vegitable

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പ് തലസ്ഥാന നഗരത്തിൽ ആരംഭിച്ച പച്ചക്കറി ചന്തകൾ സ്ഥിരമാക്കാനൊരുങ്ങി സർക്കാർ. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് മാർക്കറ്റുകൾ തുടങ്ങിയതെങ്കിലും സർക്കാർ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് ഈ പച്ചക്കറി മാർക്കറ്റുകളിൽ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതാണ് വിപണി സ്ഥിരമായി നടത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൃഷിവകുപ്പിനെ പ്രേരിപ്പിച്ചത്.


ആദ്യം മൂന്നിടങ്ങളിൽ

വഞ്ചിയൂർ, കുറവൻകോണം, വഴുതക്കാട് എന്നിവിടങ്ങളിലാണ് ഈ മാർക്കറ്റുകളെ ആദ്യം സ്ഥിരം സംവിധാനമാക്കുന്നത്. ആദ്യ ഘട്ടത്തിൽ ആഴ്ചയിലൊരിക്കൽ മാത്രമായായിരിക്കും ഇവ പ്രവർത്തിക്കുക. അടുത്ത ഘട്ടത്തിൽ രണ്ടാഴ്ച മുഴുവൻ പ്രവർത്തിക്കുന്ന രീതിയിലും പിന്നീട് മാസം മുഴുവനും പ്രവർത്തിക്കുന്ന തരത്തിലേക്ക് മാറ്റാനുമാണ് ഉദ്ദേശിക്കുന്നത്. മാർക്കറ്റുകളോട് ജനങ്ങളുടെ പ്രതികരണം കൂടി കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.


ഓണത്തിന് ആഗസ്റ്റ് 27 മുതൽ 30 വരെ സമൃദ്ധി 2020-21 എന്ന പേരിൽ സർക്കാർ സംഘടിപ്പിച്ച പഴം,​ പച്ചക്കറി വിപണികളിൽ നിന്ന് മികച്ച തോതിലുള്ള വരുമാനമാണ് ലഭിച്ചത്. വഴുതയ്ക്കാട് മാർക്കറ്റിൽ പ്രതിദിനം ഒരു ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. കവടിയാറിലും ഒരു ലക്ഷത്തോടടുപ്പിച്ച് കച്ചവടം നടന്നു. കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളായ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഓണം വിപണികൾ നടത്തിയത്. ഉത്പന്നങ്ങൾക്ക് 20 ശതമാനം അധിക വില നൽകി സംഭരിക്കുകയും 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് വിപണനം നടത്തുകയുമാണ് ഇതിലൂടെ ചെയ്തത്.


വിപണി ഇടപെടലും

സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു പദ്ധതി കൃഷി വകുപ്പ് ആസൂത്രണം ചെയ്തത്. കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ നേരിട്ട് തന്നെ നഗരത്തിലെ ജനങ്ങൾക്ക് എത്തിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് കൃഷി വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. കർഷകർക്ക് തങ്ങൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് മികച്ച വില ലഭിച്ചാൽ കൂടുതൽ ഉത്പാദിപ്പിക്കാൻ അവർക്ക് പ്രചോദനമാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.