ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുമായി പ്രണയത്തിലാണോ?സഹസംവിധായകനുമായി കല്യാണമുറപ്പിച്ചോ?ഗോസിപ്പുകൾക്കും
ട്രോളുകൾക്കും അനുപമ പരമേശ്വരൻ മറുപടി പറയുന്നു
എവിടെയായിരുന്നു കുറേക്കാലം. തെലുങ്ക് നാട്ടിൽ സ്ഥിരതാമസമാക്കിയോ?
ഞാൻ തെലുങ്കിൽ കുറച്ച് സിനിമകൾ ചെയ്തു. കന്നഡയിലും തമിഴിലും. ഒാരോ സിനിമകൾ ചെയ്തു. തമിഴിലെ രണ്ടാമത്തെ സിനിമയിൽ ഇനി ഒരു പാട്ടും കൂടിയേയുള്ളൂ ഷൂട്ട് ചെയ്യാൻ. അഥർവ്വ മുരളിയാണ് ആ സിനിമയിലെ നായകൻ. തള്ളിപ്പോകാതേ.. എന്നാണ് സിനിമയുടെ പേര്.
തമിഴിലെ ആദ്യ സിനിമ ധനുഷിനൊപ്പമായിരുന്നില്ലേ?
അതെ. കൊടി എന്ന സിനിമ.
തെലുങ്ക് ഭംഗിയായി സംസാരിക്കുന്ന കുറേ വീഡിയോകൾ കണ്ടിരുന്നു?
തെലുങ്ക് ഒരു വാശിപ്പുറത്ത് പഠിച്ചതാണ്. പ്രേമം കഴിഞ്ഞയുടനെയാണ് ഞാൻ തെലുങ്കിലെ ആദ്യസിനിമയിൽ അഭിനയിച്ചത്. ത്രിവിക്രം എന്ന വലിയ സംവിധായകന്റെ 'അ ആ" എന്ന സിനിമ. സാമന്തയും നിഥിയുമായിരുന്നു അതിലെന്റെ കോസ്റ്റാറുകൾ. തമിഴ് പെൺകുട്ടിയായ സാമന്ത പോലും സെറ്റിൽ ഭംഗിയായി തെലുങ്ക് സംസാരിക്കുന്നത് കണ്ടപ്പോൾ എന്തുകൊണ്ട് എനിക്കും പഠിച്ചുകൂടായെന്ന് തോന്നി. ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ വന്ന് തെലുങ്ക് സിനിമകൾ കാണാൻ തുടങ്ങി. സബ്ടൈറ്റിലില്ലാതെ കുറേ തെലുങ്ക് സിനിമകൾ കണ്ടു. രണ്ടുംമൂന്നും തവണ ഒരേ സിനിമകൾതന്നെ കണ്ടപ്പോൾ എനിക്ക് കുറെ വാക്കുകൾ മനസിലായിത്തുടങ്ങി. സംശയമുള്ള വാക്കുകൾ. ഗൂഗിൾ ചെയ്തു നോക്കി. എന്റെ സ്റ്റാഫിനോടൊക്കെ തെലുങ്കിൽ സംസാരിച്ചു. അങ്ങനെ ആദ്യ സിനിമമുതൽ ഞാൻ തെലുങ്കിൽ ഡബ് ചെയ്യാൻ തുടങ്ങി. മറ്റൊരു ഭാഷയിൽ അഭിനയിക്കുമ്പോൾ ആ ഭാഷ അറിഞ്ഞിരുന്നാൽ കുറച്ചുകൂടെ എളുപ്പത്തിൽ അഭിനയിക്കാൻ പറ്റും. സംവിധായകർക്കെല്ലാവർക്കും മലയാളമോ, തമിഴോ, ഇംഗ്ളീഷോ അറിയണമെന്നില്ലല്ലോ! അവരോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനും അവരോട് തെലുങ്കിൽ സംസാരിക്കാൻ പറ്റിയാൽ അത് അവർക്കും ഹെൽപ്പ് ഫുള്ളാണ്.
