറയും : ഹോ! എന്തൊരു ഗംഭീര ഭക്ഷണമായിരുന്നു. ഒരിക്കലും മറക്കില്ല. ആ രുചിയും അവിടത്തെ അന്തരീക്ഷവും.
കല്പകവാടിയിൽ അക്കാലത്ത് ഒരു വെയിറ്ററുണ്ടായിരുന്നു. രാമചന്ദ്രൻ എന്നാണ് പേര്. ലോകമെമ്പാടുമുള്ള പല പല ഹോട്ടലുകളിൽ താമസിക്കുകയും പല പല റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും രാമചന്ദ്രനെപ്പോലെ ഒരു വെയിറ്ററെ ഒരിടത്തും ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.
രാമചന്ദ്രന് സ്ഥിരം കസ്റ്റമേഴ്സുണ്ട്. ലീവാണെന്നറിഞ്ഞാൽ ഭക്ഷണം കഴിക്കാതെ തിരിച്ചുപൊയ്ക്കളയുന്നവർ.
അവർ വന്നു രാമചന്ദ്രനുണ്ടോ എന്ന് ചോദിക്കും. ''ഇല്ലല്ലോ, ലീവിലാണ്. വീടുവരെ പോയിരിക്കുകയാ."" എന്ന മറുപടി കിട്ടിയാൽ "" എന്നാൽ പിന്നെ പോയിട്ട് വെറൊരു ദിവസം വരാം"" എന്നു പറഞ്ഞ് മടങ്ങും.
കല്പകവാടിയിലെ രുചികരമായ ഭക്ഷണത്തേക്കാൾ ഡിമാൻഡുണ്ടായിരുന്നു രാമചന്ദ്രന്.
സ്ത്രൈണതയുണ്ട് രാമചന്ദ്രന്. സ്വതവേയുള്ളതാണോ അതോ അങ്ങനെ അഭിനയിക്കുന്നതാണോ എന്നതിലേയുള്ളൂ സംശയം. ഭക്ഷണം കഴിക്കാൻ ചെല്ലുന്നവർക്ക് വിളമ്പിക്കൊടുക്കുന്നതിനൊപ്പം മീനിന്റെ ഗുണഗണങ്ങളെപ്പറ്റിയൊക്കെ വർണിക്കാൻ അല്പം സ്ത്രൈണ ഭാവമുള്ളത് നല്ലതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
എന്നെ കാണുമ്പോഴേ ''മുകേഷ് സാറേ......."" എന്ന് രാമചന്ദ്രൻ നീട്ടിവിളിക്കും.
''ടേയ്.... കൊഞ്ചുണ്ടോ""എന്ന് ചോദിച്ചാൽ ആവേശത്തോടെ പറയും: ''കൊഞ്ചൊണ്ട് കൊഞ്ചൊണ്ട് ""എന്ന് മറുപടി പറഞ്ഞിട്ട് പതുക്കെ പറയും : ''കൊഞ്ച് കറി വാങ്ങിയാൽ മതി. പൊരിച്ചത് പോരാ""
അങ്ങനെ പറയുന്നത് അയാളുടെ ടെക്നിക്കാണോ ടാക്റ്റിക്സാണോ എന്നറിയില്ല. അങ്ങനെ പറയുമ്പോൾ അയാൾ നമ്മുടെ ആളായിക്കഴിഞ്ഞു.
കൊഞ്ച് കറി വാങ്ങിച്ചാൽ മതി. പൊരിച്ചത് അത്ര പോരായെന്ന് ഒരു വെയിറ്റർ പറയണമെങ്കിൽ അയാൾക്ക് എത്ര ആത്മാർത്ഥതയുണ്ടായിരിക്കണം! ഒരു കൊഞ്ച് പൊരിച്ചത് വാങ്ങിക്കുമായിരുന്ന കസ്റ്റമേഴ്സ് അപ്പോൾ മൂന്ന് കൊഞ്ചുകറി വാങ്ങും. അതായിരുന്നു രാമചന്ദ്രന്റെ ടെക്നിക്.
