ഞങ്ങളുടേത് പാലക്കാട് അയ്യർ കുടുംബം.അച്ഛന് കൃഷ്ണന്റെ നാട് മൂവാറ്റുപുഴ .അമ്മ ഉമകല്പാത്തിസ്വദേശിനി. ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതും ചെന്നൈയിൽ. അച്ഛനും അമ്മയ്ക്കും മലയാളം അറിയാം.എനിക്ക് മലയാളംസംസാരിക്കാൻ
അറിയില്ല....
നായികമാരുടെ കരിയറിന് നാലോ അഞ്ചോ വർഷത്തെ ആയുസ് മാത്രമുള്ള തമിഴ് സിനിമയിൽ കഴിഞ്ഞ പതിനെട്ട് വർഷമായി സൂപ്പർ താരമായി തിളങ്ങി നിൽക്കുകയാണ് തൃഷ കൃഷ്ണൻ എന്ന തൃഷ .2002 ൽ പുറത്തുവന്ന 'മൗനം പേശിയതേ"ആണ് തൃഷ നായികയായ ആദ്യ ചിത്രം. എന്നാൽ തൃഷ ആദ്യമായി സിനിമയ്ക്കുവേണ്ടി മേക്കപ്പിട്ടത് പ്രിയദർശൻ സംവിധാനം ചെയ്ത 'ലേസാ.. ലേസാ' എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു. മലയാളത്തിലെ 'സമ്മർ ഇൻ ബത്ലേഹം" എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 'ലേസാ ലേസാ"ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് ചെയ്യാൻ വൈകിപ്പോയി.പ്രിയദർശൻ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്ന തൃഷയെ മലയാളികൾ അറിയാൻ തുടങ്ങിയത് വിജയ് ചിത്രം 'ഗില്ലി"യിലൂടെയാണ്. 'ധനലക്ഷ്മി"എന്ന കഥാപാത്രം മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു . ധനലക്ഷ്മിയെ കണ്ട മലയാളികൾ ഒന്നടങ്കം ചോദിച്ചു 'ഈ കുട്ടി മലയാളിയല്ലേയെന്ന് " .
തുടർന്ന് ആറ് വർഷത്തിനുശേഷം ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായാ" എന്ന തമിഴ് ചിത്രത്തിൽ ജെസി എന്ന ആലപ്പുഴക്കാരി മലയാളി പെൺകുട്ടിയായി മലയാളം സംസാരിച്ച് അഭിനയിച്ചു. എങ്കിലും തൃഷയുടെ ആദ്യ മലയാള ചിത്രം ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഹേയ് ജൂഡ് " ആണ്. നിവിൻപോളി നായകനായി അഭിനയിച്ച ചിത്രത്തിൽ ത്രിഷ ക്രിസ്റ്റൽ ആൻ എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. മോഹൻലാലിന്റെ നായികയായി തൃഷ എത്തുന്നത് മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്നു . കേരളക്കരയും മലയാള സിനിമയും തനിക്കേറെ പ്രിയപ്പെട്ടതെന്ന് പറഞ്ഞുകൊണ്ട് തൃഷ സംസാരിച്ചു തുടങ്ങി.
തൃഷ ശരിക്കും മലയാളിയാണോ ?
ഈ ചോദ്യം ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്. ഞങ്ങളുടേത് പാലക്കാട് അയ്യർ കുടുംബമാണ്. അച്ഛൻ കൃഷ്ണൻ മൂവാറ്റുപുഴ സ്വദേശിയാണ്. അമ്മ ഉമയുടെ നാട് കല്പാത്തിയും. എന്നാൽ ഞങ്ങളുടെ കുടുംബം ചെന്നൈയിലാണ് സ്ഥിരതാമസം. ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ചെന്നൈയിൽ തന്നെ അച്ഛനും അമ്മയ്ക്കും മലയാളം അറിയാമെങ്കിലും എനിക്ക് മലയാളം സംസാരിക്കാനൊന്നും അറിയില്ല. പറയുന്നത് മനസിലാക്കാൻ സാധിക്കും.'ഗില്ലി"യിൽ അഭിനയിച്ചതിനുശേഷമാണ് മലയാളികൾ എന്നെ അറിയാനും ഇഷ്ടപ്പെടാനും തുടങ്ങിയത്. പിന്നീട് വന്ന 'വിണ്ണൈതാണ്ടി വരുവായാ" എന്ന തമിഴ് ചിത്രത്തിലെ ജെസി എന്ന കഥാപാത്രം മലയാളികളുടെ ഇഷ്ടനായികയാക്കി മാറ്റി.