തെലുങ്കിൽ പോയ ശേഷം മലയാളത്തിൽ ജോമോന്റെ സുവിശേഷങ്ങളാണ് ചെയ്തത്. മണിയറയിലെ അശോകനാണ് ഒടുവിൽ ചെയ്തത്.
ആ സിനിമയിൽ അഭിനയത്തോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറായും വർക്ക് ചെയ്തല്ലോ?
ദുൽഖർ നിർമ്മിക്കുന്ന സിനിമയാണ് മണിയറയിലെ അശോകൻ. നല്ല രസമുള്ള കാരക്ടറാണ് എനിക്കതിൽ. ആകെ എട്ടുദിവസത്തെ വർക്കേയുണ്ടായിരുന്നുള്ളൂ. അപ്പോഴഭിനയിച്ചുകൊണ്ടിരുന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗ് മാറുകയും ചെയ്തു. മണിയറയിലെ അശോകനിൽ ആദ്യത്തെ എട്ട് ദിവസം കൊണ്ട് എന്റെ വർക്ക് തീർത്ത് വീട്ടിൽ വന്നപ്പോൾ എനിക്കാകെ വിഷമവും ബോറടിയും തോന്നി. ജോമോന്റെ സുവിശേഷങ്ങളുടെ സമയത്ത് എനിക്ക് അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യാനിഷ്ടമുള്ള കാര്യം ഞാൻ ദുൽഖറിനോട് പറഞ്ഞിരുന്നു. ദുൽഖർ എന്നോട് ചുമ്മാ ചോദിച്ചു അസിസ്റ്റന്റ് ഡയറക്ടറായി വരുന്നില്ലേയെന്ന്. അത് ശരിയാണല്ലോ കൊള്ളാലോയെന്ന് എനിക്കും തോന്നി. പിറ്റേദിവസം തന്നെ ഞാൻ ലൊക്കേഷനിലെത്തി. പിന്നെ അമ്പത്തിയെട്ട് ദിവസം അസിസ്റ്റന്റ് ഡയറക്ടറായി അവിടെ നിന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലുമുണ്ടായിരുന്നു. നല്ല അനുഭവമായിരുന്നു.
സംവിധാനം അനുപമ പരമേശ്വരൻ എന്ന ടൈറ്റിൽ എന്നെങ്കിലും സ്ക്രീനിൽ തെളിയുമല്ലേ ?
പ്രേമത്തിൽ അഭിനയിക്കുന്ന സമയത്ത് അൽഫോൺസേട്ടനോട് അടുത്ത സിനിമയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി വരട്ടേയെന്ന് തമാശയ്ക്ക് ചോദിച്ചിരുന്നു. എനിക്കിഷ്ടമാണ് സംവിധാനം. മേയ്ക്കപ്പിട്ട് കഴിഞ്ഞ് ക്യാരക്ടറാവുമ്പോൾ നമുക്ക് കുറച്ച് ലിമിറ്റേഷൻസുണ്ട്. അഭിനയത്തേക്കാൾ എനിക്ക് താത്പര്യം തോന്നിയിട്ടുള്ളത് സംവിധാനമോ സിനിമാട്ടോഗ്രഫിയോ ടെക്നിക്കലായ കാര്യങ്ങളിലോ ആണ്. വലിയൊരു കലയാണ് അവിടെ സൃഷ്ടിക്കപ്പെടുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ആക്ടർ എത്ര നന്നായി അഭിനയിച്ചാലും അത് നന്നായി പകർത്താനോ പ്രദർശിപ്പിക്കാനോ കഴിഞ്ഞില്ലെങ്കിൽ എന്തു കാര്യം. ഭാവിയിൽ എപ്പോഴെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ല സംവിധായകരെ അസിസ്റ്റ് ചെയ്ത ശേഷം കുറച്ചുനാളുകൾ കഴിങ്ങഞ്ഞ് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ശരിക്കും ആഗ്രഹമുണ്ട്.