കേരളമെമ്പാടും ഫാൻസുണ്ടായിരുന്നു രാമചന്ദ്രന്. അയാൾ പറയുന്ന ഭക്ഷണം മാത്രം കഴിക്കുകയും ടിപ്പ് വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന 'കട്ട" ഫാൻസ്. ''പാഴ്സൽ അത് വാങ്ങണ്ട. നിങ്ങൾ വീട്ടിൽ ചെല്ലാൻ രണ്ടുമൂന്ന് മണിക്കൂർ എടുക്കില്ലേ! അതുവരെ ഇരിക്കണമെങ്കിൽ കണമ്പ് മസാല പാഴ്സൽ വാങ്ങിയാൽ മതി.'' കസ്റ്റമേഴ്സിനെ ഉപദേശിക്കും.'' അതുമതി അതുമതി "" കസ്റ്റമേഴ്സ് നൂറുവട്ടം ആ ഉപദേശം സമ്മതിക്കും. രാമചന്ദ്രൻ എന്തു പറയുന്നോ അതിലപ്പുറമില്ല.
ചില ദിവസം രാമചന്ദ്രനെ കിട്ടില്ല. ഞാൻ ചെല്ലുമ്പോൾ മുൻകൂറായി വന്ന് രാമചന്ദ്രൻ പറയും: ''മുകേഷ് സാറേ.... ഇന്ന് ഒരുപാട് പേരുണ്ട്. ഞാൻ ചെന്നില്ലെങ്കിൽ അവരൊക്കെ പിണങ്ങും. നല്ല സാധനം കൊടുത്തുവിടാം. നമ്മുടെ പയ്യനെ അങ്ങ് വിടാം. സാറങ്ങനെ വലുതായിട്ടാെന്നും കഴിക്കില്ലല്ലോ."" ഒഴിവ്കഴിവ് പറഞ്ഞുപോകും.
ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ രാമചന്ദ്രൻ ആകെ തകർന്ന് നില്ക്കുന്നതാണ് കണ്ടത്.''രാമചന്ദ്രാ....ഹലോ.... വാ"" ഞാൻ വിളിച്ചു. പക്ഷേ, രാമചന്ദ്രന് ഒരു ഉന്മേഷമില്ല.''എന്ത്, പറ്റി സുഖമില്ലേ?"" ഞാൻ ചോദിച്ചു.''ഒന്നുമില്ല.... സാറേ..."" ഒരു ദീർഘ നിശ്വാസത്തോടെ രാമചന്ദ്രൻ പറഞ്ഞു. ആ മുഖത്ത് വല്ലാത്തൊരു ഭീതിയും ഭയവും ഞാൻ കണ്ടു.''ഇയാളെ ഇതിനു മുൻപ് ഇങ്ങനെ കണ്ടിട്ടില്ലല്ലോ! എന്തു പറ്റി?""ഞാൻ വീണ്ടും ചോദിച്ചു.
രാമചന്ദ്രന്റെ അടുത്ത് നിന്ന മറ്റ് ചില വെയിറ്റർമാർ എന്റെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു. "സാറൊന്നും അറിഞ്ഞില്ലേ! സാറേ.... ആരാ ഈ നില്ക്കുന്നതെന്നറിയാമോ! മറ്റേയാള് മരിച്ചുപോയി. അറിഞ്ഞില്ലേ... ഇത് പ്രേതമാ....""
അവർ പറഞ്ഞതു കേട്ട് ഒരെത്തും പിടിയും കിട്ടാതെ ഞാൻ ചോദിച്ചു : ''എന്താ.... എന്തുപറ്റി?""
