
തിരുവനന്തപുരം: കൊവിഡിന്റെ തുടക്കകാലം മുതൽ പി.പി.ഇ കിറ്റുകളുടെ വില കേട്ട് ഞെട്ടിയവരാണ് നമ്മളിൽ പലരും. മാസ്‌കുകളും സാനിറ്റൈസറും ദൈനംദിന ജീവിതത്തിന്റെ ഭാഗമായ കൊവിഡ് കാലത്ത് ഏറെ വിലപ്പെട്ട സുരക്ഷ കവചമായ പി.പി.ഇ കിറ്റുകൾ വെറും 275 രൂപ മുതൽ 350 രൂപ വരെ നിരക്കിൽ കിട്ടുമെന്ന് പറഞ്ഞാൽ നിങ്ങളാരെങ്കിലും വിശ്വസിക്കുമോ. പുറത്ത് മെഡിക്കൽ സ്റ്റോറുകളിൽ കൊള്ളവില ഈടാക്കുന്ന ഒർജിനൽ എൻ95 മാസ്‌കുകൾക്ക് 10 രൂപ മാത്രമേ വിലയുള്ളൂവെന്ന് പറഞ്ഞാലും നമ്മൾ വിശ്വസിച്ചെന്നിരിക്കില്ല. വിശ്വാസം വരാത്തവർക്ക് ഈ കടയിലേക്ക് ചെന്നാൽ വിശ്വസിക്കേണ്ടി വരും.
തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ക്യാമ്പസിലുളളിൽ സ്ഥിതി ചെയ്യുന്ന ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വഴിയാണ് പൊതുജനങ്ങൾക്ക് സഹായകരമായി കുറഞ്ഞവിലയിൽ കൊവിഡ് സുരക്ഷ ഉപകരണങ്ങൾ ലഭിക്കുന്നത്. വിലയേറിയ ജീവൻരക്ഷാ മരുന്നുകളും കൊവിഡ് സുരക്ഷ ഉപകരണങ്ങളും വിലകുറച്ച് കിട്ടുന്ന ഇൻഹൗസ് ഡ്രഗ് ബാങ്ക് തിരുവനന്തപുരത്ത് എസ്.എ.ടി ആശുപത്രിക്ക് മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. സർക്കാർ ആശുപത്രികളിലേക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കുമുളള അവശ്യ മരുന്നുകൾ ഇവിടെ നിന്നാണ് വിൽക്കുന്നത്.
സർക്കാരിന്റെ കീഴിലുള്ള കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി പി.പി.ഇ കിറ്റുകൾക്ക് ഈടാക്കുന്നത് 990 രൂപയാണ്. സ്വകാര്യ ആശുപത്രികളിൽ കിടത്തി ചികിത്സിക്കുമ്പോൾ പി.പി.ഇ കിറ്റ് ഒന്നിന് ഈടാക്കുന്നത് 1250 രൂപയും. ഇൻഹൗസ് ഡ്രഗ് ബാങ്കിൽ ഒരു പി.പി.ഇ കിറ്റിന് 275 മുതൽ 350 രൂപ വരെ ഉള്ളൂവെന്ന് മനസിലാകുമ്പോഴാണ് സർക്കാർ-സ്വകാര്യ മേഖലയിലെ പകൽകൊള്ള വെളിച്ചത്ത് വരുന്നത്. പ്രതിദിനം അയ്യായിരം പി.പി.ഇ കിറ്റുകൾ വരെ ഈ വിലയ്‌ക്ക് ഇൻഹൗസ് ഡ്രഗ് ബാങ്ക് വഴി വിറ്റഴിക്കുന്നുണ്ട്. 10 രൂപയുടെ എൻ 95 മാസ്‌കുകൾ പ്രതിദിനം 45,000 മുതൽ 50,000 എണ്ണം വരെ വിറ്റഴിയും.


ഇൻഹൗസ് ഡ്രഗ് ബാങ്ക് വഴി വില കുറച്ച് സുരക്ഷ ഉപകരണങ്ങളും മരുന്നുകളും ലഭിക്കുമെന്ന് പൊതുജനത്തിന് പലർക്കും അറിയില്ല. അതിനെക്കാൾ ഉപരി ഇങ്ങനെയൊരു സർക്കാർ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന് ജനങ്ങളെ അറിയിക്കാൻ സർക്കാർ മെനക്കെടുന്നില്ല എന്നതാണ് സത്യം. ക്യാൻസർ മരുന്നുകൾ, കിഡ്നി രോഗികൾക്ക് ആവശ്യമായ മരുന്നുകൾ അടക്കമുളളവ വലിയ തോതിൽ വിലകുറച്ചാണ് ഇൻഹൗസ് ഡ്രഗ് ബാങ്ക് വഴി ലഭിക്കുന്നത്. മരുന്ന് കമ്പനികൾ സർക്കാരുമായി നല്ല രീതിയിൽ സഹകരിക്കുന്നത് കൊണ്ടാണ് ഇത്രയും വിലകുറച്ച് സാധനങ്ങൾ വിൽക്കാൻ കഴിയുന്നതെന്നാണ് അധികൃതർ പറയുന്നത്.