ട്രോളുകളും ഗോസിപ്പുകളും കൊണ്ടാണ് മലയാളത്തിൽ നിന്ന് മാറിനിന്നതെന്ന് ഇടയ്ക്ക് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നല്ലോ?
പ്രേമം റിലീസാകും മുൻപേ ആലുവാപ്പുഴ പാട്ടിറങ്ങി. വലിയ ഹിറ്റായി. ആളുകളെനിക്ക് ഒരുപാട് സ്നേഹം തന്നു. സിനിമ റിലീസായിക്കഴിഞ്ഞപ്പോൾ ആകെ പത്ത് മിനിട്ടേയുള്ളൂ അതിനായിരുന്നോ ഇത്ര ജാട എന്നായി.എന്നെ ജാടക്കാരിയായും അഹങ്കാരിയായും മുദ്രകുത്തി. പ്രേമത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കുറെ ഇന്റർവ്യൂ കൊടുത്തു. ആൾക്കാരെ തെറ്റ് പറഞ്ഞിട്ടും കാര്യമില്ല. പത്ത് മിനിട്ടുള്ള റോൾ ചെയ്യുന്നയാൾ അത്രയും ഇന്റർവ്യൂ കൊടുക്കേണ്ട കാര്യമില്ല. അൽഫോൺസേട്ടനോ ആ സിനിമയുമായി ബന്ധപ്പെട്ടവരോ അല്ല ഇടയ്ക്ക് നിന്ന ചിലർ നിർബന്ധിച്ചാണ് ഒരുപാട് ഇന്റർവ്യൂവിന് എന്നെ കൊണ്ടുപോയത്. പോയിരിക്കണം അല്ലെങ്കിൽ ആ സിനിമയോട് ചെയ്യുന്ന നന്ദികേടായിരിക്കുമെന്നൊക്കെയാണ് അവർ പറഞ്ഞിരുന്നത്. സിനിമയിൽ വരുന്നതിന് മുൻപേ സിനിമാക്കാരുമായി എനിക്കൊരു ബന്ധവുമുണ്ടായിരുന്നില്ല. ഞാനൊരു തൃശൂർക്കാരി, പതിനെട്ട് വയസായ ഒരു കുട്ടി, അത്രേയുള്ളൂ. പറഞ്ഞത് തന്നെ പറഞ്ഞുപറഞ്ഞ് ഒരു പ്രൊമോഷൻ ഇന്റർവ്യൂവിന് മുൻപ് ഞാൻ വിഷമിച്ചിരുന്നത് എനിക്കോർമ്മയുണ്ട്. പല ചാനൽ ഇന്റർവ്യൂുകളിലും അവതാരകർ ചോദ്യങ്ങൾക്കൊപ്പം എന്നെക്കൊണ്ട് പല കോപ്രായങ്ങളും ചെയ്യിച്ചു. അതൊക്കെ കണ്ട് ആളുകൾക്ക് ഞാൻ അഹങ്കാരിയാണെന്നൊക്കൊ തോന്നിക്കാണും.
കുറേ ട്രോൾ ചെയ്യപ്പെട്ടു. സ്നേഹം തന്നവരേക്കാൾ കൂടുതൽ ഹേറ്റേഴ്സായി. ഞാനിടുന്ന ഫോട്ടോകൾക്ക് മാത്രമല്ല മറ്റുള്ളവർ പോസ്റ്റ് ചെയ്യുന്ന എന്റെ ഫോട്ടോകൾക്ക് താഴെയും വരുന്ന കമന്റുകളിൽ മിക്കതും തെറിയായി. വ്യക്തിപരമായി ഞാൻ ആരാണെന്ന് പോലുമറിയാതെ എന്നെ എവിടെയെങ്കിലും കണ്ട കുറച്ച് നേരംവച്ച് വിലയിരുത്തി മോശം കമന്റിടുകയും തെറി പറയുകയുമൊക്കെ ചെയ്യുമ്പോൾ ഒരു പതിനെട്ട് വയസുകാരി പെൺകുട്ടിക്കെന്നല്ല ആർക്കായാലും വിഷമം തോന്നും. നമ്മുടെ സ്ഥാനത്ത് അവർ വരുമ്പോഴേ അവർക്കത് മനസിലാകൂ.
