സന: തങ്ങളുടെ സമപ്രായക്കാരായ കുട്ടികൾ ആഭ്യന്തര യുദ്ധക്കെടുതികളിൽപ്പെട്ട് ദുരിതമനുഭവിക്കുകയാണെന്ന് അറിഞ്ഞപ്പോൾ ആറു വയസുകാരും ഉറ്റ ചങ്ങാതിമാരുമായ അയാൻ മൂസയ്ക്കും മിഖായേൽ ഇസ്ഹാഖിനും വെറുതെ ഇരിക്കാനായില്ല. തങ്ങളെ കൊണ്ടാവുന്ന വിധം കുട്ടികളെ സഹായിക്കാൻ നാരങ്ങാ വെള്ളം വിറ്റ് പണമുണ്ടാക്കുകയാണ് ഇരുവരും.
ഈസ്റ്റ് ലണ്ടനിലെ ഈ കൊച്ചുമിടുക്കന്മാർ ദുരിത വാർത്തകൾ അറിയുന്നത് മാതാപിതാക്കളിൽ നിന്നാണ്. കുട്ടികളാണ് യമനിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നതെന്നും അവർക്ക് മനസിലായി. സമപ്രായക്കാരായ കുട്ടികൾ ദുരിതമനുഭവിക്കുന്നതോർത്ത് നിഷ്കളങ്കരായ ആ കുട്ടികൾ ഒരുപാട് വേദനിച്ചു. അവരെ എങ്ങനെ സഹായിക്കാം എന്ന ചിന്തയിൽ നിന്നാണ് ഇവർ കൊച്ചു സംരംഭം ആരംഭിച്ചത്.
അങ്ങനെ, രണ്ടുപേരും ചേർന്ന് വീടിന് മുന്നിലെ തെരുവിൽ കച്ചവടം തുടങ്ങി. മാതാപിതാക്കളുടെ സഹായത്തോടെ ഇവർ വീഡിയോകൾ നിർമ്മിക്കുകയും സഹപാഠികളോടും മറ്റും ഇവിടേക്ക് വരാനാവശ്യപ്പെടുകയും ചെയ്തു.
സഹായത്തിന് ആഞ്ജലീനയും
ഹോളിവുഡ് നടി ആഞ്ജലീന ജോളി ബി.ബി.സി ന്യൂസ് വെബ്സൈറ്റിൽ കുട്ടികളുടെ പ്രചാരണത്തെക്കുറിച്ച് വായിക്കുകയും അവർക്ക് ഒരു കുറിപ്പ് അയയ്ക്കുകയും ചെയ്തു. ലണ്ടനിൽ വരുമ്പോൾ തങ്ങളുടെ നാരങ്ങാവെള്ളം കുടിക്കാൻ തീർച്ചയായും വരണമെന്ന് കുട്ടികൾ വീഡിയോയിലൂടെ ആഞ്ജലീനയെ അറിയിക്കുകയും ചെയ്തു. ആഞ്ജലീനയുടെ സഹായം ഉൾപ്പടെ ധനസമാഹരണം ഇതുവരെ 67,000 ഡോളർ പിന്നിട്ടുവെന്ന് അയാന്റെ മാതാവ് അദീല മൂസ പറയുന്നു.
ഇത്രയധികം പണം സ്വരൂപിക്കുന്നത് ആശ്ചര്യകരമാണ്. മാത്രമല്ല ഞങ്ങൾ ടിവിയിൽ വരുന്നതിനാൽ യെമനെക്കുറിച്ച് ആളുകളിൽ അവബോധം വളർത്താനും കഴിയുന്നു. ഞങ്ങൾ പണം സ്വരൂപിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം.
- അയാൻ