parking

തിരുവനന്തപുരം: വാഹനത്തിരക്ക് ഏറെയുള്ള തലസ്ഥാന നഗരത്തിൽ പാർക്കിംഗിന് സ്ഥലമില്ലാത്തതു കാരണം തോന്നുന്നിടത്തൊക്കെ പാർക്ക് ചെയ്യുന്നതിലൂടെ അപകടങ്ങൾ വർദ്ധിക്കുന്നുവെന്ന് ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്ക്. എൻ.സി.ആർ.ബിയുടെ കണക്ക് അനുസരിച്ച് 2019ൽ അനിയന്ത്രിത പാർക്കിംഗ് മൂലം നഗരത്തിലുണ്ടായത് 37 അപകടങ്ങളാണ്. ഇതിൽ 35 അപകടങ്ങളിലും വാഹന യാത്രക്കാർക്ക് പരിക്കേറ്റു. അശ്രദ്ധമായ പാർക്കിംഗ് കാരണം ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടായ പൊലീസ് ജില്ലകൾ തിരുവനന്തപുരവും തൃശൂരും മാത്രമാണ്. എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി, മലപ്പുറം എന്നീ പൊലീസ് ജില്ലകളിൽ ഇത്തരത്തിലുള്ള ഒരു അപകടം പോലും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. 2019ൽ 1704 റോഡപകടങ്ങളിലായി തലസ്ഥാനത്ത് 160 പേർ മരിക്കുകയും 1701 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആകെ ഉണ്ടായ അപകടക്കേസുകളുടെ കണക്ക് എടുത്താൽ തൃശൂർ, കൊച്ചി, കൊല്ലം പൊലീസ് ജില്ലകളെക്കാൾ താഴെയാണ് തലസ്ഥാന ജില്ല.

നഗരത്തിലെ പാർക്കിംഗ് പ്രശ്നം

തിരുവനന്തപുരത്തെ പാർക്കിംഗ് പ്രശ്നത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. അനധികൃത പാർക്കിംഗ് തടയാൻ നിയമം കൊണ്ടുവന്നെങ്കിലും പലരും അതൊന്നും പാലിക്കാൻ തയ്യാറാകാത്തതാണ് നഗരത്തിലെ ഏറ്റവും വലിയ പ്രശ്നം. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇവിടെ അപകടമുണ്ടായാൽ കേസ് വേണമെന്ന നിർബന്ധബുദ്ധി പലരും കാണിക്കാറുണ്ട്. ചെറിയ അപകടങ്ങൾ ആണെങ്കിൽ പോലും നിയമനടപടികളിലേക്ക് ഇരുകൂട്ടരും പരസ്‌പരം വലിച്ചിഴയ്ക്കും. മറ്റു ജില്ലകളിൽ ഇത്തരമൊരു പ്രവണത ഇല്ലെന്നും പരസ്‌പര ധാരണയിൽ കേസുകളിൽ നിന്ന് അവർ ഒഴിവാകാറാണ് പതിവെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ പറഞ്ഞു.

റോഡ് അപകടങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ പൊലീസിന് കാര്യക്ഷമമായ സംവിധാനങ്ങളില്ലാത്തതും വെല്ലുവിളിയാണ്. അപകടങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ കൂടുതൽ സമഗ്രമായ പഠനങ്ങളും ആവശ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.