ക്രിമിനൽ സൈക്കോളജിസ്റ്റ് ആകാൻ കൊതിച്ചല്ലേ?
ചെന്നൈയിലെ കോളേജിൽ ബി.ബി.എയ്ക്ക് പഠിക്കുന്ന സമയത്ത് ഞാൻ മോഡലിംഗും ചെയ്യാറുണ്ടായിരുന്നു. ആ സമയത്ത് ആരെങ്കിലും എന്നോട് ഇഷ്ടപ്പെട്ട കരിയർ ഏതാണെന്ന് ചോദിക്കുമ്പോൾ ക്രിമിനൽ സൈക്കോളജിസ്റ്റ് ആകണമെന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്. അതായിരുന്നു എന്റെ ആഗ്രഹവും. പിന്നെ മോഡലിംഗിൽ താത്പര്യം വർദ്ധിച്ചതോടെ മറ്റെല്ലാം മറന്ന് അതിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി. മിസ് സേലം, മിസ് ചെന്നൈ എന്നീ ബഹുമതികൾലഭിച്ചു . 2001 ലെ മിസ് ഇന്ത്യ മത്സരത്തിൽ ബ്യൂട്ടിഫുൾ സ്മൈൽ എന്ന ബഹുമതിയും നേടാനായി. മോഡലിംഗിൽ തിളങ്ങിനിന്ന സമയത്ത് ധാരാളം പരസ്യചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ കിട്ടി. കാഡ്ബറീസ് ഉൾപ്പെടെയുള്ള നൂറിലധികം കമ്പനികളുടെ പരസ്യ ചിത്രങ്ങളിൽ എനിക്ക് അഭിനയിക്കാൻ സാധിച്ചു. പ്രിയദർശൻ സാറിന്റെ 'ലേസാ ലേസാ" എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഈ ചിത്രത്തിന്റെ റിലീസ് വൈകി. ആ സമയത്താണ് ഞാൻ ചെറിയ റോളിലഭിനയിച്ച ജോഡി എന്ന ചിത്രം റിലീസായത്.പിന്നിടാണ് സൂര്യയോടൊപ്പം 'മൗനം പേശിയതേ" എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.
ആദ്യചിത്രം റിലീസാകാൻവൈകിയപ്പോൾവിഷമം തോന്നിയില്ലേ?
തോന്നിയിരുന്നു. എന്നാൽ 'മൗനം പേശിയതേ"എന്ന ചിത്രത്തിന്റെ വിജയം ആ വിഷമത്തെ ഇല്ലാതാക്കി. അതേസമയം ഇന്ത്യൻ സിനിമയിലെ തന്നെ പ്രശസ്ത സംവിധായകരിൽ ഒരാളായ പ്രിയദർശൻ സാറിന്റെ സംവിധാനത്തിൽ ഞാൻ അഭിനയിച്ച 'ലേസാ.. ലേസാ" എന്ന എന്റെ ആദ്യ ചിത്രം എനിക്ക് നല്ല പ്രശസ്തി ഉണ്ടാക്കി തരുമെന്ന വിശ്വാസവും ഉണ്ടായിരുന്നു. മലയാളത്തിൽ വൻജയം നേടിയ സമ്മർ ഇൻ ബത് ലഹേമിന്റെ റീമേക്കായ ഈ ചിത്രത്തിൽ മഞ്ജുവാര്യർ അവതരിപ്പിച്ച റോളിലായിരുന്നു ഞാൻ അഭിനയിച്ചത്. എന്നെ ബോളിവുഡിൽ പരിചയപ്പെടുത്തുന്നതും പ്രിയദർശൻ സാറാണ് .മലയാള ചിത്രം വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് 'ഖാട്ട മീത്ത" എന്ന ചിത്രത്തിലൂടെയായിരുന്നു അത്. മലയാളത്തിൽ ശോഭന ചെയ്ത കഥാപാത്രമായിരുന്നു ഞാൻ ചെയ്തത് .മോഹൻലാൽ ചെയ്ത കഥാപാത്രം അക്ഷയ് കുമാർ ആയിരുന്നു. എന്റെ കരിയറിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പ്രിയദർശൻ സാർ.