രാമചന്ദ്രൻ അപ്പോഴേക്കും പൊട്ടിക്കരഞ്ഞു. അതോടെ ഞാനും വല്ലാതെയായി. എനിക്ക് വല്ലാത്ത ജിജ്ഞാസയുമായി. നല്ല സന്തോഷവാനായി മാത്രം കണ്ടിട്ടുള്ള ഒരാൾ എന്തുപറ്റിയെന്ന് ചോദിച്ചയുടൻ പൊട്ടിക്കരയുന്നതെന്തിനാണെന്ന് എനിക്ക് പിടികിട്ടിയില്ല.
''വേണ്ട.... വേണ്ട ഞാനൊന്നും ചോദിക്കുന്നില്ല. എന്തുണ്ട് കഴിക്കാൻ?"" വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
''ഞാൻ കരിമീൻ കറിയും കപ്പയും കൊണ്ടുവരാം സാർ."" എന്നുപറഞ്ഞ് പോയ രാമചന്ദ്രൻ തിരിച്ചു വരുമ്പോഴേക്കും അയാളുടെ കണ്ണുകൾ കലങ്ങിക്കിടക്കുകയായിരുന്നു.
''ഞാൻ കൂടുതൽ ചോദിച്ച് വിഷമിപ്പിക്കുന്നില്ല. പറയാൻ പറ്റുന്നതാണെങ്കിൽ പറ. ബാക്കിയുള്ളവരൊക്കെ ഇയാളെ കളിയാക്കുന്നുണ്ട്. ഇയാള് അങ്ങോട്ട് പോകുമ്പോഴും അവൻ തന്നെ പറയുമെന്നാ അവർ പറയുന്നത്. എന്നോട് പറഞ്ഞാൽ ഇയാൾക്കൊരു സമാധാനം കിട്ടിയാലോ?""
അപ്പോൾ ഗദ്ഗദത്തോടെ രാമചന്ദ്രൻ പറഞ്ഞു : ''സാറ് അറിഞ്ഞില്ലേ, സാറേ""
''ഞാനറിഞ്ഞില്ല. ഇവിടെങ്ങുമില്ലായിരുന്നു. എന്താണെന്ന് പറ.""
''അല്ല സാറേ, കുറച്ച് ദിവസം മുൻപ് ഇവിടെ വലിയൊരു സംഭവം നടന്നു.'' രാമചന്ദ്രൻ പറഞ്ഞു തുടങ്ങി.
''എന്താണ്? ""
ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
''കുറേ ദിവസം മുൻപ് ഇവിടെ ഒരു പാർട്ടി വന്നു. അവരെ ഞാൻ അറ്റൻഡ് ചെയ്തു. അവർ ഗൾഫിൽ ജോലി ചെയ്യുന്നവരാണെന്നൊക്കെ പറഞ്ഞു. ഞാൻ ആ മീൻ വാങ്ങിക്ക്, ഈ മീൻ വാങ്ങിക്ക്, കപ്പ വാങ്ങിക്ക് എന്നൊക്കെ അവരോട് പറഞ്ഞു. വന്നവരുടെ കൂട്ടത്തിലെ പ്രധാനി എഴുന്നേറ്റ് നിന്ന എന്റെ തോളിൽ പിടിച്ചിട്ട് നീയൊരു മിടുക്കനാണെല്ലോയെന്ന് പറഞ്ഞു. കൂടെയുള്ളവരോട് ഞങ്ങൾ കാണാൻ നല്ല സാമ്യമുണ്ടല്ലേയെന്നും ചോദിച്ചു. കൂടെയുള്ളവർ ശരിയാ. കണ്ടാൽ ചേട്ടനും അനിയനും പോലെയുണ്ട്. ഒരേ ഉയരം, ഒരേ തടി.""
പക്ഷേ, ഞാൻ നോക്കിയപ്പോൾ അയാളുമായി എനിക്കത്ര സാമ്യമൊന്നും തോന്നിയില്ല. അയാൾ എന്നെ സുഖിപ്പിക്കാൻ വേണ്ടി പറഞ്ഞതായിരിക്കുമോയെന്ന് ഞാൻ വിചാരിച്ചു. ഞാൻ അവർക്ക് മധുരക്കള്ളൊക്കെ കൊണ്ടുകൊടുത്തു.
