kim-jong-un

പ്യോഗ്യാംഗ്: ഡിന്നർ പാർട്ടിക്കിടെ നടന്ന സ്വകാര്യ ചർച്ചയിൽ ഉത്തരകൊറിയയിലെ നിലവിലെ സാമ്പത്തിക നയങ്ങളെ വിമർശിച്ചതിന്, ധനകാര്യ വകുപ്പിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ ഭരണകൂടം വെടിവച്ചു കൊന്നതായി ദക്ഷിണ കൊറിയയിൽ നിന്ന് ഉത്തരകൊറിയൻ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ഡെയ്‌ലി എൻ.കെ പത്രം റിപ്പോർട്ട് ചെയ്തു.

ഈ ഉദ്യോഗസ്ഥർക്കൊപ്പം ഒരേ ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ച ജൂനിയർ ഓഫീസർ തന്റെ സീനിയർ ഓഫീസേഴ്സിന്റെ സംഭാഷണങ്ങൾ സുപ്രീം ലീഡർ കിം ജോംഗ് ഉന്നിന്റെ കാതിൽ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ഇവർ ഭരണത്തിന് ഭീഷണിയാണെന്ന് കിം പറഞ്ഞതായും ജൂലായ് 30ന് ഇവരെ വെടിവച്ച് കൊലപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്. ഈ ഉദ്യോഗസ്ഥർക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും ഉത്തരകൊറിയയിലെ ഏറെ കുപ്രസിദ്ധമായ 'ക്യാമ്പ് 15 ' എന്നറിയപ്പെടുന്ന ഗുലാഗ് സെന്ററിലേക്ക് പറഞ്ഞയയ്ക്കപ്പെട്ടു. ഈ പ്രിസൺ ക്യാമ്പ് ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ പാർപ്പിക്കുന്ന ഇടമാണ്. അതിനുള്ളിൽ നടക്കുന്ന പീഡനങ്ങളും, അടിമപ്പണിയും, ലൈംഗിക ചൂഷണങ്ങളും ഒക്കെ ഒട്ടേറെ പരാതികൾക്ക് മുമ്പും കാരണമായിട്ടുണ്ട്.

അതിനിടെ വെള്ളിയാഴ്ച ഉത്തരകൊറിയയിൽ പ്രളയം നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിക്കുന്ന കിമ്മിന്റെ ചിത്രങ്ങൾ പുറത്തുവന്നു. 49 ദിവസം തുടർച്ചയായി പെയ്ത മഴയിലും കൊടുങ്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായ പ്രദേശമാണ് ടെച്ചോങ്-റി. ഇവിടെ നിരവധിപ്പേർ പ്രളയത്തിൽ കൊല്ലപ്പെട്ടതായും, 17,000ത്തോളം പേർക്ക് വീടുകൾ നഷ്ടമായെന്നുമാണ് റിപ്പോർട്ട്. വ്യാപക കൃഷിനാശവുമുണ്ടായി.