മനാമ: ഇസ്രയേലിനെ അംഗീകരിക്കുന്ന നാലാമത്തെ അറബ് രാഷ്ട്രമായി ബഹ്റൈൻ. യു.എ.ഇ- ഇസ്രയേൽ നയതന്ത്ര കരാർ ഒപ്പിടാനിരിക്കെയാണിത്. മദ്ധ്യപൂർവേഷ്യയിലെ അറബ് രാജ്യങ്ങളോട് ഇസ്രയേലിനെ അടുപ്പിക്കാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണിത്.
ബെഹ്റൈൻ സർക്കാരിന്റെ തീരുമാനം അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും ട്രംപും ചേർന്ന നടത്തിയ ഫോൺ കോളിനു ശേഷം മൂന്ന് നേതാക്കളും ചേർന്ന് ആറ് ഖണ്ഡികയോളം വരുന്ന പ്രസ്താവന പുറത്തിറക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ - യു.എ.ഇ നയതന്ത്ര ഇടപാടുകൾ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച കരാർ പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പാണ് ബഹ്റൈനും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ച വിവരം പുറത്തു വരുന്നത്. ഒരാഴ്ചയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ ബഹ്റൈൻ വിദേശകാര്യമന്ത്രി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് യു.എ.ഇയും ഇസ്രയേലും തമ്മിൽ ധാരണയിലെത്തിയത്. ഇതിന്റെ ഭാഗമായി ചരിത്രത്തിൽ ആദ്യമായി ഇരുരാജ്യങ്ങളും തമ്മിൽ ടെലഫോൺ ബന്ധവും വിമാന സർവീസും ആരംഭിച്ചിരുന്നു. പിന്നാലെ, ഇസ്രയേലിനെ അംഗീകരിച്ച് സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങൾ രംഗത്തു വന്നിരുന്നു.