എന്താ, പേര് എവിടെയാ വീടെന്നൊക്കെ അയാൾ ചോദിച്ചു.
എനിക്കന്ന് ഡ്യൂട്ടി തീരുന്ന ദിവസമാണ്. അടുത്ത രണ്ട് ദിവസം ലീവാണ്. എട്ടുമണിക്ക് മുൻപ് ഡ്യൂട്ടി തീർന്നെങ്കിൽ മാത്രമെ എനിക്ക് ചേപ്പാടിലേക്ക് ബസ് കിട്ടൂ. അതല്ലെങ്കിൽ രാത്രി വല്ല ലോറിയിലുമൊക്കെ കയറിയേ വീട്ടിലേക്ക് പോകാൻ പറ്റൂ.മനസ്സില്ലാമനസ്സോടെ ഞാൻ അവരോട് ചോദിച്ചു : ''നിങ്ങൾ എങ്ങോട്ടാ പോകുന്നത് "" ''എന്താ കാര്യമെന്താ?''
''കൊല്ലം ഭാഗത്തേക്കാണ് പോകുന്നതെങ്കിൽ എന്നെയൊന്ന് ചേപ്പാടിലിറക്കാമോ?""
''അതിനെന്താ. ഞങ്ങൾ കായംകുളത്തേക്കാണ് പോകുന്നത്. അപ്പോൾ ചേപ്പാടിറക്കാം.""
''ആണോ! രക്ഷപ്പെട്ടു. നിങ്ങൾ സമാധാനമായി ഭക്ഷണം കഴിക്കൂ. ഒരു കുഴപ്പവുമില്ല. അല്ലെങ്കിൽ ഞാൻ വീട്ടിലെത്താൻ, പാതിരാത്രിയാകും''ഭക്ഷണം കഴിഞ്ഞ് അവർ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു : ''ഞാനെന്റെ പെട്ടിയുമെടുത്ത് ഓഫീസിലൊന്ന് പറഞ്ഞിട്ടു വരാം.""
ഞാൻ പോകാൻ തുടങ്ങും മുൻപേ എന്റെ സ്ഥിരം കസ്റ്റമർമാരിൽ ചിലർ കാറിൽ വന്നു.
''ഏയ്, രാമചന്ദ്രാ...."" കാറിനുള്ളിലിരുന്ന് തന്നെ അവരെന്നെക്കണ്ട് ഉറക്കെ വിളിച്ചു.''അയ്യയ്യോ! ഡ്യൂട്ടി കഴിഞ്ഞ് ഞാൻ പോകാ.... ഇവരെന്നെ ചേപ്പാടിറക്കാമെന്ന് പറഞ്ഞു. ഞാൻ വേറൊരാളെ ഏർപ്പാട് ചെയ്യാ''മെന്ന് പറഞ്ഞപ്പോൾ വന്നവർ പിണങ്ങി.''പറ്റില്ല. നിങ്ങളുള്ളതുകൊണ്ടാണ് ഞങ്ങൾ വന്നത്. അല്ലെങ്കിൽ ഞങ്ങളിപ്പോ പോകും.
ഞങ്ങളെത്ര കൊല്ലമായി ഇവിടെ വരാൻ തുടങ്ങിയിട്ട്. രാമചന്ദ്രന് എന്താ വേണ്ടത്. ഞങ്ങളിതുവരെ നിങ്ങൾക്കെന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ?""യെന്ന് പറഞ്ഞ് വന്നവർ ചൂടായി.നില്ക്കക്കള്ളിയില്ലാതെ സാറേ ഒരു മിനിട്ടെന്നു പറഞ്ഞ് വേറെ ആരെയെങ്കിലും അറേഞ്ച് ചെയ്യാൻ പറ്റുമോ എന്ന് നോക്കാൻ ഞാൻ അകത്തേക്ക് പോയി.
