മുംബൈ: ഫിലിം മേക്കറും സംവിധായകനുമായ സാജിദ് ഖാനെതിരെ ഗുരുതര ആരോപങ്ങളുമായി മോഡലും നടിയുമായ പോള. ഹൗസ് ഫുൾ എന്ന സിനിമയിൽ ഒരു റോൾ ലഭിക്കാൻ തന്റെ മുന്നിൽ നഗ്നയായി നിൽക്കാൻ സാജിദ് ഖാൻ ആവശ്യപ്പെട്ടു എന്നാണ് ഇവർ ആരോപിക്കുന്നത്. ഈ സമയത്ത് തനിക്ക് 17 വയസു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇവർ പറഞ്ഞു. നേരത്തെ മീ ടു മുവ്‌മെന്റിന്റെ ഭാഗമായി സാജിദ് ഖാനെതിരെ ആരോപണമുയർപ്പോൾ തനിക്ക് ഇക്കാര്യം തുറുന്നു പറയാൻ ധൈര്യമുണ്ടായിരുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറീസിലാണ് ഇവരുടെ വെളിപ്പെടുത്തൽ. 2018 ലെ മീടു മൂവ്‌മെന്റിനിടയിൽ സാജിദ് ഖാനെതിരെ സിനിമാ മേഖലയിലെയും മാധ്യമരംഗത്തെയും സ്ത്രീകൾ ആരോപണം ഉന്നയിച്ചിരുന്നു. 'അയാൾ എന്നോട് മോശമായി സംസാരിച്ചു, എന്നെ സ്പർശിക്കാൻ ശ്രമിച്ചു. ഹൗസ് ഫുൾ എന്ന സിനിമയിൽ ഒരു റോൾ ലഭിക്കാനായി മുന്നിൽ വച്ച് വസ്ത്രങ്ങൾ അഴിക്കാനും ആവശ്യപ്പെട്ടു,' നടിയും മോഡലുമായ യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.2018 ലെ മീ ടൂ ആരോപണങ്ങളെ തുടർന്ന് ഹൗസ് ഫുൾ 4 സിനിമാ നിർമാതാക്കൾ സാജിദ് ഖാനെ ഒരു വർഷത്തേക്ക് വിലക്കിയിരുന്നു. എന്നാൽ മി ടൂ ആരോപണങ്ങളെ അന്ന് സാജിദ് ഖാൻ നിഷേധിച്ചിരുന്നു.