afgan-thaliban

ദോഹ: പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനിൽ സമാധാനം കൊണ്ടുവരിക എന്ന ലക്ഷ്യത്തിനായുള്ള അഫ്ഗാൻ സർക്കാർ- താലിബാൻ സുപ്രധാന ചർച്ചകൾക്ക് ഇന്നലെ തുടക്കമായി.ഖത്തർ തലസ്ഥാനമായ ദോഹയിലാണ് ഭീകരസംഘടനയായ താലിബാനുമായുള്ള സമാധാന ചർച്ചകൾ നടക്കുന്നത്.എത്രയും വേഗം അഫ്ഗാൻ മണ്ണിലെ അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും താലിബാനുമായി മനുഷ്യത്വപരമായ വെടിനിറുത്തലിന് പൂർണ സമ്മതമെന്നും അഫ്ഗാൻ ഗവൺമെന്റിന്റെ മുഖ്യ മദ്ധ്യസ്ഥൻ അബ്ദുള്ള അബ്ദുള്ള ചർച്ചയിൽ വ്യക്തമാക്കി.

'യുദ്ധത്തിനും സഹനത്തിനും അവസാനം കുറിച്ച ദിവസമെന്ന് രാജ്യത്തിന്റെ ചരിത്രം ഇന്നത്തെ ദിവസത്തെ വിശേഷിപ്പിക്കുമെന്നും' അബ്ദുള്ള കൂട്ടിച്ചേർത്തു.

താലിബാൻ നേതാവ് മുല്ല അബ്ദുൾ ഘാനി ബറാദാറിന് രാജ്യത്ത് ഇസ്ളാമിക് സിസ്റ്റം നടപ്പാക്കണമെന്നാണ് പറയാനുണ്ടായിരുന്നത്.

'വ്യക്തിതാത്പര്യങ്ങൾക്കായി ഇസ്ളാമിക് നിയമങ്ങളെ ത്യജിക്കരുതെന്നും എല്ലാ കരാറുകളും ഇസ്ളാമിക് നിയമം അനുസരിച്ചായിരിക്കണമെന്നുമാണ്' താലിബാൻ ആവശ്യപ്പെടുന്നതെന്ന് ഘാനി വ്യക്തമാക്കി.

ഇതാദ്യമായാണ്​ അഫ്​ഗാൻ സർക്കാരും താലിബാൻ പ്രതിനിധികളും തമ്മിൽ നേരിട്ട്​ ചർച്ച നടത്തുന്നത്​. ഈ വർഷം ആദ്യം തയ്യാറാക്കിയ അമേരിക്കൻ - താലിബാൻ കരാർ പ്രകാരം അമേരിക്കൻ

സൈന്യത്തെ അഫ്ഗാനിൽ നിന്ന് പിൻവലിക്കാനുള്ള ധാരണയ്ക്ക് ശേഷമുള്ള അടുത്ത പടിയായാണ് അഫ്ഗാൻ ഗവൺമെന്റും അമേരിക്കയും താലിബാനും ഉൾപ്പെട്ട സമാധാന ചർച്ച നടക്കുന്നത്.

രാജ്യം ഭരിക്കുന്നത് അമേരിക്കയുടെ പാവ സർക്കാരാണ്​ എന്ന വിമർശനമുന്നയിച്ചായിരുന്നു ​ നേരത്തെ താലിബാൻ ചർച്ചകളിൽ നിന്നും വിട്ടുനിന്നത്.

സാധാരണക്കാരുൾപ്പെടെ പതിനായിരങ്ങളുടെ മരണത്തിനും, രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന സംഘർഷങ്ങളും, മൂന്ന് യു.എസ് പ്രസിഡന്റുമാരുടെ കാലത്ത് നീണ്ടു നിന്ന അധിനിവേശവും കണ്ട അഫ്ഗാനിൽ സമാധാനം പുലരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

 പ്രതീക്ഷയോടെ ഇന്ത്യ

താലിബാനുമായുള്ള സമാധാന ചർച്ചയെ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. അഫ്ഗാൻ ഗവൺമെന്റിനെ പിന്തുണക്കുന്ന ഇന്ത്യ, സമാധാന ചർച്ച അഫ്ഗാൻ ഗവൺമെന്റിന്റെ നേതൃത്വത്തിലായിരിക്കണം എന്ന നിലപാടാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അഫ്ഗാൻ മണ്ണ് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.

അഫ്ഗാനിൽ താലിബാനെ അധികാരത്തിലെത്തിച്ച്, പിൻസീറ്റ് ഡ്രൈവിംഗ് നടത്താനാണ് പാകിസ്ഥാന്റെ ശ്രമമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.

ഇന്ത്യയേയും അഫ്ഗാനിലെ ഇന്ത്യൻ താത്പര്യങ്ങളേയും ലക്ഷ്യം വയ്ക്കുന്ന ഭീകര ഗ്രൂപ്പുകളുമായി താലിബാനുള്ള ബന്ധവും പ്രശ്നങ്ങളിലൊന്നാണ്.