അപ്പോൾ എന്റെ മുതലാളി ചെറിയാൻ കല്പകവാടി സാർ ഇതെല്ലാം കണ്ടുകൊണ്ട് അവിടെ നില്ക്കുന്നത് കണ്ടു.
''എന്താ?"" ചെറിയാൻ സാർ ചോദിച്ചു.
''അല്ല സാറേ, അവരുടെ കൂട്ടത്തിൽ പോയാൽ എനിക്ക് ചേപ്പാടിറങ്ങാമായിരുന്നു. അല്ലെങ്കിൽ ഒരുപാട് താമസിക്കും.""അപ്പോൾ ചെറിയാൻ സാർ പറഞ്ഞു: ''മറ്റുള്ളവരാരുമില്ല. അവരെല്ലാം പോയി. പുതിയ രണ്ട് പിള്ളേരുണ്ട്. അവരൊന്നും ശരിയാവില്ല. നീയങ്ങ് കൊടുത്താ മതി. നീ രാത്രിയിലൊന്നും പോണ്ട. രാവിലെ പോയാൽ മതി. പോയിട്ട് വരുമ്പോൾ ഇത്തിരി താമസിച്ചു വന്നാൽ മതി. ഇത്രയും നല്ല കസ്റ്റമേഴ്സിനെയൊന്നും അങ്ങനെ പിണക്കി വിടാൻ പറ്റില്ല.""
ചെറിയാൻ സാർ നിർബന്ധപൂർവ്വം പറഞ്ഞു.പ്രതീക്ഷ നശിച്ച് ഞാൻ എന്നെ ചേപ്പാടിറക്കാമെന്ന് പറഞ്ഞവരോട് ''നിങ്ങള് പൊയ്ക്കൊ സാറേ... ഞാനെങ്ങെനെയെങ്കിലും ലോറിയിലോ മറ്റോ കയറി പൊയ്ക്കൊള്ളാം.""
''അത് സാരമില്ല, എത്രമണിക്ക് ഇന്ന് തീരും?'' അവർ ചോദിച്ചു.
''ഇത് മിനിമം ഒന്നൊന്നര മണിക്കൂറെങ്കിലുമെടുക്കും സാറേ...""
''സാരമില്ല.... ഞങ്ങൾക്ക് തിരിച്ചുവരാൻ ഒന്നര മണിക്കൂറെങ്കിലും എടുക്കും. തിരിച്ചുവരുമ്പോൾ രാമചന്ദ്രനെ വിളിക്കാം. ചേപ്പാടിറക്കാം. അവരിലെ പ്രധാനി അത് പറഞ്ഞപ്പോൾ ഞാൻ കൈകൂപ്പിപ്പോയി."" സാറേ... സാറ് ദൈവമാണ് സാറേ.... അല്ലെങ്കിൽ ഞാൻ വെളുപ്പാൻകാലമാകും സാറേ വീട് പറ്റാൻ. എന്റെ ഒരു ദിവസമങ്ങ് പോകും. നാളെ എനിക്കൊരുപാട് കാര്യങ്ങളുണ്ട്. സാറേ.... ഞാനിവിടെത്തന്നെ വെയിറ്റ് ചെയ്യാം.""
''ചേപ്പാടിനടുത്ത് ഏവൂര് അമ്പലമുണ്ട്. ആ അമ്പലത്തിനടുത്തുള്ള വഴിയിലൂടെ അകത്തേക്ക് കുറച്ചുപോണം. അത് ഞാൻ നടന്ന് പൊയ്ക്കൊള്ളാം"" എന്നു പറഞ്ഞപ്പോൾ സംഘത്തിലെ പ്രധാനി പറഞ്ഞത് ''ഏയ്, ഇയാളെപ്പോലെയുള്ള ഒരാളെ നമ്മൾ വഴിയിലിറക്കി വിടുമോ! എവിടെയാണോ പോകേണ്ടത് അവിടെ സുരക്ഷിതമായി ഞങ്ങളെത്തിച്ചിട്ടേ പോകൂ.""
