പുതുമണവാളൻ റോഷൻ ബഷീറിന്റെയും ഹൃദയപാതി ഫർസാന അനൂബിന്റെയും
വിശേഷങ്ങൾ..
ഒാർമയുണ്ടോ ഈ മുഖം
റോഷൻ : അഞ്ചുവർഷം മുൻപ് ഒരു വൈകുന്നേരം ഇടപ്പള്ളിയിൽ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ ക്ളാസ് കഴിഞ്ഞു ഇറങ്ങിവരുമ്പോഴാണ് ആദ്യം കാണുന്നത്. അനുജത്തി റെനീഷയെ കൊണ്ടുപോവാനാണ് ഞാൻ വന്നത്. രണ്ടുപേരും രണ്ടു ക്ളാസിൽ. സിനിമയിലെ ഒരു പാസിംഗ് ഷോട്ട് പോലെ ഫർസാന.
ഫർസാന : ഒബ് റോൺ മാളിൽ വീട്ടുകാരുടെ കൂടെ സിനിമ കാണാൻ പോയപ്പോൾ വീണ്ടും കണ്ടു. അന്നും ഒന്നും സംസാരിച്ചില്ല. അതിനുശേഷം ഞങ്ങൾ ഇൻസ്റ്റയിൽ ചാറ്റ് ചെയ്തു.
റോഷൻ : 'ആള് മാറിപോയല്ലോ" എന്നു ദൃശ്യം സിനിമ കണ്ട് ചാറ്റ് ചെയ്തു.ആ ചാറ്റ് അവിടെ നിന്നു.
ഫർസാന : മ്യുചൽ ഫ്രണ്ടാണ് റെനീഷ. അവളെ ഞാൻ വീട്ടിൽ അവതരിപ്പിച്ചിട്ടുണ്ട്.അങ്ങനെ വീട്ടുകാർക്ക് അറിയാം.
ഖൽബിലെ പെണ്ണ്
റോഷൻ : ആദ്യ ലോക് ഡൗൺ കഴിഞ്ഞു പെണ്ണുകാണാൻ പോയി. എന്റെ ആദ്യ പെണ്ണു കാണൽ. അന്നാണ് ആദ്യം നേരിട്ടു സംസാരിക്കുന്നത്. സംസാരം കേട്ടപ്പോൾ തന്നെ സിങ്ക് ആവുമെന്ന് തോന്നി. ഫാമിലി കെയർ ഉള്ള ആളാണ്.അങ്ങനത്തെ ആളെയാണ് ആഗ്രഹിച്ചത്.
ഫർസാന : മിംഗിൾ ആവുമെന്ന് എനിക്കും അപ്പോൾ തോന്നി. എൽ. എൽ. ബി കഴിഞ്ഞു, എൽ. എൽ. എമ്മിന് പോവാനാണ് തീരുമാനമെന്നും പറഞ്ഞു. രണ്ടുപേരുടെയും വീടുകളിൽ സന്തോഷവും കൂട്ടായ്മയുമുണ്ട്.അപ്പോൾ പിന്നേ റൂട്ട് ക്ളീയർ.
സിനിമാനടനും വക്കീലും തമ്മിൽ നല്ല കോമ്പോയാണെന്ന് തോന്നി. പെണ്ണു കാണൽ കഴിഞ്ഞതോടെ കാര്യങ്ങൾ എല്ലാം വീട്ടുകാരുടെ കൈയിൽ. ഉമ്മച്ചിമാർ തമ്മിൽ ഫോൺ വിളി തുടങ്ങി. കൊച്ചിയിലെ മാടവനയിലാണ് വീട്. ഉപ്പ അനൂബ്, ഉമ്മ റഹ്മത്ത്. ചേച്ചി റോഷ് നയുടെ നിക്കാഹ് കഴിഞ്ഞു. ഇളയ സഹോദരി ഹിബ ഫ്രഞ്ച് വിദ്യാർത്ഥി.
റോഷൻ : മമ്മുക്കയുടെ അമ്മാവന്റെ ചെറുമകളാണ് ഫർസാന. വീഡിയോ കോളിൽ മമ്മൂക്ക ആശംസ അറിയിച്ചു. കൂട്ടുകുടുംബത്തിലെ അംഗമാണ് ഫർസാന. ലോക് ഡൗൺ സമയത്ത് ഫർസാന എന്റെ സിനിമകളെല്ലാം അരിച്ചു പെറുക്കി. ഞാൻ ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടില്ല. 'പ്ളസ് ടു" ആണ് ആദ്യ ചിത്രം. ആ സിനിമയിൽ ഞാൻ വേറൊരു രൂപം.അത് ഞാനല്ലെന്നാണ് ഫർസാന പറയുന്നത്. തെലുങ്ക് ചിത്രമായ 'കൊളമ്പസ് "ഒരുപാട് ഇഷ്ടപ്പെട്ടു.
ഫർസാന : 'ഡേർട്ടി ഹരി"യും 'ഫൈവ് ഡബ് ള്യൂസും" ഞങ്ങൾ ഒന്നിച്ചു കാണാനാണ് ആഗ്രഹം.അത് എപ്പോഴായിരിക്കുമെന്ന് അറിയില്ല.
കല്യാണം മുടക്കി കൊവിഡ്
റോഷൻ : കൊറോണയോടുള്ള പേടി കാരണം പെണ്ണു കാണാൻ പോയപ്പോൾ തന്നെ മോതിരം ഇട്ടു. ഒരാഴ്ച കഴിഞ്ഞു നിക്കാഹിന്റെ ഡേറ്റ് തീരുമാനിച്ചു.