മലയാളത്തിലെ അരങ്ങേറ്റം വൈകാനുള്ള കാരണം ?
മലയാള സിനിമകളിലേക്ക് ഒരുപാട് ഓഫറുകൾ വന്നിരുന്നു. അപ്പോഴെല്ലാം മറ്റുഭാഷകളിൽ തിരക്കിലായിരുന്നതിനാൽ സ്വീകരിക്കാൻ കഴിഞ്ഞില്ല. പിന്നെ 'ഹേയ് ജൂഡി"ൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ അതിലെ ക്രിസ്റ്റൽ ആൻ എന്ന നായികാകഥാപാത്രം എന്നെ വല്ലാതെ ആകർഷിച്ചു. അതുമാത്രമല്ല ശ്യാമപ്രസാദ് സാറിന്റെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരവും നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറല്ലായിരുന്നു. നിവിൻപോളിയുടെ കൂടെയുള്ള അഭിനയം ഒരു പുതു അനുഭവമായിരുന്നു. ചെന്നൈയിൽ നടന്ന ഒരു സ്റ്റേജ് ഷോയിലാണ് ആദ്യമായി നിവിനെ പരിചയപ്പെടുന്നത്. ആ സൗഹൃദം 'ഹേയ് ജൂഡിൽ" അഭിനയിക്കുമ്പോൾ എനിക്ക് വളരെ ഉപകാരപ്പെട്ടു.
റാമിൽ മോഹൻലാലിനൊപ്പം ?
തമിഴിൽ രജനികാന്ത്, കമലഹാസൻ, വിജയ്, അജിത്, സൂര്യ, വിക്രം, ജയം രവി, ചിമ്പു, വിഷാൽ, ധനുഷ്, വിജയ് സേതുപതി ഉൾപ്പെടെയുള്ള മുൻനിര നായക നടൻമാരുടെ കൂടെ അഭിനയിക്കാൻ സാധിച്ചു .അപ്പോഴും മോഹൻലാൽ സാറിന്റെ കൂടെ ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹംഇപ്പോൾ നടന്നു . മലയാളത്തിലെ ഹിറ്റ് സംവിധായകരിലൊരാളായ ജീത്തു ജോസഫ് സാറിന്റെ ചിത്രത്തിൽ അഭിനയിച്ചുവെന്നത് ഭാഗ്യമായി കാണുന്നു . ഏറെ പ്രതീക്ഷയോടെയാണ് റാം കാത്തിരിക്കുന്നത് . റാമിലെ എന്റെ കാരക്ടറിന്റെ ഷൂട്ടിംഗ് മുക്കാൽ ഭാഗവും കഴിഞ്ഞു. ലണ്ടൻ, കേരളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം .ഇനിയും രണ്ട് ഷെഡ്യൂൾ ഷൂട്ടിംഗ് ഉണ്ട്. കൊവിഡ് 19 പ്രശ്നം തീർന്നാലുടൻ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. തമിഴിൽ പരമവദവിളൈയാട്ട്, ഗർജനൈ, റാങ്കി, പൊന്നിയിൽ സെൽവൻ എന്നീ ചിത്രങ്ങളാണ് ഇനി റിലീസിനൊരുങ്ങുന്നത്.
തമിഴ് സിനിമയിൽ പതിനെട്ടുവർഷം ?
