india

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെയിലും പ്രതീക്ഷയേകി രോഗമുക്തി നിരക്കും വർദ്ധിക്കുന്നു. വെള്ളിയാഴ്ച മാത്രം 81,533 പേരാണ് ആശുപത്രി വിട്ടത്. ഇതിൽ 60 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. രാജ്യത്ത് രോഗമുക്തി നിരക്കിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്നതും ഈ അഞ്ച് സംസ്ഥാനങ്ങളാണ്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നിരക്ക് 77.77 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 36,24,196 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മുക്തി നേടിയത്.

ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗികളുള്ള മഹാരാഷ്ട്രയിൽ 14,000 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം ഭേദമായത്. കർണാടകയിൽ 12,000 പേർ കൊവിഡ് മുക്തരായി. പ്രതിദിന കൊവിഡ് മുക്തരുടെ നിരക്കിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. പരിശോധനാ സംവിധാനം ഉയർന്നതും വളരെ വേഗം രോഗനിർണയം നടത്താൻ സാദ്ധ്യമാകുന്നതുമാണ് രോഗമുക്തി നിരക്ക് ഉയരാൻ കാരണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ 46.59 ലക്ഷം പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9,58316 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ്. 24,000ത്തിലേറെ കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. ആന്ധ്രയിലും കർണാടകയിലും 9,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് 1.66 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,201 പേരാണ് മരിച്ചത്. ഇതിൽ 36 ശതമാനം മഹാരാഷ്ട്രയിൽ നിന്നാണ്. 442 പേർ. കർണാടകയിൽ 130 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള ആകെ മരണനിരക്കിൽ 69 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ക‌ർണാടക, ആന്ധ്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ്.