കോട്ടയം ഒാണം,
ചെന്നൈ ഒാണം,
ലോക് ഡൗൺ ഒാണം.
സദ്യ വിളമ്പി
അഞ്ജു കുര്യൻ
മനോജ് വിജയരാജ്
കബഡി...കബഡി
വടംവലി മത്സരം തുടങ്ങുകയാണ്. വീട്ടിലെ മുതിർന്നവരെ തോൽപ്പിച്ച് ഞങ്ങൾ കുട്ടികൾ ഹർഷാരവം മുഴക്കി. ഒാണാവധിക്ക് സ്കൂൾ അടയ്ക്കാൻ കാത്തിരിക്കും. പത്തുദിവസവും ഒാണാഘോഷം ഉണ്ടാവും. കളിയും ആഘോഷവും നിറഞ്ഞ ഒാണം വരുന്നതിനുവേണ്ടിയുള്ള കാത്തിരിപ്പു തന്നെ ഒരു സുഖമാണ്. ദിവസവും വീട്ടിൽ പൂക്കളം ഒരുക്കും. പൂക്കൾ ശേഖരിക്കാൻ വേണ്ടി അതിരാവിലെ എഴുന്നേൽക്കും. ബന്ധുക്കൾ എല്ലാം ഒാണാഘോഷത്തിന് വീട്ടിൽ ഉണ്ടാവും.ഞങ്ങൾ കുട്ടികളുടെ ഒരു സംഘം തന്നെയുണ്ട്. കബഡി കളിയിൽനിന്നാണ് തുടക്കം.ഡാൻസ്, കസേരകളി, വടംവലി,കലം തല്ലി പൊട്ടിക്കൽ നിരവധി കളികൾ.എല്ലാം നിറയെ ആഹ്ളാദം നൽകി. വടംവലിയിൽ മാത്രമാണ് മുതിർന്നവരുടെ പങ്കാളിത്തം. ടിവി പ്രോഗ്രാം അവതരിപ്പിക്കുന്നതുപോലെയായിരുന്നു കലാപരിപാടികളുടെ പ്രഖ്യാപനം. നൃത്തമാണ് എന്റെ ഇനം. പത്തു ദിവസത്തെ ആ ഒാണാഘോഷത്തിന്റെ ഒാർമ ഇപ്പോഴും മനസിൽനിന്ന് മായുന്നില്ല. ഒാണക്കാലത്താണല്ലോ ഊഞ്ഞാൽ ആടുക.എല്ലാ വീട്ടുമുറ്റത്തും ഊഞ്ഞാൽ കാണാം. സ്കൂളിലെ ഒാണാഘോഷവും അടിപൊളിയായിരുന്നു. പുതുവസ്ത്രത്തിന്റെ മണം തന്ന ഒാണക്കോടി. അത് ഇട്ടാണ് സ്കൂളിൽ പോവുക. നന്നായി ഒരുങ്ങിതന്നെയാണ് പോക്ക്.ഉടുപ്പിനു ചേരുന്ന ഹെയർ ബാന്റും, ചെരുപ്പും കമ്മലും.വിഭവസമൃദ്ധമായ ഊണാണ് സദ്യ. കോട്ടയത്തെ വിഭവസമൃദ്ധായ ഒാണസദ്യയിൽ 28 വിഭവങ്ങൾ വരെ ഉണ്ടാവും. പായസവും ശർക്കരഉപ്പേരിയുമാണ് ഞങ്ങൾ കുട്ടികളുടെ പ്രിയ വിഭവം. പാലടപ്രഥമനും, പഴം പ്രഥമനും, ഗോതമ്പ് പ്രഥമനും അടപ്രഥമനും കുടിച്ച ഒാണക്കാലം.ഒാണക്കോടിയുടെ നിറവും ഒാണപ്പൂക്കളുടെ മണവും എന്നും ഗൃഹാതുരത്വം നിറഞ്ഞതാണ്. വളർന്നപ്പോഴാണ് അതിന്റെ ഗുണവും സുഖവും കൂടുതൽ തിരിച്ചറിഞ്ഞത്. അത് ഒരു കാലമായിരുന്നു. ഒരു കാലത്തിനും മായിക്കാനാവാത്ത കാലം.മനസിൽ തട്ടിയ ഒാണാഘോഷം എങ്ങനെ മറക്കാൻ കഴിയും.
