ലിമ: ഓഫീസിലെ അഴിമതികൾ മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നാരോപിച്ച് പെറു പ്രസിഡന്റ് മാർട്ടിൻ വിസ്ക്കാരെയ്ക്കെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കമായി. ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പാർലമെന്റിൽ പാസായി.
49,500 ഡോളറിന്റെ സർക്കാർ കരാറുകൾ ഗായകനായ റിച്ചാർഡ് സിസെൻറോസിന് നൽകിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് നടപടികൾ. കൊവിഡ് അതിരൂക്ഷമായി തുടരുന്നതിനിടെയാണ് വൻ തുക നൽകി ഗായകനെ സാംസ്കാരിക ഉപദേഷ്ടാവായി നിയമിച്ചത്.
പ്രതിപക്ഷ നേതാവായ ഇഡഗാർ ആൽറോൺ മൂന്ന് വോയ്സ് ക്ലിപ്പുകൾ പുറത്ത് വിട്ടതോടെയാണ് പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം ശക്തമായത്. 49,500 ഡോളർ ഗായകന് നൽകാനുള്ള തീരുമാനം രഹസ്യമായിരിക്കണമെന്ന് അടുത്ത അനുയായിയോട് മാർട്ടിൻ ആവശ്യപ്പെടുന്നതിൻെറ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.
വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച പ്രമേയത്തെ 65 പേർ അനുകൂലിച്ചപ്പോൾ 35 പേർ എതിർത്തു. 24 പേർ വിട്ടുനിന്നു. 130 അംഗ കോൺഗ്രസിൽ 52 പേരുടെ പിന്തുണയാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിന് വേണ്ടത്. പ്രസിഡന്റിനെ നീക്കാൻ 84 പേർ പിന്തുണയ്ക്കണം.പാർലമെന്റിൽ ഒമ്പതിൽ ആറ് പാർട്ടികളും പ്രമേയത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്.
രാജി വയ്ക്കില്ല
ഞാനൊരിക്കലും രാജി വയ്ക്കില്ല. എനിയ്ക്ക് പെറുവിനോട് പ്രതിബദ്ധതയുണ്ട്. എന്റെ അധികാരം അവസാനിക്കുന്ന ദിവസം വരെ ഞാൻ എന്റെ കടമ ചെയ്യും.
-മാർട്ടിൻ വിസ്കാരെ