mammootty

തന്‍റെ കുഞ്ഞ് ആരാധികയ്ക്ക് പിറന്നാള്‍ ആശംസകളുമായി മലയാളത്തിന്റെ സൂപ്പ‌ർ താരം മമ്മൂട്ടി. 'മമ്മൂക്ക എന്നെ ഹാപ്പിബെര്‍ത്ത്ഡേക്ക് വിളിച്ചില്ല'' എന്ന് പറഞ്ഞ് കരഞ്ഞ നാലു വയസുകാരിയുടെ പിറന്നാളിനാണ് താരം കേക്കും സമ്മാനങ്ങളുമയച്ചത്. വെറും സമ്മാനപ്പൊതികളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല മമ്മൂക്കയുടെ സര്‍പ്രൈസ്. കേക്ക് മുറിച്ച ശേഷം പീലിക്കുട്ടിയുമായി വീഡിയോ കോളില്‍ സംസാരിക്കാനും മമ്മൂട്ടി മറന്നില്ല.

‘ഹാപ്പി ബർത്ത്ഡേയ് പീലിമോൾ, വിത്ത്‌ ലവ് മമ്മൂട്ടി’ എന്നാണ് കേക്കിൽ എഴുതിയിരുന്ന വാചകങ്ങൾ. വീട്ടുകാർ തയ്യാറാക്കി വച്ച കേക്ക് പിതാവ് ഹമീദ് തന്നെ മാറ്റി വച്ച്, മമ്മ‌ൂക്ക സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു ആഘോഷം.

കൊച്ചിയിലെ യുവ ഫാഷൻ ഡിസൈനറായ ബെൻ ജോൺസൺ പ്രത്യേകം നെയ്തെടുത്ത ഉടുപ്പാണ് പീലിക്കായി മമ്മൂട്ടി കൊടുത്തുവിട്ടത്. അങ്കമാലി ചമ്പന്നൂർ സ്വദേശികളായ ജോസ് പോളും ബിജു പൗലോസും ആണ് മമ്മൂട്ടിയുടെ സമ്മാനങ്ങളുമായി പെരിന്തൽമണ്ണയിൽ എത്തിയത്.

മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശി പുന്നക്കാടന്‍ ഹാമിദലിയുടെയും സജിലയുടേയും മകളാണ് പീലി. കടുത്ത മമ്മൂട്ടി ആരാധകരാണ് ഹാമിദലിയും കുടുംബവും. ഹാമിദലി യാദൃശ്ചികമായി മമ്മൂട്ടിയുടെ പിറന്നാളാണെന്ന് വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. നിമിഷങ്ങള്‍ക്കകം മമ്മൂക്ക എന്നെ ഹാപ്പി ബെര്‍ത്ത് ഡേക്ക് വിളിച്ചില്ലെന്ന് പറഞ്ഞ് പീലി കരയാന്‍ തുടങ്ങി. പിതാവ് ഹാമിദലി പീലിയെ ആശ്വസിപ്പിക്കാന്‍‌ ശ്രമിച്ചെങ്കിലും പീലി അടങ്ങിയില്ല.

അതേസമയം ഹാമിദലി ഇതെല്ലാം തന്‍റെ മൊബൈലില്‍‌ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ഇത് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചതോടെയാണ് മമ്മൂട്ടിയും തന്‍റെ കുഞ്ഞ് ആരാധികയെ കുറിച്ചറിയുന്നത്.