kadakampally-jaleel

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌ത കെ.ടി ജലീലിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നായിരുന്നു കടകംപളളിയുടെ പ്രതികരണം. ഒരു മന്ത്രിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത് ഇത്ര വലിയ പ്രമാദമായ വിഷയം ആക്കേണ്ട ആവശ്യമില്ല. ഇതിനു മുമ്പും എത്ര മന്ത്രിമാർ ചോദ്യം ചെയ്യലിന് വിധേയരായിട്ടുണ്ടെന്നും കടകംപള്ളി ചോദിച്ചു.

കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് തലസ്ഥാന ജില്ല കടക്കുകയാണ്. ഈ സാഹചര്യത്തിൽ സങ്കുചിത രാഷ്ട്രീയം വച്ച് തെരുവിൽ ഇറങ്ങുന്ന ആളുകൾക്ക് അതിന്റെ ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് അത്ര വലിയ വിഷയമല്ല. പ്രതിഷേധങ്ങൾക്ക് അർത്ഥമില്ല. കഴിഞ്ഞ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർക്ക് എതിരേയും ചോദ്യം ചെയ്യൽ നടന്നിട്ടുണ്ട്.

കഴിഞ്ഞ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മണിക്കൂറുകളോളം അന്വേഷണ ഏജൻസികൾ ഇവിടെ ചോദ്യം ചെയ്‌തിട്ടില്ലേ. അന്ന്‌ ആരെങ്കിലും രാജിവെച്ചിരുന്നോ. മന്ത്രി കെ ടി ജലിലിനോട്‌ ചില കാര്യങ്ങൾ ഇ ഡി ചോദിച്ചറിയുക മാത്രമാണ്‌ നടന്നിട്ടുള്ളത്‌. അതിന്‌ ഇത്രമാത്രം പ്രശ്‌നങ്ങൾ ഉണ്ടാക്കേണ്ട കാര്യമുണ്ടോ. മന്ത്രിയെ വിളിച്ച് കാര്യങ്ങൾ ചോദിക്കുന്നതിൽ തെറ്റായി ഒന്നും ഇല്ല. കഴിഞ്ഞ മന്ത്രിസഭയിൽ ഏത്‌ മന്ത്രിമാരാ ചോദ്യം ചെയ്യലിൽ നിന്ന്‌ ഒഴിവായിട്ടുള്ളത്‌ കേന്ദ്രമന്ത്രി സഭയിലെ മന്ത്രിമാരെ ചോദ്യം ചെയ്‌തിട്ടില്ലേ. അനാവശ്യമായ കാര്യമാണ്‌ പ്രതിപക്ഷ സംഘടനകൾ നടത്തുന്നതെന്നും കടകംപള്ളി പറഞ്ഞു.