പലരും അതിനെ ആരോഗ്യകരമായ വിമർശനമെന്നൊക്കെ പറയുമായിരിക്കും. പക്ഷേ വെറുപ്പിക്കൽ, ജാട തെണ്ടി എന്നൊക്കെ വിളിക്കുന്നത് ആരോഗ്യകരമായ വിമർശനമാണെന്ന് എനിക്ക് തോന്നുന്നില്ല. മുറുക്കാൻ കടവരെ ഉദ്ഘാടനം ചെയ്യാൻ പോകുന്ന പെങ്കൊച്ച് എന്നായിരുന്നു മറ്റൊരു ആക്ഷേപം. ഒരു ചേട്ടൻ അദ്ദേഹത്തിന്റെ ടെയ്ലറിംഗ് ഷോപ്പ് ഉദ്ഘാടനം ചെയ്യാമോയെന്ന് വീട്ടിൽ വന്ന് ചോദിച്ചപ്പോൾ പോയി ചെയ്തതാണ്. അതിനായിരുന്നു ആ ആക്ഷേപം. വായനാദിനത്തിൽ കുട്ടികളുടെ ഒരു ചടങ്ങിൽ അതിന്റെ സംഘാടകർ ക്ഷണിച്ചിട്ട് ചെന്നപ്പോൾ ഞാൻ ലെഗിൻസ് ഇട്ട ഒരു ഫോട്ടോ എടുത്തിട്ട് അനുപമ പാന്റിടാതെ വന്നുവെന്നായി ആക്ഷേപം. ലെഗിൻസിട്ട് കണ്ടപ്പോൾ പാന്റിടാതെ വന്നുവെന്ന് തോന്നിയതാർക്കാണെന്ന് എനിക്കറിയില്ല. ഒരു ഇന്റർവ്യൂവിൽ മണിരത്നം സാർ ഒരു സിനിമയ്ക്ക് വേണ്ടി മൊട്ടയടിക്കാൻ പറഞ്ഞാൽ ചെയ്യുമോയെന്ന് എന്നോട് ചോദിച്ചു. അയ്യോ ഞാൻ ചിലപ്പോ ചെയ്യില്ലാന്ന് തമാശയ്ക്ക് മറുപടി പറഞ്ഞു. മണിരത്നത്തെ തള്ളിപ്പറഞ്ഞവളെന്ന് പറഞ്ഞായി അടുത്ത തെറിവിളി. ആവശ്യത്തിനും അനാവശ്യത്തിനും ഒരുപാട് തെറി കേട്ടിട്ടുണ്ട്. വളരെ ഡിപ്രഷൻ തോന്നിയിരുന്നു അപ്പോൾ.
