abducted-five

ഗുവാഹത്തി: ചൈനീസ് സേന തട്ടിയെടുത്ത് കൊണ്ടുപോയ അരുണാചൽ പ്രദേശ് സ്വദേശികളായ അഞ്ച് യുവാക്കളെ തിരികെയെത്തിച്ചു. ചൈനീസ് അധികൃതർ ഇന്ത്യൻ സൈന്യത്തിന് ഇവരെ കൈമാറി. സെപ്‌തംബർ 2നാണ് ടാഗിയാൻ ഗോത്ര വിഭാഗക്കാരായ അഞ്ച് യുവാക്കളെ യഥാർത്ഥ നിയന്ത്രണ രേഖ കടന്നു എന്ന കാരണത്തിന് പിടികൂടിയത്. ഇരു രാജ്യങ്ങളെയും വേർതിരിക്കുന്ന മക്മോഹൻ രേഖ പ്രദേശത്ത് വേട്ടയാടാനും പച്ചമരുന്നുകൾ ശേഖരിക്കാനും പോയതായിരുന്നു ഇവർ.

പത്ത് ദിവസത്തിന് ശേഷമാണ് ഇവരെ ഇന്ത്യൻ സേനയിലെ ലെഫ്‌റ്റനന്റ് കേണൽ ഹർഷ് വർദ്ധൻ പാണ്ഡെയുടെ നേതൃത്വത്തിൽ തിരികെയെത്തിക്കുന്നത്. തിരികെയെത്തിയ യുവാക്കളെ കൊവിഡ് പ്രോട്ടോകോൾ പ്രകാരം 14 ദിവസം ക്വാറന്റൈനിൽ പാർപ്പിച്ച ശേഷമാകും കുടുംബാംഗങ്ങൾക്ക് കൈമാറുകയെന്ന് സേനാ വക്താവ് അറിയിച്ചു.

അടുത്ത കാലത്തായി നടക്കുന്ന ഇത്തരത്തിലെ മൂന്നാമത് സംഭവമാണിത്. യുവാക്കളെ കാണുന്നില്ലെന്നറിഞ്ഞ് ഇവരിൽ ഒരാളുടെ സഹോദരനാണ് സമൂഹമാദ്ധ്യമങ്ങളിൽ ചൈനീസ് പട്ടാളം ഇവരെ തട്ടിയെടുത്തു എന്നറിയിച്ചത്. കോൺഗ്രസ് നേതാവും എം.എൽ.എയുമായ നിനോംഗ് എറിംഗാണ് സംഭവം ദേശീയ തലത്തിൽ ശ്രദ്ധ നേടാൻ ഇടയാക്കിയത്. അരുണാചൽ ഈസ്‌റ്റ് എം.പിയും ബിജെപി നേതാവുമായ തപിർ ഗാഓയും സംഭവം പുറംലോകത്തെ അറിയിച്ചു.