മൂന്നരമണി സദ്യ
ചെന്നൈ ഹിന്ദുസ്ഥാൻ സർവകലാശാലയിൽ ഒാണാഘോഷത്തിന് മാവേലി കയറിവരാറുണ്ട്.അവിടെ പഠിക്കുന്നവരിൽ അധികവും മലയാളി കുട്ടികൾ. അതിനാൽ ആഘോഷത്തിനു കൊഴുപ്പേറും.കേരളത്തിന്റെ പരമ്പരാഗത വേഷവിധാനങ്ങളോടെയാണ് ഞങ്ങൾ കുട്ടികളുടെ ആഘോഷം. കലാപരിപാടികൾ തന്നെയാണ് പ്രധാന ഇനം .ഒാണാഘോഷ ഒരുക്കങ്ങളുടെ തയാറെടുപ്പ് ആഴ്ചകൾക്കുമുൻപേ തുടങ്ങും. കലാ മത്സരങ്ങളുടെ ഒടുവിലാണ് വടംവലി. അതു കഴിഞ്ഞു സദ്യ. വാഴഇലയിൽ തന്നെ സദ്യ. നിരനിരയായി വിഭവങ്ങൾ. പരിപ്പും പപ്പടവും കൂട്ടി കഴിച്ചു തുടങ്ങും.എല്ലാവരും കൂടി ഒന്നിച്ചിരുന്ന് സദ്യ കഴിക്കുന്നതു തന്നെ രസമാണ്. പത്തു വർഷത്തെ ചെന്നൈജീവിതത്തിനിടെ ഏഴു വർഷം അവിടെ ഒാണം ആഘോഷിച്ചു. ഞങ്ങൾ അഞ്ചു കുട്ടുകാർ ചേർന്നാണ് ഫ്ളാറ്റിൽ സദ്യ ഒരുക്കുക. ഇല നിറയേ വിഭവങ്ങൾ ഉണ്ടാവും. അല്ലെങ്കിൽ എന്തു സദ്യ.രാവിലെ തന്നെ സദ്യ വട്ട ഒരുക്കം തുടങ്ങും.ഒാരോരുത്തരും ഒാരോ ജോലികളിൽ മുഴുകും. നാടും ഒാണവും എല്ലാം സംസാരവിഷയമാവും.ഭക്ഷണം ഉണ്ടാക്കുന്നതിന്റെ ചുമതലയാണ് എനിക്ക്. ഭക്ഷണം ഉണ്ടാക്കാൻ എനിക്ക് ഇഷ്ടമാണ്. മമ്മി നന്നായി ഭക്ഷണം ഉണ്ടാക്കും. സദ്യ ഒരുക്കം തുടങ്ങുമ്പോൾ മമ്മിയെ വിളിക്കും. റെസിപ്പി ഒാരോന്നായി വീഴാൻ തുടങ്ങും. എല്ല വിഭവത്തിനും മമ്മിയുടെ റെസിപ്പി. സദ്യ വിഭവങ്ങൾ എല്ലാം തയാറായി വരുമ്പോൾ മൂന്നരമണിയാവും. അപ്പോഴാണ് ഞങ്ങൾക്ക് ഒാണം. അതും ഒരു രസമുള്ള ഒാണം. സദ്യ നന്നായി എന്നു കേൾക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷം വയറും മനസും നിറയ്ക്കും. ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിന്റെ സുഖം ഒന്നു വേറെതന്നെയാണ്. ഒരിക്കലും മറക്കാൻ കഴിയില്ല ചെന്നൈയിലെ ഒാണം. ഹോട്ടലിൽ ഒാർഡർ ചെയ്ത് സദ്യ കഴിച്ച ഒാണം ഒാർമകളുമുണ്ട്. വിഭവങ്ങൾ ഒരുക്കേണ്ട, സമയമാവുമ്പോൾ കഴിക്കാൻ ചെന്നാൽ മതി. കഴിഞ്ഞ ഒാണത്തിന് ഇൻസന്റ് സദ്യയായിരുന്നു. വീട്ടിലെ സദ്യയുടെ രുചിയും മണവും അതിന്റെ അയലത്ത് വരില്ല.