സുശാന്തിന്റെ കാര്യം തന്നെ നോക്കൂ. മരിച്ചപ്പോൾ സഹതപിക്കുന്ന പലരും സുശാന്ത് ജീവിച്ചിരുന്നപ്പോൾ അയാളെപ്പറ്റി മോശമായി പറഞ്ഞ ആളുകളായിരിക്കാം. എന്നെപ്പോലെ പല കുട്ടികളും പ്രിയവാര്യർ ഉൾപ്പെടെ എന്തിനോ വേണ്ടി തലയിലേറ്റി പെട്ടെന്നൊരു ദിവസം ചവുട്ടിയരയ്ക്കുമ്പോൾ നല്ല വിഷമം തോന്നും. ആ സമയത്ത് കുറച്ച് സിനിമകളൊക്കെ വന്നു. അതിഗംഭീര സിനിമകളൊന്നുമല്ല. വിചാരിച്ച പോലെയുള്ള പ്രോജക്ടുകളൊന്നുമല്ല. നെഗറ്റിവിറ്റി വ്യാപിച്ചിരുന്നതിനാലാവാം അത്. ഇനി ചെയ്യുകയാണെങ്കിൽ അത്യാവശ്യം നല്ലൊരു സിനിമ ചെയ്യണം. അല്ലെങ്കിൽ ഉള്ള പോസിറ്റിവിറ്റി പോലും ഇല്ലാതായിപ്പോകുമെന്ന് എനിക്ക് തോന്നി. കാത്തിരിക്കുന്ന സമയത്ത് തെലുങ്കിൽ ഒരുസിനിമ കിട്ടി. പിന്നെ തുടർച്ചയായി മൂന്ന് തെലുങ്ക് സിനിമകൾ. തെലുങ്ക് പഠിച്ചത് എന്നെത്തന്നെ പ്രൂവ് ചെയ്യാനാണ്. തെലുങ്കിൽ കുറെ നല്ല കഥാപാത്രങ്ങൾ ചെയ്യാൻപറ്റി. തെലുങ്കിൽ അനുപമാ പരമേശ്വരൻ ആരാണെന്ന് ചോദിച്ചാൽ അറിയുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ കഠിനാദ്ധ്വാനമാണ്. രാത്രിയെന്നോ പകലെന്നോയില്ലാതെ ഭാഷ പഠിച്ചിട്ടുണ്ട്. അങ്ങനെ കുറേ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിൽ സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.
എങ്കിലും നല്ല അവസരങ്ങൾ വന്നാൽ മാത്രം മതിയെന്ന് തീരുമാനിച്ചു. ഇനിയുമെന്തിനാണ് ചിലരുടെ വെറുപ്പ് സമ്പാദിക്കുന്നതെന്ന് വിചാരിച്ച് മാറിനിന്നുവെന്ന് മാത്രം. അങ്ങനെയിരിക്കുമ്പോഴാണ് സത്യൻ സാർ എന്നെ വിളിക്കുന്നത്. ദുൽഖറിന്റെ സിനിമയിലേക്ക് സത്യൻ സാർ വിളിച്ചത് എനിക്ക് വലിയ ഒരു അംഗീകാരമായിരുന്നു. കഥാപാത്രത്തെക്കുറിച്ച് പോലും ചോദിക്കാതെ സന്തോഷത്തോടെ ഞാൻ ആ സിനിമ ചെയ്തു.
പ്രേമത്തിൽ നിവിനെ 'തേക്കുന്ന"കഥാപാത്രമാണ്. ചിലരുടെയെങ്കിലും വെറുപ്പിന് അതുമൊരു കാരണമായിരിക്കുമോ?
ഒരു പരിധിവരെ ആയിരിക്കാം. എനിക്കത് മനസിലാകും. മമ്മുക്കയും ലാലേട്ടനുമൊക്കെ ചെയ്ത കഥാപാത്രങ്ങളെ നമ്മളൊക്കെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട്. വാത്സല്യമായാലും കിരീടമായാലും ഉദാഹരണങ്ങൾ ഒരുപാടുണ്ട്. ഞാനും അമ്മയും അനിയനും കൂടിയിരുന്ന് പഴയകാല സിനിമകൾ കാണാറുണ്ട്. ചില ആൾക്കാരെ ഉദാഹരണത്തിന് ഭീമൻ രഘുവിനെയൊക്കെ സിനിമയിൽ കാണുമ്പോൾ നമുക്ക് പേടിയായിരിക്കാം തോന്നുന്നത്. അവർ നല്ലയാളുകളായിരിക്കാം. പക്ഷേ നമുക്ക് അവരെ സ്ക്രീനിൽ കാണുമ്പോൾ പേടിയാണ്.