ആഗസ്റ്റ് 5
ഫർസാന : കൊവിഡും ഒപ്പം തിമിർത്ത് പെയ്യുന്ന മഴയും. നിക്കാഹിന്റെ ഡേറ്റ് മാറി. ആഗസ്റ്റ് 16. അന്ന് വൈകിട്ട് ആറിന് നിക്കാഹ്.
റോഷൻ : കഴിഞ്ഞ വർഷം ആഗസ്റ്റ് 16നായിരുന്നു റെനീഷയുടെ നിക്കാഹ്. പിറ്റേവർഷം അതേ ദിവസം തന്നെ എന്റെ നിക്കാഹ് നടന്നത് നിമിത്തം. നിക്കാഹിന് അൻപതിൽ താഴെ ആളുകളാണ് ഉണ്ടായിരുന്നത്. വളരെ അടുത്ത ബന്ധുക്കൾ മാത്രം. റെനീഷയ്ക്കും അളിയൻ നിഹാദിനും എത്താൻ കഴിഞ്ഞില്ല,അവർ ദുബായിലാണ്. ലോക് ഡൗൺ മാറുകയും സാധാരണ നിലയിൽ എത്തുകയും ചെയ്താൽ പാർട്ടി നടത്തണമെന്ന് ആഗ്രഹമുണ്ട്.
ജോർജുകുട്ടിയും ധ്യാനവും
ഫർസാന : ആഗസ്റ്റ് രണ്ടിന് വരുൺ പ്രഭാകറെ ആളുകൾ ഒാർക്കും. അന്നാണ് വരുൺ മരിച്ചതും ജോർജുകുട്ടിയും കുടുംബവും തൊടുപുഴയിൽ ധ്യാനത്തിന് പോയതും. കോളേജിൽ പഠിക്കുമ്പോൾ വരുൺ പ്രഭാകറെ കുറേ ട്രോളിയിട്ടുണ്ട്.
റോഷൻ : ഈപ്രാവശ്യം ഞാൻ വരുൺ പ്രഭാകറെ ട്രോളി ഫർസാനയ്ക്ക് അയച്ചു .ആഗസ്റ്റ് 16 മുതൽ ഫർസാന എന്റെ കൂടെയുണ്ട്. അത് മറ്റൊരു നിമിത്തം. 'ദൃശ്യം "സിനിമയും ആ തീയതിയും എല്ലാ മലയാളിയും ഒാർക്കും. 'ദൃശ്യം" സിനിമ കഴിഞ്ഞു ഏഴുവർഷമായി.'ദൃശ്യം 2" ചിത്രീകരണം ആരംഭിക്കാൻ പോവുകയാണ്. വരുൺ പ്രഭാകർ പ്രേതമായി തിരിച്ചുവരുമോ അപരനോ അനുജനോ ഉണ്ടാവുമോ എന്നും പലരും ചോദിക്കുന്നുണ്ട്.രണ്ടാം ഭാഗത്തിന് ആദ്യ ചിത്രത്തിന്റെ കഥയുമായി ബന്ധവുമില്ലെന്നാണ് അറിഞ്ഞത്.
ബിരിയാണിയോട് മൊഹബത്ത്
റോഷൻ :ഞങ്ങൾ രണ്ടുപേരും ഫുഡ്ഡീസാ.ഡയറ്റ് ശ്രദ്ധിക്കാറുണ്ട്. മുൻപ് ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുമായിരുന്നു. വിവാഹത്തിന് മുൻപ് ഒാൺലൈൻ വീഡിയോ വർക്കൗട്ട് ചെയ്തു. ബിരിയാണി ഞങ്ങൾ രണ്ടുപേർക്കും ഇഷ്ടമാണ്.ബിസിനസ് ഇഷ്ട മേഖലയാണ്. ജിംനേഷ്യമായിരുന്നു മനസിൽ . അത് വർക്കൗട്ട് ആയില്ല. കോഴിക്കോട് കുറ്റ്യാടിയാണ് നാട്. നല്ല ഭക്ഷണവും എന്തു വിളമ്പണമെന്നും കോഴിക്കോടുകാർക്ക് അറിയാം. ഇടപ്പള്ളി ടോളിനുസമീപം അഞ്ചു മാസം മുൻപ് റസ്റ്റോറന്റും കഫേയും തുടങ്ങി.നല്ലൊരു പാർട്ണറെയും കിട്ടി. പതിനൊന്നു വർഷമായി കുടുംബസമേതം കൊച്ചിയിലാണ് താമസം.പപ്പ കലന്തൻ ബഷീർ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഉമ്മ റംല.
ഫർസാന :ഭക്ഷണത്തിൽ മാത്രമല്ല നൃത്തത്തിലും ഒരേ ടേസ്റ്റാണ്. എനിക്ക് വെസ്റ്റേണും ക്ളാസിക്കലും കന്റംപെറിയും അറിയാം.
റോഷൻ: മാലിദ്വീപാണ് ഞങ്ങൾ രണ്ടുപേരുടെയും പ്രിയ ഡെസ്റ്റിനേഷൻ. അവിടേക്ക് ഒരു യാത്ര ആലോചനയിലുണ്ട്. അധികം വൈകാതെ അതിനു കഴിയുമെന്നാണ് പ്രതീക്ഷ.