അവർ ഒന്നരമണിക്കൂർ കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് പോയി. കസ്റ്റമേഴ്സിനെ ഒന്നേകാൽ മണിക്കൂർ കൊണ്ട് ഭക്ഷണം നൽകി യാത്രയാക്കി ഞാനെന്റെ പെട്ടിയുമായി കല്പകവാടിയുടെ മുന്നിൽ കാത്തുനില്ക്കാൻ തുടങ്ങി.കാത്തുനിന്ന് എന്റെ കണ്ണ് കഴച്ചു. അവരെ കാണാനില്ല. രണ്ട് മണിയായിട്ടും പോയി ഒന്നര മണിക്കൂറിനകം വരാമെന്ന് പറഞ്ഞവരുടെ ഒരു വിവരവുമില്ല.
ഒരുപക്ഷേ, ഞാൻ വരുന്നതിന് കുറച്ചുമുൻപ് അവർ പൊയ്ക്കാണും.രണ്ടാമത് വന്നവരെ ഞാൻ മനസ്സുകൊണ്ട് ശപിച്ചു.
നിന്ന് നിന്ന് സമയം നാലുമണിയായി. വല്ലാത്ത കാറ്റും മഞ്ഞും. അപ്പോഴാണ് ഒരു ലോറി കിട്ടിയത്. അതിൽ കയറി ചേപ്പാടെത്തിയപ്പോൾ വെളുപ്പാൻകാലമായി.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കരുവാറ്റയിൽ വച്ച് ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവ് ഒരു കാറിന് കൈ കാണിക്കുകയും ആ കാറിനുള്ളിൽ വച്ച് അതിക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത വാർത്ത പത്രത്തിൽ വന്നത്. പ്രധാന പ്രതിയുടെ ഫോട്ടോ കണ്ടപ്പോൾ രാമചന്ദ്രൻ ഞെട്ടി. അയാളായിരുന്നു ആ വന്നതും എന്റെയൊപ്പം നിന്ന് തോളിൽ പിടിച്ച് ഞങ്ങൾ തമ്മിൽ നല്ല സാമ്യമുണ്ടെന്നൊക്കെ പറഞ്ഞതും ചേപ്പാട് കൊണ്ടുവിടാമെന്ന് പറഞ്ഞതും സുകുമാരക്കുറുപ്പായിരുന്നു. സുകുമാരക്കുറുപ്പിനൊപ്പം നിന്നപ്പോൾ എനിക്കും കുറുപ്പിന്റെ അതേ പൊക്കമായിരുന്നു. അതാണ് കൂടെയുള്ളവർ ചേട്ടനെയും അനിയനെയും പോലെയുണ്ടെന്ന് പറഞ്ഞത്.
കൃത്യമായൊരാളെ കിട്ടി. ഇനി തിരക്കി നടക്കേണ്ട കാര്യമില്ല. രാമചന്ദ്രനെ കൊണ്ടുപോകുന്ന വഴിക്ക് തന്നെ തട്ടാനായിരുന്നു സുകുമാരക്കുറുപ്പിന്റെയും സംഘത്തിന്റെയും പദ്ധതി. തിരിച്ചു വരുമ്പോൾ രാമചന്ദ്രനെ കൊണ്ടുപോകാമെന്നാണ് കരുതിയത്. പക്ഷേ, പോകുന്ന വഴിക്ക് തന്റെ ഉയരമുള്ള രൂപസാദൃശ്യങ്ങളുള്ള ചാക്കോയെ സുകുമാരക്കുറുപ്പിന് കിട്ടി. അതുകൊണ്ടാണ് കല്പകവാടിയിലേക്ക് തിരിച്ചുവരാതിരുന്നത്.