ഒാരോ കഥാപാത്രങ്ങൾ അഭിനേതാക്കൾക്ക് ഒരു പ്രത്യേക ഇമേജ് കൊടുക്കും. പല അഭിനേതാക്കളും സ്റ്റീരിയോ ടൈപ്പായി പോകുന്നതും ആ ഇമേജ് കാരണമാണ്. ഒരഭിനേതാവ് ഒരു കഥാപാത്രം നന്നായി അവതരിപ്പിച്ചാൽ അതേ കഥാപാത്രത്തെത്തന്നെ ആവർത്തിച്ച് നൽകും.കഥാപാത്രങ്ങളുടെ സ്വഭാവം നോക്കി ഒരഭിനേതാവിന്റെ സ്വഭാവം വിലയിരുത്തുന്നത് തികച്ചും ബാലിശമാണ്.രണ്ട് സിനിമയിൽ 'തേപ്പ്കാരി"യായതുകൊണ്ട് എന്നോട് ചിലർക്ക് ദേഷ്യം തോന്നുന്നുവെങ്കിൽ അത് അവരുടെ ആറ്റിറ്റ്യൂഡിന്റെ പ്രശ്നമാണ്. തെലുങ്കിലെ എന്റെ ആദ്യ സിനിമയിൽ സാമന്തയ്ക്ക് ഒാപ്പോസിറ്റായിട്ടുള്ള ഒരു നെഗറ്റീവ് കഥാപാത്രമായിരുന്നു നാഗവല്ലിയെന്ന് പേരുള്ള വളരെ ഇറിറ്റേറ്റിംഗായിട്ടുള്ള ഒരു ഭാവിവധുവിന്റെ കാരക്ടർ. അത്രയും നെഗറ്റീവായ ഒരു കാരക്ടറിലൂടെ തുടക്കം കുറിച്ചിട്ട് പോലും തെലുങ്കിലെ ഒരുപാട് സംവിധായകർ എന്നോട് നല്ല അഭിപ്രായം പറഞ്ഞു. പിന്നീട് തെലുങ്കിൽ എനിക്ക് കിട്ടിയതൊക്കെ നായികാകഥാപാത്രങ്ങളായിരുന്നു. പോസിറ്റീവായ കഥാപാത്രങ്ങൾ.
ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്രയുടെ പേരിനൊപ്പം ചേർത്തുള്ള ഗോസിപ്പുകളെക്കുറിച്ച്?
ബുമ്രയും ഞാനും സംസാരിക്കാറുണ്ടെന്നല്ലാതെ വേറെ പ്രത്യേകിച്ചൊന്നുമില്ല. പലരും എന്നോട് അതേപ്പറ്റി ചോദിച്ചിട്ടുണ്ട്. അതിലൊരു വിശദീകരണത്തിന്റെ ആവശ്യം തന്നെയില്ല. ഞങ്ങൾക്ക് തമ്മിൽ അറിയാം. സുഹൃത്തുക്കളാണ്. അതിനപ്പുറമൊന്നുമില്ല. ഒരാൾ നമ്മളെ ട്വിറ്ററിൽ ഫോളോ ചെയ്യുകയോ നമ്മൾ തിരിച്ച് ഫോളോ ചെയ്യുകയോ ചെയ്താലുടൻ അടിസ്ഥാനമില്ലാത്ത കഥകൾ സൃഷ്ടിക്കും. ഒരിടത്ത് വരുന്ന ഗോസിപ്പുകൾ പൊടിപ്പും തൊങ്ങലും ചേർത്ത് മറ്റൊരിടത്ത് പകർത്തും. കന്നഡയിലെയോ തെലുങ്കിലെയോ ഏതോ യുവ സംവിധായകനുമായി എന്റെ കല്യാണമുറപ്പിച്ചുവെന്നായിരുന്നു മറ്റൊരു ഗോസിപ്പ്.