കുറച്ചുകാലങ്ങൾക്കുമുമ്പുവരെ തമിഴ് സിനിമയിൽ നായകൻമാരെ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന കഥകളായിരുന്നു വന്നിരുന്നത് . പേരിനുമാത്രം നായികമാരുടെ സാന്നിദ്ധ്യമുള്ള ചിത്രങ്ങൾ .അതുമാത്രമല്ല വിവാഹം കഴിയുന്നതോടെ സിനിമയെ ഉപേക്ഷിക്കുന്ന നായികമാരും. ഇതായിരുന്നു സ്ഥിതി.
എന്നാൽ അടുത്തകാലത്ത് തമിഴ് സിനിമയും മലയാള സിനിമയെ പോലെതന്നെ പല മാറ്റങ്ങൾക്കും വിധേയമായികൊണ്ടിരിക്കുകയാണ്. സാമന്തയെപ്പോലെ, ജ്യോതികയെപ്പോലെ വിവാഹശേഷവും സിനിമയിൽ സജീവമാകുന്ന നടിമാർ ഇന്നുണ്ട്. സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ചിത്രങ്ങൾ എടുക്കുന്നുണ്ട്.ആ ചിത്രങ്ങൾ സൂപ്പർഹിറ്റായി മാറുന്നുമുണ്ട് . ഇതിനുദാഹരണമാണ് '36 വയതിനിലെ", 'അറം, അരുവി, മായ തുടങ്ങിയ ചിത്രങ്ങൾ .
എന്റെ കരിയർ ഇത്രയും നീണ്ടുനിൽക്കാൻ കാരണം ഞാൻ തിരഞ്ഞെടുക്കുന്ന കഥകളും കഥാപാത്രങ്ങളുമാണ്. ഗില്ലി, സാമി, ആയുധ എഴുത്ത്, അഭിയും ഞാനും ; വിണ്ണൈത്താണ്ടി വരുവായാ, മങ്കാത്ത, കൊടി, 96 ഉൾപ്പെടെയുള്ള ചിത്രങ്ങൾ എന്റെ കരിയറിനെ അടുത്ത ഘട്ടങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിച്ചു. വിണ്ണൈത്താണ്ടി വരുവായ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം എനിക്ക് ഒരു ബ്രേക്ക് നല്കിയ ചിത്രമാണ് 2018ൽ റിലീസ് ചെയ്ത് വൻ വിജയമായി മാറിയ '96".ഈ ചിത്രത്തിന് കേരളത്തിലും നിറഞ്ഞ സ്വീകാര്യത ലഭിച്ചു .
വിദേശയാത്രകൾ?
ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങൾ കിട്ടുകയാണെങ്കിൽ ആദ്യം പ്ളാൻ ചെയ്യുന്നത് വിദേശ യാത്രകളായിരിക്കും . മിക്കവാറും ഞാൻ തനിച്ചാണ് യാത്ര പോകാറുള്ളത്. അതിലുള്ള ത്രിൽ വേറെതന്നെയാണ്. അതുപോലെതന്നെ എനിക്ക് വളർത്തു മൃഗങ്ങളെ വളരെയേറെ ഇഷ്ടമാണ്.അവയുടെ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന പി.സി .ടി .എ എന്ന സംഘടനയുടെ ഗുഡ്വിൽ അംബാസിഡർ ആയിരുന്നു ഞാൻ. തെരുവുനായ്ക്കളെ ദത്തെടുക്കുന്നതിന്റെ ഭാഗമായാണ് ഞാൻ പ്രവർത്തിച്ചത്.
ഓണം ആഘോഷിക്കും
ഞങ്ങൾ ചെന്നൈയിൽ സ്ഥിരതാ മസമാ ക്കിയ കുടുംബമാണെങ്കിലും കേരളവുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടില്ല. മുത്തശ്ശി മരിക്കുന്നതുവരെ ഞങ്ങൾ ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരുമായിരുന്നു. ഓണം , വിഷു എന്നിവയെല്ലാം ആഘോഷിക്കും. ഓണപ്പൂക്കളം, സദ്യ എന്നിവയെ ല്ലാം എനിക്കേറെ പ്രിയപ്പെട്ടതാണ് . ചെന്നൈയിലും ഞങ്ങൾ ഇതെല്ലാം ആഘോഷിക്കാറുണ്ട്.