സോഷ്യൽ മീഡിയയിലെയും തങ്ങളുടെ കരിയറിലെയും തിളങ്ങുന്ന താരങ്ങളാണ് ബോളിവുഡ് താരം അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയ്ക്കും. ഇരുവർക്കും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്താൻ പോവുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. അടുത്തിടെയാണ് അച്ഛനും അമ്മയും ആകാൻ പോകുന്ന വിവരം അനുഷ്കയും വിരാടും സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. അടുത്ത ജനുവരിയിൽ കുഞ്ഞെത്തുമെന്നാണ് ഇരുവരും അറിയിച്ചത്.
ഇപ്പോഴിതാ, അനുഷ്കയുടെ ഏതാനും കുട്ടിക്കാലചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
ഉത്തർപ്രദേശിലെ അയോദ്ധ്യയിലാണ് അനുഷ്കയുടെ ജനനം. അനുഷ്കയുടെ പിതാവ് അജയ് കുമാർ ശർമ്മ ആർമിയിൽ കേണലാണ്. അമ്മ അഷിമ ശർമ്മ. സഹോദരൻ കർണേഷ് ശർമ്മ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. ഒരു നടിയെന്നു പറയുന്നതിനേക്കാൾ തനിക്ക് അഭിമാനം ഒരു ആർമി ഓഫീസറുടെ മകളാണെന്ന് പറയുന്നതിലാണെന്ന് ഒരിക്കൽ അനുഷ്ക പറഞ്ഞിരുന്നു. താനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ അച്ഛന്റെ ആർമി ജീവിതം ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് അനുഷ്ക പറഞ്ഞത്. 2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു അനുഷ്കയുടേയും വിരാടിന്റെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് മുംബൈയിലും ഡൽഹിയിലും വച്ച് വിവാഹ സൽക്കാരം നടത്തിയിരുന്നു. 2018ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിലാണ് അനുഷ്ക ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ കത്രീന കൈഫ് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തിയിരുന്നു. അഭിനയത്തിനു പുറമെ സിനിമ നിർമാണ രംഗത്തേക്കും കാലെടുത്തുവച്ച അനുഷ്ക, പാതാൾ ലോക്, ബുൾബുൾ എന്നീ വെബ്‌സീരീസുകളും നിർമിച്ചു. പാതാൾ ലോക് ആമസോൺ പ്രൈമിലും ബുൾബുൾ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്. രണ്ടു സീരീസുകളും ആരാധകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.