'കല്യാണമുറപ്പിച്ചൂന്ന് കേട്ടല്ലോ,"യെന്ന് വീട്ടിലേക്ക് പലരും വിളിച്ച് ചോദിച്ചപ്പോൾ ഞാൻ ഞെട്ടി. ഞാനതിന് പിന്നിലെ സംഭവമെന്നാണെന്ന് തിരഞ്ഞ് പോയപ്പോൾ ഏതോ ഒരുത്തൻ ഇൻസ്റ്റഗ്രാമിൽ എന്റെ ഫോട്ടോ അവന്റെ പ്രൊഫൈൽ പിക്ച്ചറായിട്ടിരിക്കുകയാണ്. എന്നിട്ട് ഐം എം.ഡി.ബിയിൽ പോയി എന്റെ ഡീറ്റയിൽസിൽ ബോയ്ഫ്രണ്ട് എന്ന് അവന്റെ പേര് ചേർത്തിരിക്കുകയാണ്. ഒരു വെറും ഫേക്ക് ഐ.ഡിയാണത്. അവൻ തന്നെ അവനെ പ്രൊഡ്യൂസർ, ഡയറക്ടർ എന്നൊക്കെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്.അങ്ങനെ ഒരു ഐ.ഡിയുണ്ടോ അങ്ങനെ ഒരാൾ ജീവനോടെയുണ്ടോയെന്ന് പോലുമറിയാതെ പലരും കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു. ഞാനതിനെതിരെ ഒരു പോസ്റ്റിട്ടിരുന്നു. നിങ്ങൾ ജീവനുള്ള ഒരാളുമായി ബന്ധപ്പെടുത്തി എന്നെപ്പറ്റി പറഞ്ഞോളൂ. പക്ഷേ വെറുമൊരു ഫേക്ക് ഐഡിയുമായി ബന്ധപ്പെടുത്തി എന്റെ കല്യാണമാണെന്ന് പറയുന്നത് വളരെ മോശമാണ്.സത്യസന്ധമായ വാർത്തകൾ പങ്കുവയ്ക്കുന്നതാണ് മാദ്ധ്യമ ധർമ്മമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനും ജേണലിസം പഠിച്ചുകൊണ്ടിരുന്നയാളാണ്.
നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതുകൊണ്ടാണ് പല വെബ്സൈറ്റുകളുടെയും പോസ്റ്റുകൾക്ക് താഴെ കരിങ്കോഴി കുഞ്ഞുങ്ങളെ വിൽക്കാനുണ്ട് എന്നൊക്കെ കമന്റ് വരുന്നത്. വായിക്കുന്നവർക്കും അറിയാം പലരും വായിൽ തോന്നിയതൊക്കെ എഴുതിവയ്ക്കുകയാണെന്ന്.വെള്ളമില്ലാതെ കുളിക്കാനുള്ള വഴി, തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ തുടങ്ങിയ കമന്റുകൾ വല്ലാതെ ഡിസ്റ്റർബ്ഡായിരിക്കുന്ന സമയത്ത് ഞാൻ വായിക്കാറുണ്ട്.
ഞാൻ ഫേസ്ബുക്കിൽ കയറാറില്ല. അമ്മയോടു പറയും ഇങ്ങനത്തെവല്ലതുമുണ്ടെങ്കിൽ എനിക്ക് സ്ക്രീൻ ഷോട്ടെടുത്ത് അയയ്ക്കാൻ.തെലുങ്കിലൊന്നും ഇതുവരെ എന്നെ ആരും ട്രോൾ ചെയ്തിട്ടില്ല. ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി മാത്രം ഞാൻ പതിനഞ്ച് ഇന്റർവ്യൂവരെ കൊടുത്തിട്ടുണ്ട്. പക്ഷേ ഹേറ്റ് കമന്റ്സൊന്നും കണ്ടിട്ടില്ല.