അങ്ങനെ ജീവിതം തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലോ അങ്കലാപ്പിലോ ആണ് രാമചന്ദ്രൻ പൊട്ടിപ്പൊട്ടി കരഞ്ഞത്.''കുറേ ദിവസം മുമ്പേ ഞാൻ കൊല്ലപ്പെടേണ്ടതല്ലേ സാറെ....ചെറിയാൻ സാർ അന്ന് എന്നോട് പോകണ്ടാന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ !"" വീണ്ടും പൊട്ടിക്കരഞ്ഞ് കൊണ്ട് രാമചന്ദ്രൻ എന്നോട് പറഞ്ഞു.ഞാൻ രാമചന്ദ്രനെ സമാധാനിപ്പിച്ചു. ''നടന്നതെല്ലാം നല്ലതിനാണെന്ന് വിചാരിക്കൂ രാമചന്ദ്രാ... രാമചന്ദ്രനെ ദൈവം രക്ഷിച്ചുവെന്ന് സമാധാനിക്കൂ. മരണത്തിൽ നിന്ന് രക്ഷപ്പെട്ടതിന് കരയുകയല്ല ചിരിക്കുകയല്ലേ വേണ്ടത്. ദൈവവും പ്രകൃതിയുമെല്ലാം രാമചന്ദ്രൻ മരിക്കാൻ പാടില്ലെന്നാഗ്രഹിച്ചു. അതുകൊണ്ടാണ് രാമചന്ദ്രൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അന്ന് വെളുപ്പാൻകാലം വരെ കല്പകവാടിക്ക് മുന്നിൽ കാത്തുനിന്നപ്പോൾ വല്ലാത്ത കാറ്റടിച്ചെന്നും മഞ്ഞുവീണെന്നും രാമചന്ദ്രൻ പറഞ്ഞില്ലേ.... നിങ്ങൾ മരിക്കുന്നില്ല നിങ്ങൾ ജീവിക്കാൻ പോകുന്നുവെന്ന പ്രകൃതിയുടെ സന്തോഷമായിരുന്നു അതെന്ന് കരുതൂ...""
''എവിടെയാണെങ്കിലും എന്നെ സുരക്ഷിതമായിട്ട് എത്തിച്ചിട്ട് പോകുമെന്ന് പറഞ്ഞത് എവിടെയായിരുന്നുവെന്നുള്ളത് സാറിന് മനസിലായോ?"" രാമചന്ദ്രൻ കരയുമ്പോലെ എന്നോട് ചോദിച്ചു.ഞാനപ്പോൾ അറിയാതെ ചിരിച്ചുപോയി.
ദുൽഖർ സൽമാൻ അടുത്തിടെ കുറുപ്പ് എന്ന സിനിമയിലഭിയിച്ചു. ദുൽഖറിന് വളരെ ഇഷ്ടപ്പെട്ട കഥയാണ് അതെന്നൊക്കെ ഞാൻ കേട്ടിരുന്നു. സുകുമാരക്കുറുപ്പാണ് ഈ കുറുപ്പെന്ന് എനിക്കറിയില്ലായിരുന്നു.ചാക്കോയുടെ ഭാര്യയും മകനും സിനിമയിൽ ചാക്കോയെ മോശമായി കാണിക്കുമോയെന്ന സംശയമുള്ളതുകൊണ്ട് തങ്ങളെ കാണിച്ചിട്ടേ സിനിമ റിലീസ് ചെയ്യാവൂവെന്ന് കേസ് കൊടുത്ത വാർത്ത കേട്ടപ്പോഴാണ് കുറുപ്പ് എന്ന സിനിമ പറയുന്നത് സുകുമാരക്കുറുപ്പിന്റെയും ചാക്കോയുടെയും കഥയാണെന്ന് ഞാനറിഞ്ഞത്.
അപ്പോഴാണ് വർഷങ്ങൾക്ക് മുൻപ് സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട് കല്പകവാടിയിൽ നടന്ന പഴയ ഒരു സംഭവം എന്റെ ഓർമ്മയിലേക്ക് വന്നത്.