പുതിയ ഒാണം
ലോക് ഡൗൺ ഒാണം എല്ലാവർക്കും പുതിയ ഒാണം. മിക്ക ഒാണത്തിനും വീട്ടിൽ വരാൻ കഴിഞ്ഞില്ല. ഇത്തവണ കൊവിഡ് ഒാടിച്ചു വീട്ടിൽ കയറ്റിയിരിക്കുകയാണ്. ബംഗ്ളൂരുവിൽനിന്ന് അച്ചാച്ചനും ചെന്നൈയിൽനിന്ന് ഞാനും വന്നു വീട്ടിലിരിപ്പാണ്. നാലു ദിവസത്തേക്ക് വീട്ടിലേക്ക് വന്നതാണ്. ഇനി എപ്പോഴാണ് മടങ്ങി പോവാൻ കഴിയുക എന്ന് അറിയില്ല. എല്ലാവരും വീട്ടിൽ ഒത്തുചേരുന്നത് ഒരുപാട് നാളുകൾക്കുശേഷമാണ്. ബന്ധുവീടുകൾ എല്ലാം അടുത്താണ്. ഡാഡിയും മമ്മിയും ഞങ്ങൾ എല്ലാവരും ചേർന്നായിരിക്കും സദ്യ ഒരുക്കങ്ങൾ.അച്ചാച്ചന്റെ മകൾ എറിസ് എന്ന കുഞ്ഞിയുടെ മൂന്നാം ഒാണമാണിത്. കഴിഞ്ഞ മൂന്നു വർഷവും ചെന്നൈയിലായിരുന്നു എന്റെ ഒാണം. ലോക് ഡൗൺ പുതിയ അനുഭവമാണ്. വ്യായാമവും ഡയറ്റും യോഗയും എല്ലാം പതിവുപോലെ തുടരുന്നു. ആരോഗ്യ സംരക്ഷണത്തിന് മുൻതൂക്കം നൽകുന്നു.കിട്ടുന്നത് കഴിക്കുക എന്നതാണ് എന്റെ ചെന്നൈ ശീലം. വീട്ടിലായതിനാൽ രുചിയുള്ള ഭക്ഷണം കിട്ടുന്നു. കുറെ നാളുകൾക്കുശേഷം മമ്മിയുടെ ഭക്ഷണം കിട്ടുന്നതിന്റെ സന്തോഷമുണ്ട്.മാത്രമല്ല, മമ്മിയുടെ കൈകൊണ്ടു ഉണ്ടാക്കുന്ന സദ്യയും കഴിക്കാം ഒാണത്തിന്. എനിക്ക് പ്രിയപ്പെട്ടതാണ് പച്ചടിയും രസവും അവിയലും. ഈ രണ്ടുവിഭവം സദ്യയിലെ പതിവുകാരണല്ലോ.പിന്നേ അടപ്രഥമൻ.ഉണ്ടാക്കുന്ന ഭക്ഷണം നമ്മൾ തന്നെ വിളമ്പുന്നത് സന്തോഷമുള്ള കാര്യമാണ്. ഉത്രാടപ്പാച്ചൽ നടത്തുന്നതിന് നിയന്ത്രണം ഉള്ള ഒാണം കൂടിയായിരിക്കും ഇത്തവണ. അതൊക്കെ പൊലിമയിൽ മങ്ങലേൽപ്പിക്കാം. വായ് മൂടി കെട്ടിയാവരുത് അടുത്ത ഒാണക്കാലമെന്നാണ് ആഗ്രഹം.