പതിനെട്ട് വയസുള്ളപ്പോൾ ഞാനതൊക്കെ അഭിമുഖീകരിച്ചത് കൊണ്ടായിരിക്കാം ഇന്നെന്നെക്കുറിച്ച് ആര് എന്ത് പറഞ്ഞാലും ഞാൻ കാര്യമാക്കാത്തത്. എന്തെങ്കിലുമായിക്കോട്ടെ.മോശം കമന്റിടുമ്പോൾ ചിലർക്ക് അവരുടെയുള്ളിലെ ഫ്രസ്ട്രേഷനൊക്കെ പോകും. അവർ എവിടെയോ ഇരുന്ന് ഒന്നും ചെയ്യാതെയിരുന്ന് സമയം പോകാൻ ഒരുവഴിയുമില്ലാതെയിടുന്ന കമന്റുകളല്ലേ.ആരോഗ്യകരമായ വിമർശനം നല്ലതാണ്. ഞാനതിന് ഒാ. കെയാണ്. ചിലർ പറയാറുണ്ട് ആ സിനിമയിൽ ഇത്തിരി ഒാവർ ആക്ടിംഗായി തോന്നിയെന്നൊക്കെ. ഞാനത് അംഗീകരിക്കും. അത് ശരിയായിരിക്കാം.ഇത്രയധികം ഇന്റർവ്യൂ കൊടുക്കണോയെന്ന് ചോദിച്ചാൽ എനിക്ക് മനസിലാവും. അതിന്റെ ആവശ്യമില്ല. പക്ഷേ തെറി വിളിക്കുന്നതും വീട്ടുകാരെ ഒാരോന്ന് പറയുന്നതുമൊക്കെ വളരെ മോശം കാര്യങ്ങളാണ്.
പുതിയ പ്രോജക്ടുകൾ?
മണിയറയിലെ അശോകൻ, തള്ളിപ്പോകാതെ എന്ന തമിഴ് ചിത്രവും റിലീസാകാനുണ്ട്. ഇൗവർഷം നാല് പ്രോജക്ടുകൾ ചെയ്യേണ്ടതായിരുന്നു. ഒരു സിനിമയുടെ ഷൂട്ട് തുടങ്ങിയിരുന്നു. ഷൂട്ട് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞ് ഞാൻ നാട്ടിലേക്ക് എത്തിയതിന് പിന്നാലെ ലോക് ഡൗണും വന്നു.ഒരു കന്നഡയും മൂന്ന് തെലുങ്കും ഉൾപ്പെടെആ നാല് പ്രോജക്ടുകൾ ഇനിയെന്ന് തുടങ്ങുമെന്നറിയില്ല.കന്നഡയിൽ പുനീത് രാജ് കുമാറിനൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി അറിയാം. എന്റെ സ്റ്റാഫ് മഹാരാഷ്ട്രക്കാരായതുകൊണ്ട് മറാഠിയും കുറച്ചറിയാം.ഏറ്റവും കൂടുതൽ ഭാഷാ സിനിമകളിൽ അഭിനയിക്കണമെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പ്രകാശ് രാജ് സാറിന്റെ കൂടെ ഞാൻ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആറ് ഭാഷകൾ എഴുതാനും വായിക്കാനുമൊക്കെ അറിയാം.
ഇൗ ഒാണം എങ്ങനെയായിരിക്കും?
നാട്ടിൽ കൂടൽമാണിക്യ ക്ഷേത്രത്തിലെ പത്തുദിവസത്തെ ഉത്സവം പോലും വന്ന് പോയതറിഞ്ഞില്ല.
ഒാണം ആഘോഷിക്കുന്നതിനേക്കാളുപരി കൊവിഡൊക്കെ ഒന്ന് മാറി ദുരിതത്തിലാണ്ടുപോയ ആളുകൾക്ക് ആശ്വാസം കിട്ടട്ടെയെന്നാണ് പ്രാർത്ഥന. ഒാണമാഘോഷിച്ചില്ലെന്ന് കരുതി ഒന്നും സംഭവിക്കില്ല. കേരളത്തിലെല്ലാവരും ഒരുമിച്ചാഘോഷിക്കുന്ന ഉത്സവമാണ് ഒാണം. ആഘോഷിക്കാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവർക്കും മനസമാധാനമുണ്ടാകട്ടെയെന്നതാണ് ഇപ്പോഴത്തെ എന്റെ പ്രാർത്ഥന.